ജലീൽ കാഷ് ആൻഡ് കാരിയുടെയും ക്രോസ്വെൽ ലോജിസ്റ്റിക്സിന്റെയും പുതിയ സംരംഭം ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ
text_fieldsദുബൈ: യു.എ.ഇയിലെ മുൻനിര ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായ ജലീൽ ഹോൾഡിങ്സിന്റെ പുതിയ കേന്ദ്രം ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ തുറന്നു. യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപന്ന മൊത്തക്കച്ചവടക്കാരായ ജലീൽ കാഷ് ആൻഡ് കാരിയുടെ പുതിയ സ്റ്റോറും ക്രോസ്വെൽ ലോജിസ്റ്റിക്സിന്റെ സംയോജിത ലോജിസ്റ്റിക്സ് സെന്ററും ഉൾപ്പെടുന്ന ഈ സംവിധാനം 24.5 ദശലക്ഷം ഡോളർ നിക്ഷേപത്തിലാണ് പൂർത്തീകരിച്ചത്.
യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം ബിൻത് മുഹമ്മദ് സഈദ് ഹരബ് അൽമീരി ഉദ്ഘാടനം ചെയ്തു. ഫുഡ് ഡൈവേഴ്സിറ്റി സെക്ടർ അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് മൗസ അൽമീരി, ജലീൽ ഹോൾഡിങ്സ് ചെയർമാൻ എം.വി. കുഞ്ഞുമുഹമ്മദ്, മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ, ടീകോം ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല ബെൽഹൂൽ, ഇൻഡസ്ട്രിയൽ ലീസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സാദ് അബു അൽഷവാരിബ്, ജലീൽ ഹോൾഡിങ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ ഗഫൂർ കെ. മുഹമ്മദ്, ഡയറക്ടർമാരായ ഡോ. സാക്കിർ കെ. മുഹമ്മദ്, സലാഹുദ്ദീൻ, ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ രാജ്കുമാർ തങ്കരാജ് എന്നിവർ പങ്കെടുത്തു.
ഈ മേഖലയിൽ ജലീൽ ഹോൾഡിങ്സിന്റെ ഏറ്റവും വലിയ കേന്ദ്രമാണിത്. 2.81 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമാണം. കര, കടൽ, വിമാന മാർഗങ്ങൾക്കുപുറമെ ഇത്തിഹാദ് റെയിൽ കൂടി എത്തുന്ന പശ്ചാത്തലത്തിൽ ഇൻഡസ്ട്രിയൽ സിറ്റിയിലേക്കുള്ള ഗതാഗത ശൃംഖല സജീവമാകും.ഇതോടെ ജലീൽ ഹോൾഡിങ്സിന്റെ ശൃംഖല ജി.സി.സിയിലും ആഫ്രിക്കയിലുമുള്ള കൂടുതൽ ഉപഭോക്താക്കളിലേക്കെത്തും. സംഭരണ ശേഷി ഇരട്ടിയാകും. യു.എ.ഇ ജനസംഖ്യയുടെ അഞ്ചുശതമാനം പേർക്ക് 30 ദിവസത്തെ അവശ്യസാധനങ്ങളുടെ സ്റ്റോക് ഉറപ്പാക്കാൻ പര്യാപ്തമാണ് ഈ സൗകര്യം.
യു.എ.ഇയുടെ നയത്തിനനുസൃതമായി പരിസ്ഥിതി സൗഹൃദമായാണ് ഈ കേന്ദ്രം നിർമിച്ചിരിക്കുന്നത്. 2051 ലക്ഷ്യമിട്ട് യു.എ.ഇ നടപ്പാക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷ നയത്തിനുള്ള പിന്തുണ കൂടിയായിരിക്കും ഈ കേന്ദ്രം. സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ എന്നിവയിലേക്ക് മൊത്തമായി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ജലീൽ കാഷ് ആൻഡ് കാരി സ്റ്റോറും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപന്ന വിതരണ ശൃംഖലയായ ജലീൽ ഹോൾഡിങ്സിന്റെ സാന്നിധ്യം യു.എ.ഇക്കുപുറമെ സൗദി, ഒമാൻ, ബഹ്റൈൻ, ഘാന എന്നിവിടങ്ങളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.