ജെനി കേരളത്തിലെ ആദ്യ വനിതാ പൈലറ്റോ ?; അല്ലെന്ന് പൈലറ്റുമാർ
text_fieldsദുബൈ: രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലെ താരമാണ് ജെനി ജെറോം എന്ന വനിത പൈലറ്റ്. കേരളത്തിലെ തീരദേശത്തുനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത കൊമേഴ്സ്യൽ പൈലറ്റാണ് ജെനിയെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും നടന്ന ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അടക്കം രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ളവരും ഇത്തരം പോസ്റ്റുകൾ ഇട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയടക്കം പിന്നീട് എഡിറ്റ് ചെയ്തു. ഈ സമയത്ത് യു.എ.ഇയിലെ പൈലറ്റുമാരുടെ ഗ്രൂപ്പിൽ മറ്റൊരു ചർച്ച നടക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽ എന്തെങ്കിലും സത്യമുേണ്ടാ എന്നതായിരുന്നു വിഷയം. ഇല്ലെന്നാണ് എല്ലാ പൈലറ്റുമാരും തെളിവ് സഹിതം പറയുന്നത്. ജെനിയുടെ നേട്ടത്തെ പ്രശംസിക്കുന്നതിനൊപ്പം സത്യം പുറത്തുവരണമെന്നും ഇവർ ആഗ്രഹിക്കുന്നു.
ശനിയാഴ്ച രാത്രി ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയർ അറേബ്യ വിമാനമാണ് വാർത്തകളിൽ ഇടംപിടിച്ചത്. മലയാളി വനിത പൈലറ്റുമാരുടെ പട്ടിക തന്നെ നിരത്തിയാണ് മറ്റ് പൈലറ്റുമാർ സോഷ്യൽ മീഡിയ വാദത്തെ പൊളിച്ചടുക്കിയത്. കേരളത്തിലെ ആദ്യ വനിത പൈലറ്റായി പൊതുവെ അറിയുപ്പെടുന്നത് സബീഹ മരിക്കാർ ആണ്. വർഷങ്ങൾക്ക് മുൻപ് പൈലറ്റായ സബീഹക്ക് ശേഷം 50ഓളം മലയാളി വനിതകൾ ഈ സീറ്റിലേക്ക് എത്തിയിരുന്നു. അതേസമയം, തനിക്ക് മുൻപും വനിത പൈലറ്റുമാർ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ടെന്ന് സബീഹ പറയുന്നു.
സോഷ്യൽ മീഡിയയുടെ മറ്റൊരു അവകാശവാദം കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റാണ് ജെനി എന്നായിരുന്നു. എന്നാൽ, 21ാം വയസിൽ പൈലറ്റായ മാർട്ടിന സലിനും 22ാം വയസിൽ ഈ സീറ്റിലേക്കെത്തിയ ഗീതു വിജയുമെല്ലാം 23കാരിയായ ജെനിയേക്കാൾ ഇളയതാണ്. തീരദേശത്തുനിന്നുള്ള ആദ്യ പൈലറ്റാണ് ജെനിയെന്നതാണ് സോഷ്യൽ മീഡിയ ഏറ്റവുമധികം ആഘോഷിച്ചത്. മലപ്പുറം താനൂരുള്ള അഫ്ര അബ്ദുല്ല തീരദേശത്തു നിന്നുള്ള പൈലറ്റാണ് എന്ന മറുവാദവും പൈലറ്റുമാർ ഉന്നയിക്കുന്നു.
ദരിദ്ര കുടുംബത്തിലെ കുട്ടിയാണ് ജെനിയെന്നതും ശരിയല്ല. ഏകദേശം ഒന്നര കോടി രൂപ ചെലവുവരുന്ന കോഴ്സ് പൂർത്തിയാക്കിയാണ് ജെനി പൈലറ്റ് ലൈസൻസ് നേടിയത്. വർഷങ്ങളായി ഷാർജയിലാണ് താമസം. ആദ്യ കൊമേഴ്സ്യൽ പൈലറ്റ് എന്നതും ശരിയല്ല. ജെനിയുടെ നേട്ടങ്ങളെ കുറച്ചുകാണേണ്ടതില്ലെന്നും എന്നാൽ, അനാവശ്യമായ ആഘോഷങ്ങൾ ഈ മേഖലയെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നുമാണ് മറ്റ് പൈലറ്റുമാർ പറയുന്നത്.
നൽകിയത് ഉറപ്പായ വിവരങ്ങൾ -ജെറോം
ദുബൈ: വിവരങ്ങൾ ചോദിച്ചവരോട് തങ്ങൾ നൽകിയത് ഉറപ്പായ വിവരങ്ങൾ മാത്രമാണെന്ന് ജെനിയുടെ പിതാവ് ജെറോം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജെനി കേരളത്തിലെ തീരദേശത്തുനിന്നുള്ള ആദ്യ കൊമേഴ്സ്യൽ വനിത പൈലറ്റാണെന്നാണ് വിശ്വാസം. ഒന്നര കോടി രൂപ മുടക്കിയാണ് പഠിച്ചത്. സോഷ്യൽ മീഡിയയിലെത്തിയപ്പോൾ കൂടുതൽ മേെമ്പാടി ചേർത്തിട്ടുണ്ടാവാം. അതിൽ ഞങ്ങൾക്ക് പങ്കില്ലെന്നും ജെറോം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.