പ്രതീക്ഷകൾ കൊരുത്ത 'മീൻവല'യുമായി ഇറാഖ് പവലിയൻ
text_fieldsദുബൈ: ഇറാഖ് എന്ന പുരാതന സംസ്കാരങ്ങളുടെ മണ്ണ് സന്ദർശിച്ചവർ കാണാൻ കൊതിക്കുന്നതാണ് യൂഫ്രട്ടീസും ടൈഗ്രീസും. മെസപ്പൊട്ടോമിയയുടെ ജീവിതം ഈ രണ്ടു നദികളെ കേന്ദ്രീകരിച്ചാണുള്ളത്. നദികളിലെ സ്ഥിരം കാഴ്ചയാണ് 'സാലിയ' എന്ന മീൻവലകൾ.
ഇറാഖിലെ സാധാരണ കാഴ്ച എന്നതിനപ്പുറം, സമ്പത്തിെൻറയും വിജ്ഞാനത്തിെൻറയും നന്മയുടെയും പ്രതീകമെന്ന നിലയിലാണിത് അടയാളപ്പെടുത്തപ്പെടുന്നത്. ഈ 'സാലിയ'യിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എക്സ്പോ 2020 ദുബൈയിലെ ഇറാഖ് പവലിയെൻറ ബാഹ്യരൂപം ഡിസൈൻ ചെയ്തിരിക്കുന്നത്. റയാ ആനി എന്ന ആർകിടെക്ടാണിതിന് രൂപം നൽകിയിട്ടുള്ളത്.
മത്സ്യം പുനർജന്മത്തെയും സമൃദ്ധിയെയും പ്രതീകവത്കരിക്കുന്നതാണെന്നും പവലിയെൻറ ഘടനക്ക് മീൻവലയുടെ രൂപം നൽകിയതിലൂടെ ആഗോള വികസന പശ്ചാത്തലത്തിൽ പുതിയ ഇറാഖിനുള്ള ഭാവി അവസരങ്ങൾ പിടിച്ചെടുക്കുന്നതിനെ പ്രതിനിധീകരിക്കുകയാണ് ഇതെന്നും റയാ പറയുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന ഇറാഖിനെ പരിചയപ്പെടുത്താനുള്ള അവസരമാണ് എക്സ്പോ നൽകിയത്. ഭൂതകാലത്തെ അത്യസാധാരണമായ നേട്ടങ്ങളെ പ്രദർശിപ്പിച്ച്, ഭാവിയിലേക്ക് പ്രതീക്ഷ പൂർവം സഞ്ചരിക്കാനുള്ള ശ്രമത്തിലാണ് നാട് -അവർ പറഞ്ഞു.
ഓപർച്യൂനിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന പവലിയനകത്ത് രണ്ടു നദികളുടെ പാറ്റേണിലാണ് പ്രദർശനം. വ്യത്യസ്ത ബാഹ്യഭംഗിയുള്ള പവലിയൻ കാണാൻ ധാരാളം സന്ദർശകരാണ് എത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.