ജപിൻ: ബൈക്ക് റേസിനായി ജീവിതം ഉഴിഞ്ഞുവെച്ചവൻ
text_fieldsദുബൈ: ബൈക്കിനെ അത്രമേൽ പ്രണയിച്ചവനായിരുന്നു ജപിൻ ജയപ്രകാശ്. അവന്‍റെ അവസാന യാത്രയും ബൈക്കിൽതന്നെയായത് യാദൃശ്ചികമാവാം. ദുബൈയിലെ ബൈക്ക് റൈഡർമാർക്കിടയിലെ സുപരിചിത മുഖമായിരുന്നു ശനിയാഴ്ച ബൈക്ക് അപകടത്തിൽ മരിച്ച കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശിയും ബൈക്ക് റേസറുമായ ജപിൻ (37). രാജ്യാന്തര ബൈക്ക് റേസിങ്ങിലും പങ്കെടുത്ത ജപിൻ മറ്റൊരു മത്സരത്തിനുള്ള തയാറെടുപ്പിലായിരുന്നു. ജോലിത്തിരക്കുകൾക്കിടയിലും എല്ലാ ആഴ്ചയിലും സുഹൃത്തുക്കൾക്കൊപ്പം റൈഡിന് പോയിരുന്നു. മറ്റൊരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലുമായിരുന്നു. രാജ്യാന്തര നിലവാരമുള്ള ട്രാക്കുകളിലും റോഡുകളിലും ചീറിപ്പായുന്ന വിഡിയോകൾ ജപിൻതന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുബൈ ഓട്ടോഡ്രോമിലെ സർക്യൂട്ടിൽ സ്ഥിരമായി ബൈക്ക് റേസിങ് പരിശീലനം നടത്തിയിരുന്നു.
വിവിധ രാജ്യക്കാരോടൊപ്പമായിരുന്നു പരിശീലനം. മലയാളികളായ സാബിബ് ബഷീർ, ഫഹദ് ഹമീദ്, ഫെലിക്സ് ലോറൻസ്, ജമീൽ കമാലുദ്ദീൻ, വിക്രം തുടങ്ങിയവർ സഹ റൈഡർമാരായിരുന്നു. ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലുണ്ടായ അപകടത്തിലാണ് ജപിന്‍റെ ജീവൻ പൊലിഞ്ഞത്.
13 വർഷത്തോളമായി ദുബൈയിലാണ് ജോലി. മുമ്പ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവിസായ ഐ.വി.എസിലെ ഓപറേഷൻസ് മാനേജറായിരുന്നു. ഈ സമയത്ത് പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്കെല്ലാം സുപരിചിതനായിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് രേഖകൾ എളുപ്പത്തിൽ ശരിയാക്കിക്കൊടുക്കാൻ ഇടപെട്ടു. ജോലി രാജിവെച്ച് സ്വന്തമായി ബിസിനസ് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ നരേന്ദ്ര ട്രാവൽസ് കുടുംബത്തിലെ അംഗമാണ്. വിവേകാനന്ദ ട്രാവൽസിന്‍റെ ബ്രാഞ്ച് മാനേജറായി ജപിൻ ജോലി ചെയ്തിരുന്നു. 2014ലാണ് ഡോ. അഞ്ജുവിനെ വിവാഹം കഴിച്ചത്.
ദുബൈ ഹോർലാൻസിലെ ശാന്തി ആയുർവേദിക് സെന്‍ററിലെ ഡോക്ടറാണ്. മക്കളായ ജീവക്കും ജാനിനുമൊപ്പം ദുബൈയിലായിരുന്നു താമസം. മാസങ്ങൾക്ക് മുമ്പാണ് ജപിൻ നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.