യു.എ.ഇ: ഇസ്രായേലി കുത്തേറ്റു മരിച്ച സംഭവം; മുഖ്യപ്രതിക്ക് ജീവപര്യന്തം
text_fieldsപ്രതികളെല്ലാം ഇസ്രായേൽ സ്വദേശികൾ
ദുബൈ: നഗരത്തിലെ കഫേക്കു സമീപം ഇസ്രായേൽ സ്വദേശിയെ വധിച്ച സംഭവത്തിൽ മുഖ്യപ്രതിക്ക് ജീവപര്യന്തവും അഞ്ചു പ്രതികൾക്ക് 10 വർഷവും തടവ്. മേയ് 24നാണ് കേസിനാസ്പദമായ സംഭവം. ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം ഇസ്രായേൽ പൗരന്മാരാണ്.
സംഭവത്തിൽ പങ്കാളികളായ രണ്ടുപേരെ പ്രായപൂർത്തിയാകാത്തവരുടെ കോടതിയിലേക്ക് ദുബൈ ക്രിമിനൽ കോടതി റഫർ ചെയ്തു.
കുടുംബവഴക്കിനെ തുടർന്നാണ് അക്രമം നടന്നത്. ദുബൈ വാട്ടർകനാലിനു സമീപത്തെ കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിലെ ഒരാൾ പെട്ടെന്ന് എഴുന്നേറ്റുപോയി പിന്തുടർന്ന് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് കഫേയിലെ ജീവനക്കാരൻ മൊഴി നൽകിയത്. ഫോൺ ചെയ്ത് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ ഇരയായയാൾ ശ്രമിച്ചെങ്കിലും നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു.
ഇരയുടെ സുഹൃത്തുക്കളിലൊരാൾ അക്രമം തടയാൻ ശ്രമിച്ചപ്പോൾ മുഖ്യ പ്രതിക്കൊപ്പമുണ്ടായിരുന്നവർ തടയുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച പേനക്കത്തി ഇസ്രായേലിലെ മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടയിൽനിന്ന് വാങ്ങിയതാണെന്ന് കോടതി കണ്ടെത്തി. ഇരയുടെ നെഞ്ചിൽ ആഴ്ന്നിറങ്ങിയ അഞ്ചു സെന്റിമീറ്റർ നീളമുള്ള കുത്താണ് മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രതികളെല്ലാം സംഭവം നടന്ന ദിവസംതന്നെ പിടിയിലായിരുന്നു. ചിലരെ ദുബൈ വിമാനത്താവളത്തിൽ വെച്ചും മറ്റു ചിലരെ അബൂദബി വിമാനത്താവളത്തിൽ വെച്ചുമാണ് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.