ദുബൈയുടെ മയക്കുമരുന്ന് വിരുദ്ധ നയങ്ങൾക്ക് അന്താരാഷ്ട്ര അഭിനന്ദനം
text_fieldsദുബൈ: മയക്കുമരുന്ന് കടത്ത് തടയാൻ ദുബൈ പൊലീസ് നടത്തുന്ന നീക്കങ്ങൾക്കും നയങ്ങൾക്കും അന്താരാഷ്ട്ര മയക്കുമരുന്ന് നിയന്ത്രണ ബോർഡി (ഐ.എൻ.സി.ബി) ന്റെ അഭിനന്ദനം. ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഐ.എൻ.സി.ബി അംഗങ്ങൾ ദുബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. ശനിയാഴ്ച ദുബൈയിലെത്തിയ പ്രതിനിധി സംഘത്തെ ജനറൽ ഡിപാർട്ട്മെന്റ് ഫോർ ആന്റി നാർകോട്ടിക്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അലി ബിൻ മുവൈസ സ്വാഗതം ചെയ്തു. ഹെമേയ ഇന്റർനാഷനൽ സെന്റർ ഡയറക്ടർ കേണൽ ഡോ. അബ്ദുറഹ്മാൻ ശറഫ് അൽ മംറി, ഇന്റർനാഷനൽ പ്രോഗ്രാംസ് ഡിപാർട്ട്മെന്റ് തലവൻ ക്യാപ്റ്റൻ അഹമ്മദ് സായിദ് അൽ ബുസൈദി, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും വൈദഗ്ധ്യവും വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള വഴികളും ഇരു കക്ഷികളും ചർച്ച ചെയ്തു.
വിവിധ രൂപത്തിലുള്ള സംഘടിത അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും മയക്കുമരുന്ന് വിരുദ്ധ മേഖലയിലെ ഉദ്യോഗസ്ഥർക്കായി വിപുലമായ പുനരധിവാസ കോഴ്സുകൾക്കായി തയാറെടുക്കുന്നതിനുമുള്ള വെല്ലുവിളികളും യോഗത്തിൽ അവലോകനം ചെയ്തു. മയക്കുമരുന്ന് കടത്തിലും കള്ളക്കടത്തിലും ഉൾപ്പെട്ടിരിക്കുന്ന വലിയ അന്താരാഷ്ട്ര ശൃംഖലകളെ തകർക്കുന്നതിനായി യു.എ.ഇ മറ്റ് രാജ്യങ്ങളുമായി ചേർന്ന് നടത്തിയ ശ്രമങ്ങളും അതിന്റെ ഫലങ്ങളും ബ്രിഗേഡിയർ ഖാലിദ് ബിൻ മൊവൈസ യോഗത്തിൽ വിശദീകരിച്ചു. ബോർഡിന്റെ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ആമുഖ വിലയിരുത്തൽ ഐ.എൻ.സി.ബി പ്രതിനിധി യോഗത്തിൽ അവതരിപ്പിച്ചു. മയക്കുമരുന്ന് തടയുന്നതിന് ‘ഗ്ലോബൽ റാപിഡ്’ എന്ന പേരിലുള്ള പ്രത്യേക സഹകരണ പ്രോഗ്രാമും അദ്ദേഹം അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾക്കിടയിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനായി ‘ഐ.ഒ.എൻ.ഐ.സി.എസ്’ എന്ന പ്ലാറ്റ്ഫോമിന്റെ ഉപയോഗത്തെ കുറിച്ചും മയക്കുമരുന്ന് കടത്തിന്റെ നീക്കങ്ങൾ ട്രാക് ചെയ്യാൻ ഇവ എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.