മികച്ച പ്രതികരണവുമായി ‘ജുവൽസ് ഓഫ് ദി എമിറേറ്റ്സ്’ തുടരുന്നു
text_fieldsഷാർജ: കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങളുടെ വൻ ശേഖരവുമായി ‘ജുവൽസ് ഓഫ് ദി എമിറേറ്റ്സ്’ തുടരുന്നു. മൂന്നു ദിവസമായി ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേളക്ക് സന്ദർശകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. മൂന്നു ദിവസത്തിനിടെ റെക്കോഡ് സന്ദർശകരാണ് മേളയിലെത്തിയത്. പ്രമുഖ ജ്വല്ലറികളുടെ ഏറ്റവും പുതിയ ഡിസൈനുകൾ പ്രദർശിപ്പിക്കുന്ന മേളയിൽ വൻ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള അപൂർവ രത്നങ്ങൾ, ആധുനികവും പരമ്പരാഗതവുമായ സ്വർണാഭരണ മാതൃകകൾ, അപൂർവ വൈരക്കല്ലുകൾ എന്നിവകൊണ്ട് നിർമിച്ച ആഭരണങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതാണ്. ജവഹറ ജ്വല്ലറി അടുത്തിടെ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ കലക്ഷനായ ‘ബുർഖ’യാണ് മേളയിലെ ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്ന്.
ലോകത്തെ ഏറ്റവും ഭംഗിയേറിയ ആഭരണ ഡിസൈൻ കണ്ടെത്താൻ ‘ദി ബീർസ്’ ഗ്രൂപ് നടത്തിയ മില്ലേനിയം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഭരണമാണ് ബുർഖ കലക്ഷൻ. ഇമാറാത്തികളുടെ പരമ്പരാഗത ആഭരണ ഡിസൈനുകളും ജവഹറ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. പവിഴമുത്തുകൾകൊണ്ട് നിർമിച്ച ‘ദന’ കലക്ഷനും അൽ തബ്ല, സബാസ പീസുകളും പ്രദർശനത്തിന്റെ മാറ്റുകൂട്ടുന്നു. പ്രദർശനത്തിനൊപ്പം വിവാഹ ആഭരണങ്ങൾക്കും പവിഴമുത്തുകൾകൊണ്ട് നിർമിച്ച ആഭരണങ്ങൾക്കും പ്രത്യേക വിലക്കിഴിവുകൾ വിവിധ ജ്വല്ലറികൾ സന്ദർശകർക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷം റൂബി വിലയുള്ള അപൂർവ രത്നക്കല്ലുകൾ പതിച്ച ‘താകത്’ ആഭരണം ആരെയും അത്ഭുതപ്പെടുത്തും.
ലോകത്തെ ആകെയുള്ള പത്തെണ്ണത്തിൽ ഒന്നായി അറിയപ്പെടുന്ന അപൂർവ മരതക കല്ലുകളും പ്രദർശനത്തിന്റെ ഭാഗമാണ്. താക്കത്ത് ജ്വല്ലറി ഒരുക്കിയ 50,000 ഡോളർ വിലമതിക്കുന്ന രത്നക്കല്ലുകൾകൊണ്ട് അലങ്കരിച്ച സെന്റ് കുപ്പികൾ ആഡംബരത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് സന്ദർശകരിലെത്തിച്ചത്. ഇമാറാത്തി ഡിസൈനറായ ശമ്മ അൽ ഹല്ലാമി, സലിം അൽ ശുഹൈബി ജ്വല്ലറിയുടെ സഹകരണത്തോടെ നിർമിച്ച ഏറ്റവും പുതിയ കലക്ഷൻ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതാണ്. അപൂർവ മാണിക്യവും അത്യപൂർവമായ വൈരക്കല്ലുകളുംകൊണ്ട് നിർമിച്ച 18 കാരറ്റ് വരുന്ന ആഭരണം നിർമിക്കാൻ ഏതാണ്ട് 400 ദിവസം വേണമെന്നാണ് കണക്ക്.
‘ജുവൽസ് ഓഫ് ദി എമിറേറ്റ്സ്’ ഒരു പ്രദർശനമെന്നതിനേക്കാളും ആധുനികവും പരമ്പരാഗതവുമായ മാതൃകകളുടെ ഫ്യൂഷനാണ് സന്ദർശകർക്ക് സമ്മാനിക്കുന്നതെന്ന് ഷാർജ എക്സ്പോ സെന്റർ സി.ഇ.ഇ ശൈഖ് സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന മേള ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.