ഇസ്രായേൽ-ഗസ്സ യുദ്ധം: ശൈഖ് അബ്ദുല്ല വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി
text_fieldsദുബൈ: ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ തുടർ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ചർച്ചകളുമായി യു.എ.ഇ. ഇതിന്റെ ഭാഗമായി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സയിദ് ആൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി.
യു.കെ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാന്വൽ അൽബേർസ് എന്നിവരുമായാണ് ലണ്ടനിൽ കൂടിക്കാഴ്ച നടന്നത്. പ്രശ്നത്തിൽ തുടർ സംഭാഷണങ്ങൾക്കും പരിഹാര നിർദേശങ്ങൾ സമർപ്പിക്കാനും മന്ത്രിമാർ ധാരണയിലെത്തി.
നേരത്തേ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ രാഷ്ട്രനേതാക്കളുമായി ഫോൺ സംഭാഷണം നടത്തി പ്രശ്നപരിഹാരത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസീ, സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇസ്രായേൽ പ്രസിഡന്റ് ഐസാക് ഹെർസോഗ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നീ രാഷ്ട്രനേതാക്കളുമായാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്.
എല്ലാ സിവിലിയന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താനും നിലവിലെ അതിക്രമങ്ങൾ അവസാനിപ്പിക്കാനും അന്തരീക്ഷം ശാന്തമാക്കാനുമുള്ള വഴികളാണ് ചർച്ചയിൽ ഉയർത്തിയത്. സംഘർഷം അവസാനിപ്പിക്കാൻ അടിയന്തരമായി അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും മേഖലയുടെ സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പാക്കാൻ സമഗ്രവും സമത്വപൂർണവുമായ നീതിക്കുവേണ്ടിയുള്ള ശ്രമമുണ്ടാകണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
ഫലസ്തീന് രണ്ട് കോടി ഡോളർ സഹായം
ദുബൈ: ഫലസ്തീനിലെ ജനങ്ങൾക്ക് രണ്ടു കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശം. ഫലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് അടിയന്തര ആശ്വാസം പകരുകയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഹായമെത്തിക്കുന്നതെന്ന് യു.എ.ഇ വാർത്താ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.