അബൂദബിയിൽ ഗതാഗത മേഖലയില്‍ നിക്ഷേപാവസരം
text_fieldsഅബൂദബി: ഗതാഗത മേഖലയില്‍ വന്‍ നിക്ഷേപ അവസരവുമായി അബൂദബി സാമ്പത്തിക വികസന വകുപ്പ്. 2027ഓടെ 1,104 കോടി ദിര്‍ഹമിന്റെ നിക്ഷേപം നടത്തുന്നതിനുള്ള അവസരമാണ് ഗതാഗത രംഗത്തുള്ളതെന്ന് വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കര, വ്യോമ, കടല്‍ മാര്‍ഗമുള്ള ഭാവിയിലെ സ്മാര്‍ട്ട്, സ്വയംനിയന്ത്രിത വാഹന സൗകര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമായ ‘ഡ്രിഫ്റ്റ് എക്സി’ലാണ് നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സആബി പറഞ്ഞത്. ആഗോള ഗതാഗതത്തിനും മൊബിലിറ്റിക്കും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനായി 2023ല്‍ അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് (എ.ഡി.ഐ.ഒ) സ്ഥാപിച്ച സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് വെഹിക്കിള്‍ ഇന്‍ഡസ്ട്രിയുടെ (എസ്.എ.വി.ഐ) പിന്തുണയോടെയാണ് ‘ഡ്രിഫ്റ്റ് എക്സ്’ സംഘടിപ്പിക്കുന്നത്. എമിറേറ്റ്‌സിന്റെ വ്യവസായ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാകും ഗതാഗത രംഗത്ത് കൈവന്നിരിക്കുന്ന നിക്ഷേപ അവസരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023ല്‍ അബൂദബിയുടെ നിര്‍മാണ രംഗത്തിന്റെ മൂല്യം 101 ബില്യൺ ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്. ഇത് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് 8.8 ശതമാനവും എണ്ണയിതര മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് 16.5 ശതമാനവും സംഭാവന നല്‍കുകയുണ്ടായി. ഗതാഗത രംഗത്തെ വന്‍ വളര്‍ച്ച അബൂദബിയുടെ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിര്‍ണായക പങ്കുവഹിക്കും. കമേഴ്സ്യല്‍ ഡ്രോണുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറുകള്‍, ഓട്ടോമോട്ടിവ് ബാറ്ററി സംവിധാനങ്ങള്‍, വിമാനങ്ങളുടെ ലാന്‍ഡിങ് ഗിയറുകള്‍, ഇ-സ്‌കൂട്ടറുകള്‍, ഓട്ടോമേറ്റിവ് ടയറുകള്‍ തുടങ്ങിയവയുടെ വികസനവും നിര്‍മാണവും അടക്കമുള്ളവക്കാണ് ഗതാഗതരംഗത്ത് നിക്ഷേപം സ്വീകരിക്കുന്നത്.
എമിറേറ്റിന്റെ വ്യാവസായിക സാഹചര്യത്തെ മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി 2023ല്‍ അബൂദബി ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി (എ.ഡി.ഐ.എസ്) ആരംഭിച്ച സംരംഭമായ അബൂദബി ചാനല്‍ പാര്‍ട്ണേഴ്സ് പ്രോഗ്രാം ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയത്. ഭക്ഷ്യസംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെഷിനറികള്‍, ഉപകരണങ്ങള്‍, ഗതാഗതം എന്നീ ഏഴ് ഉല്‍പാദന ഉപ മേഖലകളില്‍ 123.3 ബില്യണ്‍ ദിര്‍ഹത്തിന്റെ സംയോജിത വിപണി മൂല്യമുള്ള 100 നിക്ഷേപ അവസരങ്ങളാണ് അബൂദബി ചാനല്‍ പാര്‍ട്ണേഴ്സ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.