ഐ.പി.എ സ്വാതന്ത്ര്യദിനാഘോഷം 'ഇന്ത്യ@75' നാളെ
text_fieldsദുബൈ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി മലയാളി ബിസിനസ് നെറ്റ്വര്ക്കായ ഇൻറര്‍നാഷനല്‍ പ്രമോട്ടേഴ്സ് അസോസിയേഷന് (ഐ.പി.എ) വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'ഇന്ത്യ@75' എന്ന പേരില്‍ വെള്ളിയാഴ്ച ദുബൈ ഗ്രാന്‍ഡ് ഹയാത്തിലാണ് പരിപാടി.
രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ദുബൈ ഗോള്‍ഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് ചെയര്മാൻ തൗഹീദ് അബ്ദുല്ല, എം.എ. യൂസുഫലിയുടെ മകളും ടേബ്ള്‍സ് ഫുഡ് കമ്പനി സ്ഥാപകയും സി.ഇ.ഒയുമായ ഷഫീന യൂസുഫലി, വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകള്‍ ആമിന മുഹമ്മദലി, നടിയും നര്‍ത്തകിയുമായ ആശാ ശരത്, ഐ.ടി.എല്‍- കോസ്മോസ് ഗ്രൂപ് ചെയര്മാന് ഡോ. റാം ബുക്സാനി, പേസ് ഗ്രൂപ് ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, റീജന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചെയര്മാന് ഡോ. കെ.പി. ഹുസൈന്, സ്റ്റാര്‍ ടെക്നിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനി എം.ഡി ഹസീന നിഷാദ്, ഹാബിറ്റാറ്റ് സ്കൂള്‍സ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഷംസു സമാന് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലിനാണ് ഉദ്ഘാടനം. സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന ഇന്ത്യക്ക് പ്രവാസി ബിസിനസ് സമൂഹത്തിെൻറ സ്നേഹാശംസകള്‍ നേരാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐ.പി.എ ചെയര്മാന് വി.കെ. ഷംസുദ്ദീന് ഫൈന്‍ ടൂള്‍സ് അറിയിച്ചു.
'രാജ്യം ആദ്യം, എപ്പോഴും ആദ്യം' എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവാസി ബിസിനസ് സമൂഹം രാജ്യത്തിന് നല്കുന്ന നിസ്തുല സംഭാവനകളെ പ്രകീര്‍ത്തിക്കുന്ന ചടങ്ങാണിതെന്ന് ഐ.പി.എ സ്ഥാപകന്‍ എ.കെ. ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഐ.പി.എ ഉപയോക്താക്കള്‍ക്കുമാണ് പ്രവേശനം. ലോക്ഡൗൺ കാലത്ത് യു.എ.ഇയില്‍ കുടുങ്ങിയ നിര്‍ധന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നൂറിലധികം വിമാന ടിക്കറ്റുകളാണ് ഐ.പി.എ നല്‍കിയതെന്ന് മുന്‍ ചെയര്മാന് ഷംസുദ്ദീന് നെല്ലറ പറഞ്ഞു.
കേരളത്തിലെ പ്രളയത്തില്‍ വീട് തകര്‍ന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാനും ഈ കൂട്ടായ്മക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
സലീം മൂപ്പന്‍സ്, തങ്കച്ചന് മണ്ഡപത്തില്‍, മുനീര്‍ അല്‍വഫ, മുഹമ്മദ് റഫീഖ്, ജമാദ് ഉസ്മാന് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.