തനിച്ചായാലും അബൂദബിയിൽ രാത്രിയാത്ര സുരക്ഷിതം
text_fieldsഅബൂദബി: അബൂദബിയിലെ താമസക്കാരില്‍ 93 ശതമാനത്തിലേറെയും രാത്രിയില്‍ തനിച്ചു നടക്കുന്നതില്‍ സുരക്ഷിതബോധം അനുഭവിച്ചവരാണെന്ന് സാമൂഹിക വികസന വകുപ്പ് (ഡി.സി.ഡി) സര്‍വേ. വകുപ്പ് സംഘടിപ്പിക്കുന്ന ജീവിതനിലവാര സര്‍വേ (ക്യു.ഒ.എല്‍.എസ്) യുടെ മൂന്നാംഘട്ടത്തില്‍ പങ്കെടുത്ത 82,761 പേരുടെ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
സാമ്പത്തിക സഹകരണ, വികസന സംഘടന(ഒ.ഇ.സി.ഡി.)യുടെ ആഗോള സര്‍വേ മാതൃകയിലായിരുന്നു അബൂദബിയിലും സര്‍വേ നടത്തിയത്. 2020ല്‍ 93 ശതമാനമായിരുന്നു ഈ അഭിപ്രായം പങ്കുവെച്ചത്.ഭവനം, തൊഴിലവസരം, വരുമാനം, കുടുംബാരോഗ്യം, ജീവിത-തൊഴില്‍ സന്തുലനം, ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ധ്യം, സുരക്ഷ, വ്യക്തി സുരക്ഷ, സാമൂഹിക ബന്ധം, പാരിസ്ഥിതിക ഗുണനിലവാരം, സാമൂഹിക സാംസ്കാരിക സഹവര്‍ത്തിത്വം, സാമൂഹിക സേവനം, ജീവിതത്തിന്റെ ഡിജിറ്റല്‍ ഗുണമേന്മ, സന്തോഷം, ക്ഷേമം തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ജീവിത ഗുണമേന്മയില് അബൂദബി ജനസംഖ്യയുടെ 70 ശതമാനവും സംതൃപ്തരാണെന്ന് സന്തോഷ, ക്ഷേമ സൂചിക വ്യക്തമാക്കുന്നു. അതേസമയം, ഇതിന്റെ ഒ.ഇ.സി.ഡി. ശരാശരി 67 ശതമാനമാണ്. സന്തോഷത്തിന്റെ കാര്യത്തില്‍ 10ല്‍ 7.63 പോയന്റാണ് അബൂദബിയുടെ സ്കോര്‍. 2020ല്‍ 7.17 ശതമാനമായിരുന്നു ഇത്. സാമൂഹിക ബന്ധം-74 ശതമാനം, കുടുംബജീവിതത്തിലെ സംതൃപ്തി-73 ശതമാനം, മതസ്വാതന്ത്ര്യം-88.6 ശതമാനം, വീടുകളിലെ ഇന്റര്‍നെറ്റ് സേവനം-85.2 ശതമാനം എന്നിങ്ങനെയാണ് മറ്റ് സര്‍വേ ഫലങ്ങള്‍.
ലോകത്തിലെ സുരക്ഷിത നഗരമായി അബൂദബി തുടരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളും നേരത്തേ പുറത്തുവന്നിരുന്നു.റോഡ് അപകടങ്ങളില്‍ 4.44 ശതമാനത്തിന്റെ കുറവുണ്ടായി. ഗുരുതര കുറ്റകൃത്യങ്ങളില്‍ 57.1 ശതമാനത്തിന്റെ കുറവാണ് പോയവര്‍ഷത്തെ അപേക്ഷിച്ചുണ്ടായത്.
ഒരുലക്ഷം പേരുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. ഒരുലക്ഷം ജനസംഖ്യയിലെ ദുരിത റിപ്പോര്‍ട്ടുകളും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13.84 ശതമാനം കുറഞ്ഞു. അതേസമയം, അടിയന്തര പ്രതികരണ സേവനങ്ങള്‍ അവരുടെ പ്രതികരണ സമയം 31.92 ശതമാനം മെച്ചപ്പെടുത്തിയതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങളില്‍ 29.7 ശതമാനവും മോഷണക്കുറ്റങ്ങളില്‍ 33.83 ശതമാനവും നാര്‍കോട്ടിക്സ് കേസുകളില്‍ 47.1 ശതമാനവും കുറവുണ്ടായി. ആഗോള വിവര പ്ലാറ്റ്ഫോം ആയ നമ്പിയോ ആണ് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.അബൂദബിയിൽ സ്ത്രീകള്‍ക്ക് ഭയാശങ്കകളില്ലാതെ ഏതുരാവിലും തെരുവുകളിലൂടെ നടക്കാനാവുമെന്നാണ് ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി പുറത്തുവിട്ട വനിത-സമാധാന-സുരക്ഷാ സൂചിക വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.