അന്താരാഷ്ട്ര റെഡ് ക്രോസ് മേധാവിയും ശൈഖ് അബ്ദുല്ലയും കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: അന്താരാഷ്ട്ര റെഡ് ക്രോസ് പ്രസിഡന്റ് മിർജാന സ്പോൾ ജാറിക് ഇഗറും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ജനീവയിൽ കൂടിക്കാഴ്ച നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കൂട്ടായ്മയുമായി സഹകരിക്കുന്നതിനും ഗസ്സ, സിറിയ, യുക്രെയ്ൻ, സുഡാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ സഹായമെത്തിക്കുന്നതുമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്. ദുരിതബാധിത മേഖലകളിൽ സഹായമെത്തിക്കുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളും ഗസ്സയിൽ സഹായമെത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതും ഇരുവരും സംസാരിച്ചു. അതോടൊപ്പം ഫലസ്തീൻ ജനതയുടെ ജീവൻ സംരക്ഷിക്കാനും സഹായമെത്തിക്കാനും സുസ്ഥിരമായ വെടിനിർത്തൽ കരാർ സംബന്ധിച്ച് നടക്കുന്ന ചർച്ചകളും ഇരുവരും പരാമർശിച്ചു. എല്ലാ സാധ്യമായ വഴികളും ഉപയോഗിച്ച് അന്താരാഷ്ട്ര റെഡ് ക്രോസ് മാനുഷിക സഹായമെത്തിക്കുന്നതിന് നടത്തിവരുന്ന പരിശ്രമങ്ങളെ ശൈഖ് അബ്ദുല്ല അഭിനന്ദിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ ചുമതലയുള്ള അസി. വിദേശകാര്യമന്ത്രി സഈദ് അൽ ഹജ്രി, യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ജമാൽ അൽ മുശാറഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.