‘ജയ്വാൻ’ കാർഡ്: പ്രവർത്തനസജ്ജമായി എ.ടി.എമ്മുകൾ
text_fieldsദുബൈ: പ്രാദേശിക കറൻസിയിൽ വിനിമയം സാധ്യമാക്കുന്ന ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിലെ 90 ശതമാനം സെയിൽസ് ടെർമിനലുകളിലും സ്വീകരിക്കും. കാർഡ് പുറത്തിറക്കുന്ന അൽ ഇത്തിഹാദ് പേമെന്റ് സി.ഇ.ഒ ജാൻ പിൽബൗർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ 40 ശതമാനം പോയന്റ് ഓഫ് സെയിൽസ് ടെർമിനലുകളും ജയ്വാൻ കാർഡ് സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ നടപടികൾ 90 ശതമാനവും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ 95 ശതമാനം എ.ടി.എമ്മുകളിലും ജയ്വാൻ കാർഡ് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സെപ്റ്റംബറോടെ കാർഡുകൾ രാജ്യത്ത് പ്രാബല്യത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കൾക്കായി യു.എ.ഇയിൽ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്ന വിദേശ ബാങ്കുകൾക്കും ജയ്വാൻ ഡെബിറ്റ് കാർഡ് പുറത്തിറക്കാം. ഇതിനായി പ്രത്യേക ഫീസുകൾ ഇടപാടുകാരിൽ നിന്ന് ഈടാക്കിയേക്കില്ലെന്നാണ് സൂചന. നിലവിൽ വിസ, മാസ്റ്റർ കാർഡുകൾ പ്രവർത്തിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ‘ജയ്വാൻ’ ഡെബിറ്റ് കാർഡിന്റെയും പ്രവർത്തനം.
എ.ടി.എമ്മുകളിലും സെയിൽസ് ടെർമിനലുകളിലും മാത്രമായിരിക്കും തുടക്കത്തിൽ കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്താനാവുക. വൈകാതെ ഇ-കോമേഴ്സ് ഇടപാട് നടത്താനുള്ള സൗകര്യം ജയ്വാൻ കാർഡിൽ ഒരുക്കും. ഉപയോക്താക്കൾക്കുള്ള ജയ്വാൻ ഫീസ് ഘടന മത്സര നിരക്കിലായിരിക്കുമെന്നും പ്രാദേശിക ഉപഭോക്താവിന് ഇതുവഴി നേട്ടമുണ്ടാകുമെന്നും വിപണി വൃത്തങ്ങൾ പറയുന്നു. സെപ്റ്റംബറോടെ യു.എ.ഇയിലെ പ്രമുഖ ബാങ്കുകളും റീട്ടെയിലർമാരും സേവനദാതാക്കളും ജയ്വാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും പ്രമോഷനുകളും ആരംഭിക്കും.
അതേസമയം, ഒന്നോ രണ്ടോ വർഷത്തിനകം ജയ്വാൻ കാർഡുകൾ പൂർണ തോതിൽ പുറത്തിറക്കുമെന്നാണ് യു.എ.ഇയിലെ ബാങ്കിങ് വൃത്തങ്ങൾ നൽകുന്ന സൂചന. 80 ലക്ഷത്തിലധികം കാർഡുകൾ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. യു.എ.ഇയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ജയ്വാൻ കാർഡ് ഉപയോഗിക്കാം. ഇതിനായി രണ്ട് രീതിയിലുള്ള കാർഡുകൾ പുറത്തിറക്കും. യു.എ.ഇയിൽ മാത്രം പേമെന്റ് സാധ്യമാക്കുന്ന കാർഡുകളും വിസ, മാസ്റ്റർ കാർഡുകൾ പോലെ രാജ്യാന്തര തലത്തിൽ പേമെന്റ് നടത്താൻ കഴിയുന്ന കാർഡുകളും.
രണ്ടാമത്തെ രീതിയിലുള്ള കാർഡുകളെ കോ-ബാഡ്ജ് എന്നാണ് വിളിക്കുക. പ്രാദേശിക കറൻസിയിൽ ഇടപാട് നടത്തുമ്പോൾ യഥാർഥ വിനിമയ നിരക്ക് ഇടപാടുകാരന് ലഭിക്കുമെന്നതാണ് ജയ്വാൻ കാർഡിന്റെ ഏറ്റവും വലിയ സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.