പുതു സംരംഭക പാഠങ്ങൾ പകർന്ന് ഐ.പി.എ 'ഇഗ്നൈറ്റ് 2022'
text_fieldsദുബൈ: യു.എ.ഇയുടെ വളര്‍ച്ചയിലും പുരോഗതിയിലും ഇന്ത്യക്കാരുടെയും മലയാളി ബിസിനസ് സമൂഹത്തിന്‍റെയും പങ്ക് മഹത്തരമാണെന്ന് ദുബൈ ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി ബിസിനസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് മേധാവി ഖാലിദ് അബ്ദുല്‍ റഹീം അല്‍ശൈബാനി. ഇന്‍റര്‍നാഷനൽ ബിസിനസ് പ്രമോട്ടേഴ്‌സ് അസോസിയേഷന്‍റെ (ഐ.പി.എ) ആഭിമുഖ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുടെ സഹകരണത്തില്‍ ദുബൈയില്‍ സംഘടിപ്പിച്ച 'ഇഗ്‌നൈറ്റ് 2022' ടെക് ഇന്‍വെസ്റ്റ്‌മെന്‍റിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വളര്‍ച്ചയുടെ ഭാവിഘട്ടത്തില്‍ അവഗണിക്കാനാവാത്ത മേഖലയായി സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തെ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളെ ദുബൈ പിന്തുണക്കുന്നുണ്ട്. ഈ ദിശയിലുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു
ഇഗ്നൈറ്റ് ബിസിനസ് എക്സിബിഷനോടുകൂടിയാണ് പരിപാടി തുടങ്ങിയത്. ഏറെ ശ്രദ്ധേയമായ പ്രദർശനത്തിന്‍റെ ഔപചാരിക ഉദ്ഘാടനം ഫൗണ്ടർ എ.കെ. ഫൈസലിന്‍റെ സാന്നിധ്യത്തിൽ ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദ്ദീൻ നിർവഹിച്ചു.
ഇരുപതോളം കമ്പനികൾ പങ്കാളികളായി. വ്യവസായികളുടെയും ഇൻവെസ്റ്റേഴ്സിന്‍റെയും പങ്കാളിത്തത്തോടെയാണ് സംരംഭക മീറ്റ് നടന്നത്.
നോളജ് ഇക്കണോമിയിലേക്ക് കാലം മാറുമ്പോൾ കേരളത്തിലടക്കമുള്ള മികച്ച സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപിക്കാൻ ഏറെ അവസരമുണ്ടെന്ന് കേരള സ്റ്റാർട്ടപ് മിഷൻ ഡയറക്ടർ പി.എം. റിയാസ് പറഞ്ഞു.
എയ്ഞ്ചല്‍ ഇൻവെസ്റ്റ്മെന്‍റിന്‍റെ ആവശ്യകതയെ കുറിച്ച് മലബാർ എയ്ഞ്ചല്‍ നെറ്റ്‍വർക്ക് ചെയർമാൻ ശൈലൻ സുഗുണൻ വിശദീകരിച്ചു. സംരംഭക രംഗത്തെ വെല്ലുവിളികളെ കുറിച്ചും ടെക്നോളജിയിലെ മാറ്റങ്ങളെ കുറിച്ചും ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ് സംസാരിച്ചു. ഐവയർ ഗ്രൂപ് ചെയർമാൻ അഹ്മദ് ഫഷീയത്ത്, സംരംഭകൻ ശിഹാബ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ മൂന്ന് പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചും നവ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം നടത്താൻ മുന്നോട്ടുവന്ന ഐവയർ ഗ്ലോബലിന്‍റെ ലോഗോ പ്രകാശനവും നടന്നു.
മലയാളി ബിസിനസ് ഡോട്‌കോം സി.ഇ.ഒ മുനീർ അൽ വഫാ, കേരള സ്റ്റാർട്ടപ് മിഷൻ പ്രതിനിധികളായ എൻ.എം. നാസിഫ്, റാസിഖ്, ജിനേഷ്, മുഹമ്മദ് റഫീഖ് അൽ മായാർ, സി.എ. ശിഹാബ് തങ്ങൾ തുടങ്ങിയവരും സംസാരിച്ചു. ഷാഹി നൂർ, ഹസൈനാര്‍ ചുങ്കത്ത്, ഫിറോസ് കരുമണ്ണില്‍, സമീർ പറവെട്ടി, നിജില്‍ ഇബ്രാഹിം കുട്ടി, ഫസലുറഹ്മാന്‍, ഷറഫുദ്ദീന്‍, ബിബി ജോണ്‍, ഷൈജു, നെല്ലറ ഷംസുദ്ദീൻ, മൻസൂർ ചിക്കിങ്, ഡോ. കാസിം, ചാക്കോ ഊളക്കാടന്‍ തുടങ്ങിയ നിരവധി സംരംഭകർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.