ജടായുപ്പാറ: രാജീവ് അഞ്ചലിെൻറ കമ്പനി വഞ്ചിച്ചെന്ന് പ്രവാസി നിക്ഷേപകർ
text_fieldsദുബൈ: കൊല്ലം ചടയമംഗലത്ത് ജടായുപ്പാറയിലെ ടൂറിസം പദ്ധതിക്ക് പണം നൽകിയ നിക്ഷേപകരെ സംവിധായകനും പദ്ധതിയുടെ ശിൽപിയുമായ രാജീവ് അഞ്ചലിെൻറ നേതൃത്വത്തിലുള്ള കമ്പനി വഞ്ചിച്ചെന്ന് പ്രവാസി നിക്ഷേപകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 130ഓളം പേരിൽനിന്ന് പണം സ്വീകരിച്ചശേഷം നിക്ഷേപകരുടെ കമ്പനിയായ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിനെ പദ്ധതിയിൽനിന്ന് പുറത്താക്കിയെന്നും അവർ ആരോപിച്ചു.
30 വർഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തിൽ രാജീവ് അഞ്ചലിെൻറ ഉടമസ്ഥതയിലുള്ള ഗുരു ചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് (ജി.ബി.പി.എൽ) സർക്കാർ നൽകിയ ഭൂമിയിലാണ് ജടായുപ്പാറ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പ്രവാസി നിക്ഷേപകരുടെ ജടായു ടൂറിസം പ്രൈവറ്റ് ലമിറ്റഡ് (ജെ.ടി.പി.എൽ) എന്ന കമ്പനിയുമായാണ് രാജീവ് അഞ്ചലിെൻറ കമ്പനി ഒപ്പുവെച്ചിരുന്നത്.
അഞ്ചുവർഷം മുമ്പ് യു.എ.ഇയിൽ എത്തിയ രാജീവ് അഞ്ചലും സംഘവും സർക്കാർ പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വരൂപിച്ചത്. എല്ലാവർഷവും 12 ശതമാനം ഡിവിഡൻറായി നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഒരുകോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
ഗൾഫ് നാടുകളിൽനിന്ന് മാത്രം 20 കോടിയിലേറെ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, പ്രവാസികളിൽനിന്ന് സ്വീകരിച്ച തുക മറ്റ് പദ്ധതികളിലേക്ക് മാറ്റി. രാജീവിനും കുടുംബത്തിനും മാത്രം അധികാരമുള്ള അഞ്ച് കമ്പനികൾ രൂപവത്കരിച്ച് അതിലേക്കാണ് പണം മാറ്റിയത്.ഇതിന് പിന്നാലെ, പ്രവാസി നിക്ഷേപകരുടെ കമ്പനിയായ ജെ.ടി.പി.എല്ലുമായുള്ള കരാർ റദ്ദാക്കുന്നതായും നിക്ഷേപകർക്ക് ഒരുവിധ അവകാശവും പദ്ധതിയിൽ ഇല്ലെന്നും അറിയിക്കുകയായിരുന്നു.
കമ്പനിയിൽ നടന്ന 16 കോടിയുടെ അഴിമതി പുറത്താകുമെന്ന ഭയമാണ് പുറത്താക്കലിന് പിന്നിലെന്നും ഇത് നിയമവിരുദ്ധമാണെന്നും നിക്ഷേപകർ ആരോപിച്ചു. 16 കോടിയോളം രൂപ വകമാറ്റി മറ്റ് കമ്പനിയിൽ നിക്ഷേപിച്ചു. ഇതിനെതിരെ നിക്ഷേപകർ കോടതിയെ സമീപിക്കുകയും ഇടപാടുകൾ നടത്തുന്നത് നിരോധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ചില സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം രാജീവിന് ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഒരുവർഷം കൊണ്ട് ഏഴുകോടി ചെലവിൽ പൂർത്തിയാകും എന്നുപറഞ്ഞ് തുടങ്ങിയ പദ്ധതി അഞ്ചു വർഷവും 40 കോടിയുമായിട്ടും പൂർത്തിയായിട്ടില്ല.
ഇത് ചോദ്യംചെയ്യുന്നവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമംനടക്കുന്നു. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിവരുേമ്പാൾ വരുമാനമാർഗമാകുമെന്ന് കരുതിയാണ് നിക്ഷേപിച്ചതെന്നും സർക്കാർ ഇടപെട്ട് നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം നിക്ഷേപസൗഹാർദ സംസ്ഥാനമെന്ന കേരളത്തിെൻറ പേരിന് കളങ്കം വീഴുമെന്നും നിക്ഷേപകർ പറഞ്ഞു.നിക്ഷേപകരായ ദീപു ഉണ്ണിത്താൻ, പ്രവീൺ രാജ്, രഞ്ജി കെ. ചെറിയാൻ, അബ്ദുൽ വാഹിദ് അൻസാരി, ബാബു വർഗീസ്, ഡേവിഡ്സൺ ജോർജ് എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.
നിക്ഷേപകരെ പുറത്താക്കിയിട്ടില്ല –രാജീവ് അഞ്ചൽ
ദുബൈ: ജടായുപ്പാറ പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരെ പുറത്താക്കിയിട്ടില്ലെന്ന് സംവിധായകനും പദ്ധതിയുടെ ശിൽപിയുമായ രാജീവ് അഞ്ചൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സർക്കാറുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനെ തുടർന്ന് അവരുടെ നടത്തിപ്പ് അവകാശം റദ്ദാക്കിയിട്ടുണ്ട്. ഇതിനർഥം നിക്ഷേപകരെ പുറത്താക്കി എന്നല്ല. ഞാനും എെൻറ കുടുംബവുമാണ് സർക്കാറുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അതിനാൽ കമ്പനിയുടെ തലപ്പത്ത് ഞാനോ കുടുംബാംഗങ്ങളോ വേണമെന്നത് നിർബന്ധമാണ്. എന്നാൽ, എന്നെ പുറത്താക്കാനുള്ള ശ്രമമാണ് നടന്നത്.
ഇതിെൻറ ഭാഗമായി ഡയറക്ടർ ബോർഡിൽനിന്ന് എന്നെ പുറത്താക്കി. ഇത് കരാർ ലംഘനമാണ്. ഇതിെൻറ അടിസ്ഥാനത്തിലാണ് അവരുടെ നടത്തിപ്പ് അവകാശം റദ്ദാക്കി കമ്പനിയുടെ ഭരണം തിരിച്ചുപിടിച്ചത്. സർക്കാർ നിർദേശപ്രകാരമാണ് ഇത് ചെയ്തത്. ഇത്തരം ആരോപണങ്ങൾ ലോകോത്തര പദ്ധതിയെ നശിപ്പിക്കാനിടയാക്കും. ലാഭവിഹിതം നൽകാൻ സമയമായിട്ടില്ല. പ്രളയവും കോവിഡുംമൂലം ടൂറിസം മേഖല പ്രതിസന്ധിയിലായതിനാൽ പദ്ധതി ലാഭത്തിലായിട്ടില്ല. കോടതിയിൽ കേസ് തോൽക്കുമെന്ന ഭയമാണ് ആരോപണങ്ങൾക്കു പിന്നിലെന്നും രാജീവ് അഞ്ചൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.