ജയ്വാൻ കാർഡ്: അടിസ്ഥാന സൗകര്യങ്ങൾക്ക് തുടക്കമിട്ട് ബാങ്കുകൾ
text_fieldsദുബൈ: പ്രാദേശിക ഇന്ത്യൻ കറൻസിയിൽ വിനിമയം സാധ്യമാക്കുന്ന ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനും പണം പിൻവലിക്കാൻ എ.ടി.എം നെറ്റ്വർക്ക് തയാറാക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് തുടക്കമിട്ട് യു.എ.ഇയിലെ പ്രമുഖ ബാങ്കുകൾ. തങ്ങളുടെ മുഴുവൻ എ.ടി.എമ്മുകളിലും ജയ്വാൻ കാർഡ് സ്വീകരിക്കുമെന്ന് അജ്മാൻ ബാങ്ക് പ്രഖ്യാപിച്ചു. ഇതിനായി ബാങ്കിന്റെ എ.ടി.എം നെറ്റ്വർക്കുകളുമായി ‘ജയ്വാൻ’ കാർഡിനെ ബന്ധിപ്പിക്കുന്ന നടപടികൾ വിജയകരമായി പൂർത്തീകരിച്ചു.
ജയ്വാൻ കാർഡ് ഉപയോഗിച്ച് അജ്മാൻ ബാങ്കിന്റെ ഏത് എ.ടി.എമ്മിൽ നിന്നും വൈകാതെ പണം പിൻവലിക്കാനാവുമെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ യു.എ.ഇയിൽ ‘ജയ്വാൻ’ കാർഡ് സ്വീകരിക്കുന്ന ആദ്യ ബാങ്കിങ് സ്ഥാപനമായും അജ്മാൻ ബാങ്ക് മാറി. ഹബീബ് ബാങ്ക് എ.ജി സൂറിച്ചും എ.ടി.എമ്മുകളിൽ മറ്റ് കാർഡുകൾക്കൊപ്പം ജയ്വാൻ കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാൻ അനുവദിക്കുമെന്ന സൂചന നൽകി. രാജ്യത്തെ വാണിജ്യ നെറ്റ്വർക്കുകളിൽ കാർഡ് സ്വീകരിക്കുമെന്ന് പശ്ചിമേഷ്യയിലെ പ്രമുഖ പേമെന്റ് സൊലൂഷൻസ് ദാതാവായ മാഗ്നാറ്റിയും പ്രഖ്യാപിച്ചു.
യു.എ.ഇ സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേമെന്റ്സ് ആണ് ‘ജയ്വാൻ’ കാർഡ് പുറത്തിറക്കുന്നത്. രാജ്യത്തെ എ.ടി.എമ്മുകൾ, പോയന്റ് ഓഫ് സെയിൽ, ഇ-കോമേഴ്സ് എന്നിവയുൾപ്പെടെ എല്ലാ പേമെന്റ് ചാനലുകളിലും ‘ജയ്വാൻ’ കാർഡ് സ്വീകരിക്കാനുള്ള നെറ്റ്വർക്കുകൾ സമന്വയിപ്പിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അൽ ഇത്തിഹാദ് പേമെന്റ്സ്.
നിലവിൽ ഒരു കോടിയിലധികം ഡെബിറ്റ് കാർഡുകളാണ് യു.എ.ഇയിൽ പ്രാബല്യത്തിലുള്ളത്. രണ്ടര വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഈ കാർഡുകൾ പിൻവലിച്ച് പകരം ജയ്വാൻ കാർഡുകൾ നൽകാനാണ് സെൻട്രൽ ബാങ്കിന്റെ തീരുമാനം. തുടക്കത്തിൽ കാർഡ് ഉപയോഗിച്ച് പ്രാദേശികമായി പണം പിൻവലിക്കാനും പേമെന്റ് നടത്താനും സാധിക്കും. പിന്നീട് ജി.സി.സിയിലും മറ്റു വിദേശ മാർക്കറ്റുകളിലും കാർഡ് ഉപയോഗിക്കാം. കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിലാണ് വിസ/മാസ്റ്റർ കാർഡുകൾക്ക് പകരമായി ‘ജയ്വാൻ’ കാർഡുകൾ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.