വെള്ളം ലീക്കുണ്ടോ? കീശ ചോരും
text_fieldsദുബൈ: വേനൽകാലത്ത് ജല ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ വൈദ്യുതി, ജലവകുപ്പ് (ദീവ). താമസ സ്ഥലങ്ങളിലെയും മറ്റും വെള്ളം ലീക്കുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർ നിർദേശിക്കുന്നു. ഉപഭോക്തൃ ബിൽ തുക വർധിക്കാനുള്ള കാരണം മിക്കപ്പോഴും ഇത്തരം ലീക്കുകളാകാം.
എല്ലാ ജല ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുകയും വാട്ടർ മീറ്റർ പരിശോധിക്കുകയും ചെയ്യുന്ന രീതിയിൽ വർഷത്തിൽ രണ്ടുതവണ ടാപ്പുകളുടെ ലീക്ക് ടെസ്റ്റ് നടത്താനാണ് ദീവ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഉപകരണങ്ങൾ പ്രവർത്തിക്കാത്ത സമയത്തും മീറ്റർ പ്രവർത്തിക്കുന്നുവെങ്കിൽ ചോർച്ചയുണ്ടെന്ന് മനസ്സിലാക്കണം.
‘വെൽക്കം സമ്മർ വിത്ത് ഗ്രീൻ ഹാബിറ്റ്സ്’ എന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് പുതുതായി പരിശോധന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തറകളിലും ഭിത്തികളിലും മേൽക്കൂരകളിലും അല്ലെങ്കിൽ വാഷിങ് മെഷീനുകൾക്ക് ചുറ്റിലുമുള്ള വെള്ളം, ഇന്റേണൽ കണക്ഷനുകളിലോ പ്രോപ്പർട്ടിക്കുള്ളിലെ ഹൗസ് ജലസേചന സംവിധാനത്തിലോ ഉള്ള ചോർച്ച മൂലമാകാൻ സാധ്യതയുണ്ടെന്നും ഇത് ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നുണ്ട്.
വാട്ടർ ടാങ്കുകൾ, കുളിമുറി, അടുക്കള, നീന്തൽക്കുളങ്ങൾ എന്നിവയാണ് ചോർച്ച ഉണ്ടാകാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങൾ. വാട്ടർ ടാങ്കിന്റെ കാലാവധി കഴിയുന്നതും അറ്റകുറ്റപ്പണികളുടെ അഭാവവും ടാപ്പുകൾ, പൈപ്പുകൾ, ടോയ്ലറ്റ് ടാങ്കുകൾ, വാട്ടർ ഹീറ്റർ എന്നിവയിലും ചോർച്ചയുണ്ടാകാം.
ഹൈ-വാട്ടർ യൂസേജ് അലർട്ട് സംവിധാനം ഉൾപ്പെടെ, ജല ഉപഭോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഡിജിറ്റൽ സേവനങ്ങൾ ദീവ നൽകിവരുന്നുണ്ട്. ഇതുവഴി അസാധാരണ ലീക്കുകൾ സംബന്ധിച്ച് മുന്നറിയിപ്പുകൾ ഉപഭോക്താവിന് ലഭിക്കും. അടിയന്തര ആവശ്യങ്ങൾക്ക് ‘ദീവ’യുടെ 991 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാനും സൗകര്യമുണ്ട്.
വെള്ളം ലാഭിക്കാൻ ചെയ്യേണ്ടത്
- സാധാരണ ഷവർ മാറ്റി പകരം വെള്ളം ഉപയോഗം കാര്യക്ഷമമാക്കുന്നവ സ്ഥാപിക്കുക
- അടുക്കളയിലും കുളിമുറിയിലെയും പൈപ്പുകളിൽ എയറേറ്ററുകൾ സ്ഥാപിക്കുക
- പല്ല് തേക്കുമ്പോഴോ ഷേവ് ചെയ്യുമ്പോഴോ വെള്ളം ഓഫാക്കുക. ഇത് പ്രതിദിനം 19 ലിറ്റർ വെള്ളം ലാഭിക്കും.
- ടാപ്പിൽനിന്നുള്ള വെള്ളത്തിന് പകരം ഭാഗികമായി വെള്ളം നിറച്ച പാത്രത്തിൽ പച്ചക്കറികൾ വൃത്തിയാക്കുക. ഈ വെള്ളം വീട്ടിലെ ചെടികൾക്ക് ഉപയോഗിക്കാം.
- സിംഗിൾ ഫ്ലഷ് ടോയ്ലറ്റിന് പകരം ഡ്യൂവൽ ഫ്ലഷ് ടോയ്ലറ്റ് ഉപയോഗിക്കുക.
- ടോയ്ലറ്റുകളിൽ ഇടക്കിടെ ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുകയും അവ ഉടനടി നന്നാക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.