അന്താരാഷ്ട്ര യോഗദിനാഘോഷം; സൗജന്യ യാത്രഒരുക്കി ഇന്ത്യൻ എംബസി
text_fieldsഅബൂദബി: ചൊവ്വാഴ്ച വൈകീട്ട് ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര യോഗദിനാഘോഷത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് സൗജന്യ യാത്രാസൗകര്യവുമായി അബൂദബി ഇന്ത്യൻ എംബസി.
അബൂദബി സിറ്റി മുനിസിപ്പാലിറ്റി, ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ (സലാം സ്ട്രീറ്റ്) ഗേറ്റ് 12 എന്നിവിടങ്ങളിൽനിന്നാണ് സൗജന്യ ബസ് സർവിസ്. വൈകീട്ട് അഞ്ചു മുതൽ ആറരവരെയാണ് ബസ്. രജിസ്റ്റർ ചെയ്തവർ നിശ്ചിത സമയത്ത് വാഹനത്തിനു സമീപമെത്തണം. ആദ്യം വരുന്നവർ ആദ്യം എന്ന ക്രമത്തിലാവും സർവിസ് നടത്തുക.
അൽഹോസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെയേ പങ്കെടുപ്പിക്കൂ. സ്റ്റേഡിയത്തിൽ എത്തുന്നതോടെ രജിസ്ട്രേഷൻ ഡെസ്കിൽനിന്ന് ഇവർക്ക് യോഗ ടീഷർട്ട് നൽകും. ഗ്രൗണ്ടിൽ യോഗ മാറ്റിനൊപ്പം കുടിവെള്ളവും എനർജി ഡ്രിങ്കും വെച്ചിട്ടുണ്ടാവും.
രാത്രി 8.40 മുതലാണ് മടക്കയാത്ര തുടങ്ങുക. സ്റ്റേഡിയത്തിൽ നടക്കുന്ന യോഗദിന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിനായി സന്ദർശിക്കുക https://www.premieronline.com/event/8th_international_yoga_day_5995 . ലൂവ് റെ അബൂദബി, ചിൽഡ്രൻസ് മ്യൂസിയം എന്നിവിടങ്ങളിലും ഇന്ന് യോഗ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് ചിൽഡ്രൻസ് മ്യൂസിയത്തിൽ നടക്കുന്ന യോഗ കുടുംബങ്ങൾക്കായാണ് സംഘടിപ്പിച്ചത്. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ് യാൻ ബിൻ മുബാറക് അൽ നഹ് യാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കുമെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.