ഇന്റർനാഷനൽ ലീഗ് ടി 20 ടീമിൽ ഇടംപിടിച്ച് മലയാളി താരങ്ങൾ
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്റർനാഷനൽ ലീഗ് ടി 20യിലെ ടീമുകളിൽ ഇടംപിടിച്ച് യു.എ.ഇ ദേശീയ താരങ്ങളായ മലയാളി താരങ്ങൾ. യു.എ.ഇ നായകൻ സി.പി. റിസ്വാൻ ഗൾഫ് ജയന്റ്സിനായാണ് പാഡണിയുന്നത്. ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമാണിത്. മറ്റൊരു ഇന്ത്യൻ താരമായ അയാൻ ഖാനും ഈ ടീമിൽ തന്നെ ഇടം പിടിച്ചു.
അതേസമയം, മറ്റൊരു മലയാളി താരമായ ബാസിൽ ഹമീദ് എം.ഐ എമിറേറ്റ്സിനായാണ് കളത്തിലിറങ്ങുന്നത്. പ്രമുഖ ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ടീമാണ് എം.ഐ. എമിറേറ്റ്സ്. മുഹമ്മദ് വസീം, വൃത്യാ അരവിന്ദ്, സഹൂർ ഖാൻ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ. മറ്റൊരു മലയാളി താരം അലിഷാൻ ഷറഫു ഷാർജ വാരിയേഴ്സിൽ ഇടം നേടി. തമിഴ്നാട്ടിൽ നിന്നുള്ള യു.എ.ഇ താരം കാർത്തിക് മെയ്യപ്പനും ജുനൈദ് സിദ്ധീഖിയും ഈ ടീമിലുണ്ട്.
യു.എ.ഇ താരങ്ങൾക്ക് ലോക ക്രിക്കറ്റർമാരോടൊപ്പം ഒരുമിച്ച് കളിക്കാനുള്ള അവസരമാണ് ഐ.എൽ.ടി 20 ഒരുക്കുന്നത്. വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര താരങ്ങൾ ടീമിൽ അണിനിരക്കും. നിശ്ചിത ശതമാനം യു.എ.ഇ താരങ്ങൾ ഓരോ മത്സരത്തിനുമുണ്ടാകും. ഐ.പി.എൽ മാതൃകയിൽ നടത്തുന്ന ടൂർണമെന്റിൽ ആറ് ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. ഇതിൽ ഭൂരിപക്ഷവും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യക്കാരാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള അബൂദബി നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപ്പിറ്റൽസിന്റെ ദുബൈ കാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസിന്റെ എം.ഐ. എമിറേറ്റ്സ്, അദാനിയുടെ ഗൾഫ് ജയന്റ്സ്, ഇന്ത്യൻ കമ്പനിയായ കാപ്രി ഗ്ലോബലിന്റെ ടീമായ ഷാർജ വാരിയേഴ്സ് എന്നിവ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന ടീമുകളാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഉടമകളായ ലാൻസർ കാപ്പിറ്റൽസിന്റെ ടീമാണ് ഡസർട്ട് വൈപ്പേഴ്സ്.മൊഈൻ അലി, ആന്ദ്രെ റസൽ, ഡേവിഡ് മലൻ, ഹസരംഗ, സുനിൽ നരൈൻ, എവിൻ ലൂയിസ്, ഹെയ്റ്റ്മെയർ, ക്രിസ് ലിൻ, മുജീബുർ റഹ്മാൻ തുടങ്ങി വമ്പൻ താരനിരയാണ് കളിക്കാൻ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.