നോമ്പാണോ? റോഡിൽ ശ്രദ്ധവേണം; കാമ്പയിനുമായി ആർ.ടി.എ
text_fieldsദുബൈ: റമദാനിൽ റോഡ് യാത്ര സുരക്ഷിതമാക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) കാമ്പയിൻ സജീവമാക്കി. കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേകമായി നിർദേശങ്ങളടങ്ങിയ മെസേജുകളാണ് കാമ്പയിനിന്റെ ഭാഗമായി അയക്കുന്നത്.
പൊതു, സ്വകാര്യ മേഖലകളിലെ വിവിധ പങ്കാളികളെ കൂടി സഹകരിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും മെസേജുകൾ അയച്ചുമാണ് സന്ദേശം എത്തിക്കുന്നത്.
ഓരോ വിഭാഗങ്ങളിലേക്കും പ്രത്യേകം തയാറാക്കിയ നിർദേശങ്ങളാണ് നൽകിവരുന്നത്. കാൽനടയാത്രക്കാർ നിർദിഷ്ട സ്ഥലങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കണമെന്നും ഡ്രൈവർമാർ നോമ്പനുഷ്ഠിച്ച് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും ആവശ്യപ്പെടുന്നു. ‘ഇഫ്താർ ആസ്വദിക്കൂ, നിങ്ങളുടെ യാത്രയിൽ ശ്രദ്ധിക്കൂ’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ സംഘടിപ്പിച്ചുവരുന്നത്.
ദുബൈയിലെ ഇസ്ലാമികകാര്യ, ചാരിറ്റബ്ൾ ആക്ടിവിറ്റീസ് വകുപ്പ്, എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ, അൽ അൻസാരി എക്സ്ചേഞ്ച് കമ്പനി തുടങ്ങി വിവിധ സ്ഥാപനങ്ങൾ കാമ്പയിനുമായി സഹകരിക്കുന്നുണ്ട്.
റമദാൻ ടെന്റുകളിൽ ഇസ്ലാമികകാര്യ, ചാരിറ്റബ്ൾ ആക്ടിവിറ്റീസ് വകുപ്പ് വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകളിൽ നിർദേശങ്ങളും നിയമങ്ങളും പതിച്ചിട്ടുണ്ട്. പ്രധാനമായും കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കിറ്റുകളിൽ നിർദേശങ്ങളായി നൽകിയിട്ടുള്ളത്. നിർദിഷ്ട ഭാഗങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചു കടന്നാൽ 400 ദിർഹം പിഴ ലഭിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നു. നോമ്പനുഷ്ഠിച്ച് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഡ്രൈവർമാർക്ക് നൽകുന്ന ഇഫ്താർ കിറ്റുകളിൽ പതിക്കണമെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ആർ.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
റമദാനിൽ ഉറക്കം കുറയുന്നതും ഭക്ഷണക്രമം മാറുന്നതും ക്ഷീണത്തിനും ശ്രദ്ധതിരിയാനും കാരണമാകുമെന്നും ഇത്തരം സന്ദർഭങ്ങളിൽ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
എന്നാൽ, റമദാനിലെ മിക്ക അപകടങ്ങൾക്കും കാരണമാകുന്നത് വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതാണെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് സി.ഇ.ഒ മൈഥ ബിൻ അദായ് പറഞ്ഞു.
റമദാനിൽ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടത്
1. നോമ്പ് തുറന്ന് നന്നായി ഭക്ഷണം കഴിച്ചവർ ഉടനെ ഡ്രൈവിങ് ഒഴിവാക്കുക
2. ക്ഷമയോടെ വാഹനം ഓടിക്കുക. ആവശ്യമായ അകലം എപ്പോഴും പാലിക്കുക.
3. തിരക്ക് മുൻകൂട്ടി കാണുകയും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് കൂടുതൽ സമയം കരുതുകയും ചെയ്യുക.
4.അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്നവരുമായി തർക്കം ഒഴിവാക്കുക. സ്വന്തം ലെയിനിൽ ശ്രദ്ധിച്ച് വാഹനമോടിക്കുക.
5.വാഹനം നിർത്തിയിട്ട് വിൻഡോകൾ അടച്ചിട്ട് എ.സി ഓൺചെയ്ത് ഉറങ്ങാതിരിക്കുക. ഇത് ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമായേക്കാം.
6. നോമ്പ് ക്ഷീണിപ്പിക്കുന്നെങ്കിൽ യാത്രക്ക് പൊതു ഗതാഗതം ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.