ജാഫറിന്‍റെ 'ഫൗൾ' കള്ളൻ വീണു
text_fieldsദുബൈ: ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ വൈഭവത്തോടെയായിരുന്നു ജാഫറിെൻറ ഫൗൾ. ലക്ഷ്യത്തിനരികെ 'സ്ട്രൈക്കർ' ഇടറിവീണപ്പോൾ ഇന്ത്യക്കാരന് തിരികെ കിട്ടിയത് 80 ലക്ഷം രൂപ. ദുബൈ ദേര ബനിയാസ് സ്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപത്താണ് വടകര വള്ളിയാട് പാറപ്പുറത്ത് ജാഫറിെൻറ ഫുട്ബാൾ സ്കിൽ കള്ളനെ വീഴ്ത്തിയത്. സഹോദരൻ നജീബിെൻറ കസേര പ്രയോഗം കൂടിയായപ്പോൾ കള്ളൻ 'ഠിം'.
ബനിയാസ് സ്ക്വയറിൽ നജീബ് നടത്തുന്ന കടയുടെ മുൻപിലിരിക്കുകയായിരുന്നു ജാഫർ. 'കള്ളൻ കള്ളൻ' എന്ന് ആളുകൾ വിളിച്ചു പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരാൾ ഓടി വരുന്നത് കണ്ടത്. ചെറിയ റോഡിനിരുവശത്തുമായി ജാഫറും നജീബുമുണ്ടായിരുന്നു. 'കാൽവെച്ചോ' എന്ന് നജീബ് നിർദേശം കൊടുത്തതും ജാഫർ സ്കിൽ പുറത്തെടുത്തു. ഇടതുകാലിലൂന്നി വലതുകാൽവെച്ച് കിടിലനൊരു ഫൗൾ (മൈതാനത്തായിരുന്നെങ്കിൽ റെഡ് കാർഡ് ഉറപ്പ്). മറുവശത്തുനിന്ന് നജീബ് കസേര കൂടിവെച്ചതോടെ കള്ളൻ റോഡിൽ കറങ്ങിവീണു. ചാടിയെഴുന്നേറ്റ് കുതിച്ചുപായാൻ ശ്രമിച്ചെങ്കിലും നജീബും ജാഫറും മറ്റുള്ളവരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇന്ത്യക്കാരൻ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 3.9 ലക്ഷം ദിർഹമാണ് (80 ലക്ഷം രൂപ) ബാഗിലുണ്ടായിരുന്നത്. 30 വയസുള്ള ഏഷ്യൻ സ്വദേശിയാണ് മോഷ്ടാവ്.
ഫു്ടബാൾ കളിക്കാരനായ ജാഫർ കളരിയറിയാവുന്ന കായികാഭ്യാസി കൂടിയത്. വടകരയിലെ ക്ലബുകളിൽ ഫുട്ബാൾ കളിച്ചുള്ള പരിചയമാണ് ജാഫറിന് തുണയായത്. സി.സി ടി.വിയിൽ പതിഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പുതിയ ജോലിക്കായി വിസിറ്റിങ് വിസയിലെത്തിയതാണ് ജാഫർ. മുൻപ് അൽഐനിൽ ശൈഖ് ഈസാ ബിൻ സായിദ് ആൽ നഹ്യാെൻറ കൊട്ടാരത്തിൽ ഡ്രൈവറായിരുന്നു. ശൈഖിനോടുള്ള ആദരസൂചകമായി മകന് മുഹമ്മദ് നഹ്യാൻ എന്നാണ് പേരിട്ടിരിക്കുന്നത്. നദ, നേഹ എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ: ഹസീന. മാതാവ്: ജാസ്മിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.