മരണമുഖത്തുനിന്ന് രക്ഷപ്പെട്ട ഭാഗ്യത്തിൽ ഇർഫാനും ഖദീജ നസ്റിനും
text_fieldsഷാർജ: കരിപ്പൂർ ദുരന്തത്തിന് ഒരു വയസ്സാകുമ്പോഴും ദുരിതത്തിൽനിന്ന് കരകയറാനായിട്ടില്ല മരണവായിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട പലർക്കും.
നട്ടെല്ലിന് പരിക്കേറ്റവർ, തണ്ടെല്ല് തകർന്നവർ, കൈയും കാലും ഒടിഞ്ഞവർ തുടങ്ങി നിരവധി പേരാണ് ആശുപത്രിയിലും വീട്ടിലുമായി കിടക്കുന്നത്. ദുരന്തരാത്രിയുടെ പിടിയിൽനിന്ന് മോചിതരാകാൻ കഴിഞ്ഞിട്ടില്ല പൊന്നാനി സ്വദേശി ഇർഫാനും ഭാര്യ മാറഞ്ചേരി സ്വദേശി ഖദീജ നസ്റിനും. രണ്ടുപേരും പരിക്കുകളോട് പൊരുതി നിൽക്കുകയാണ്. ഇതിനിടക്ക് ഇർഫാൻ ദുബൈയിലെ കമ്പനിയിലേക്ക് പോയെങ്കിലും വേദന അവിടെ നിൽക്കാൻ അനുവദിച്ചില്ല. രണ്ട് മാസത്തിനു ശേഷം പ്രവാസത്തോട് വിടപറഞ്ഞു. കിടപ്പിലായ ഭാര്യ മെല്ലെ നടക്കാൻ തുടങ്ങിയതാണ് സന്തോഷം.
അപകടം നടന്നയുടൻ മുകളിലെ സാധന-സാമഗ്രികൾ ദേഹത്ത് വീഴാൻ തുടങ്ങിയപ്പോൾ തന്നെ ഭാര്യയെ ആശ്വസിപ്പിക്കാനായി ഇർഫാെൻറ ശ്രമം. താൻ മനസ്സിൽ ചൊല്ലുന്ന കലിമ ഭാര്യ ഉറക്കെ ചൊല്ലാൻ തുടങ്ങിയിരുന്നു. ഇക്കാ നമ്മൾ മരിക്കാൻ പോവുകയാണെന്ന് പറയുമ്പോഴും ഖദീജ പതറിയിരുന്നില്ല. മൊബൈൽ വെളിച്ചത്തിൽ പരസ്പരം കണ്ടുകൊണ്ടിരുന്നപ്പോഴാണ് അടുത്ത സീറ്റിലെ ഒരു കൊച്ചുമിടുക്കിയെ മരണം തട്ടിയെടുത്തത്. അവളുടെ ചോരയൊലിക്കുന്ന മുഖം ഇപ്പോഴും മുന്നിലുണ്ട്. മുഖത്തേക്ക് തെറിച്ച് വീഴുന്ന മഴവെള്ളം തട്ടിമാറ്റി പ്രാണവായുവിനായി പൊരുതുന്നതിനിടക്കാണ് രക്ഷാപ്രവർത്തകരുടെ വരവ്. മഴ വകവെക്കാതെയുള്ള അവരുടെ രക്ഷാപ്രവർത്തനമാണ് ജീവിതത്തിലേക്ക് വീണ്ടും എത്തിച്ചതെന്ന് ഇർഫാൻ ഓർമിക്കുന്നു.
ഗുരുതര പരിക്കേറ്റ ഇർഫാനും ഭാര്യക്കും രണ്ട് ലക്ഷം വീതം അടിയന്തര ചികിത്സ സഹായം നൽകിയിരുന്നു എയർ ഇന്ത്യ. അടുത്ത സഹായ ഘട്ടത്തിലേക്കുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് പരിക്കേറ്റവരിൽ അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.