ഇറാൻ സംഘം ദുബൈയിൽ; സഹകരണം ചർച്ചയായി
text_fieldsദുബൈ: ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ശംഖാനിയുടെ നേതൃത്വത്തിൽ യു.എ.ഇ സന്ദർശനത്തിനെത്തിയ സംഘം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായും ചർച്ച നടത്തി. ദുബൈ സഅബീൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ചയായി.മേഖലയിലെ സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നതും പ്രാദേശികവും അന്തർദേശീയവുമായ പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പുതിയ അവസരങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം സംഘം അബൂദബിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തിയിരുന്നു. അൽ ശാത്വി കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു വിഭാഗങ്ങൾക്കും ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ, മേഖലയിൽ സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ചയായി. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദിയും ഇറാനും ചൈനയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച് ദിവസങ്ങൾക്കകം നടന്ന കൂടിക്കാഴ്ച വളരെ പ്രാധാന്യപൂർവമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുബൈയിലെ കൂടിക്കാഴ്ചയിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം, യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് എന്നിവരും പങ്കെടുത്തു.
2016ൽ സൗദി ഇറാനുമായുള്ള സഹകരണം വിച്ഛേദിച്ചതിനു പിന്നാലെയാണ് യു.എ.ഇ-ഇറാൻ ബന്ധവും കുറഞ്ഞത്. എന്നാൽ, 2021ൽ യു.എ.ഇ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ഇറാൻ സന്ദർശിക്കുകയും പ്രസിഡന്റ് ഇബ്രാഹീം റഈസിയുമായും ശംഖാനിയുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ വർഷം ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം സംബന്ധിച്ച് ഇറാൻ പ്രതിനിധി സംഘം അബൂദബിയിലെത്തി ചർച്ചനടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായ കൂടിക്കാഴ്ചകൾ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.