മഴ പെയ്യും, ജാഗ്രത വേണം; വീണ്ടും മുന്നറിയിപ്പ്
text_fieldsഅബൂദബി: ഇന്നുമുതൽ നാലുദിവസത്തേക്ക് അബൂദബിയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയിൽ വലിയതോതിൽ കുറവുണ്ടാവും.
വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചും വേഗപരിധിയെക്കുറിച്ചും അബൂദബി മീഡിയ ഓഫിസ് പൊതുജനങ്ങളെ ഓർമപ്പെടുത്തി.
മഴ പെയ്യുമ്പോൾ മഴവെള്ള അരുവികളിൽനിന്നും കുളങ്ങളിൽനിന്നും താഴ്വരകളിൽനിന്നും വിട്ടുനിൽക്കണമെന്നും ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.
ശക്തമായ തിരകൾക്ക് സാധ്യതയുള്ളതിനാൽ കടൽതീരത്ത് പോകരുതെന്നും ഔദ്യോഗിക കാലാവസ്ഥ പ്രവചനങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ കൂട്ടിച്ചേർത്തു. പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചുചേർത്തതായി നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കാലാവസ്ഥ വകുപ്പ്, ഊർജ മന്ത്രാലയം തുടങ്ങി വകുപ്പുകളിൽ പ്രതിനിധികളാണ് യോഗത്തിൽ സംബന്ധിച്ചത്.
അധികൃതർ നൽകുന്ന സുരക്ഷ മുന്നറിയിപ്പുകൾ നിർബന്ധമായും പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
വാഹനയാത്രികർ ശ്രദ്ധിക്കാൻ
വാഹനയാത്രികർ പാലിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് അബൂദബി പൊലീസ് നിർദേശം നൽകി. പുറപ്പെടുന്നതിനുമുമ്പ് ഗ്ലാസ് വൈപ്പറുകളുടെ പ്രവർത്തനവും ചക്രങ്ങളുടെ അവസ്ഥയും പരിശോധിക്കണം. പകലാണെങ്കിലും നല്ല കാഴ്ച ലഭ്യമാവാനും മുന്നിലുള്ള വാഹനങ്ങൾക്ക് കാണാനുമായി ഹെഡ് ലൈറ്റ് ഉപയോഗിക്കണം. ഇതര വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണം. റോഡിലെ വേഗപരിധി ബോർഡുകൾ പാലിക്കണം. വെള്ളക്കെട്ടിലൂടെ വാഹനമോടിക്കരുത്. മൊബൈൽ ഉപയോഗിച്ചുകൊണ്ടോ ഫോട്ടോയെടുത്തുകൊണ്ടോ വാഹനമോടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.