കരുണക്കടലൊഴുകി; ഒന്നര വയസ്സുകാരനുവേണ്ടി സ്വരൂപിച്ചത് പതിനാലര കോടി രൂപ
text_fieldsദുബൈ: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ഒന്നര വയസ്സുകാരന്റെ ചികിത്സക്കായി നാല് ദിവസത്തിനുള്ളിൽ സ്വരൂപിച്ചത് 66 ലക്ഷം ദിർഹം (14.5 കോടി രൂപ). അബ്ദുൽകരീം അബ്ദുല്ല എന്ന വിദേശ പൗരന്റെ മകനായ മുഹൈബിനു വേണ്ടിയാണ് സുമനസ്സുകൾ കൈകോർത്തത്. യു.എ.ഇയുടെ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയുടെ ആഹ്വാനപ്രകാരമാണ് പ്രവാസികൾ ചേർന്ന് ദിവസങ്ങൾക്കുള്ളിൽ ചികിത്സ തുക സ്വരൂപിച്ചത്.
2021 മേയിൽ ജനിച്ച മുഹൈബിനെ കഴിഞ്ഞ വർഷം ജനുവരിയിലാണ് ദുബൈ അൽ ജലീലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ചിലാണ് എസ്.എം.എ ബാധിതനാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സോൾജെസ്മ കുത്തിവെപ്പ് മാത്രമായിരുന്നു ഏക ആശ്രയം. കുത്തിവെപ്പിന് 80 ലക്ഷം ദിർഹം വേണമെന്നറിയിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ആശുപത്രി അധികൃതരുടെ സഹായവും കഴിഞ്ഞ് 66 ലക്ഷം ദിർഹമുണ്ടെങ്കിലേ കുത്തിവെപ്പെടുക്കാൻ കഴിയൂ എന്ന അവസ്ഥയായി. മാസം 6000 ദിർഹം ശമ്പളമുള്ള അബ്ദുല്ലക്ക് താങ്ങാവുന്നതായിരുന്നില്ല ഈ ചിലവ്. ഷാർജയിൽ ചെറിയൊരു സ്റ്റുഡിയോ അപ്പാർട്മെന്റിൽ വാടകക്ക് താമസിക്കുന്ന അബ്ദുല്ല വിവിധ ജീവകാരുണ്യ സംഘടനകളുടെ സഹായം തേടി.
വിവിധ സംഘടനകൾ ചേർന്ന് 26 ലക്ഷം ദിർഹം സ്വരൂപിച്ചു. ബാക്കി 40 ലക്ഷം ദിർഹം ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ സ്വരൂപിച്ച് നൽകുകയായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ മുഹൈബിന് കുത്തിവെപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.