ജൈടെക്സ് ഇന്നുമുതൽ
text_fieldsദുബൈ: ലോകത്തിലെ വലിയ സാങ്കേതികവിദ്യ പ്രദർശനമായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് സന്ദർശകരെത്തുന്ന മേളയുടെ 43ാം എഡിഷനാണ് ഇത്തവണ അഞ്ചു ദിവസങ്ങളിലായി അരങ്ങേറുന്നത്.
കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമടക്കം ആറായിരത്തോളം സ്ഥാപനങ്ങൾ നവീനമായ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന് മേളക്കെത്തും. മുൻവർഷങ്ങളേക്കാൾ 40 ശതമാനം വലുതായിരിക്കും മേളയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
80ലധികം രാജ്യങ്ങളിൽനിന്നായി 1.8 ലക്ഷത്തിലധികം പേർ മേളയിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. ‘എല്ലാത്തിനും നിർമിതബുദ്ധി സങ്കൽപിക്കാനുള്ള വർഷം’ എന്ന തലക്കെട്ടാണ് ഇത്തവണ മേളക്ക് നൽകിയിരിക്കുന്നത്. നിർമിത ബുദ്ധി സാങ്കേതികവിദ്യക്ക് പ്രത്യേകമായ പരിഗണന ഇത്തവണ എക്സിബിഷനിലുണ്ടാകും.
ലോകത്തെ ഏറ്റവും നൂതനമായ എ.ഐ സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യും. ദുബൈയിലെ വിവിധ സർക്കാർ വകുപ്പുകൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയും മേളയിൽ അണിനിരക്കും. പുതുതായി ഉയർന്നുവരുന്ന വിവിധ വിഷയങ്ങളിൽ ലോകത്തെ സാങ്കേതികവിദ്യ വിദഗ്ധരുടെ സംവാദങ്ങളും പ്രഭാഷണങ്ങളും മേളയിൽ അരങ്ങേറും. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള 1500ഓളം വിദഗ്ധരാണ് സംവാദങ്ങളിൽ സംസാരിക്കാനെത്തുന്നത്.
250ലധികം സർക്കാർ സംവിധാനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വെബ് 3.0 ഗെയിമിങ്, ഡിജിറ്റൽ നഗരങ്ങൾ, നിർമിതബുദ്ധി, സൈബർ സുരക്ഷ എന്നിവ കേന്ദ്ര വിഷയങ്ങളായിരിക്കും. 60 മുതൽ 70 ശതമാനം വരെ പുതിയ കമ്പനികളാണ് പങ്കെടുക്കുക.
250ലേറെ ഇന്ത്യൻ കമ്പനികളെത്തും
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി 250ലേറെ ഇന്ത്യൻ കമ്പനികളും ജൈടെക്സിൽ അണിനിരക്കും. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ, ബാങ്കിങ് സൊലൂഷൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, മെറ്റാവേഴ്സ്, വിദ്യാഭ്യാസരംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ, ടെലികോം രംഗത്തെ സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യൻ പ്രദർശനത്തിൽ പ്രധാനമായും സ്ഥാനംപിടിക്കുക.
ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) നിലവിൽവന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ കമ്പനികൾ മേളക്കെത്തുന്നത്. ഐ.ടിയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും കയറ്റുമതി ചുമതലയുള്ള കൂട്ടായ്മയായ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ (ഇ.എസ്.സി) ഉന്നതതല പ്രതിനിധി സംഘവും ജൈടെക്സിൽ പങ്കെടുക്കും.
വേദിയിലേക്ക് സൗജന്യ ബസ് സർവിസ്
ജൈടെക്സ് വേദിയിലേക്ക് എത്തിച്ചേരുന്ന സന്ദർശകർക്ക് സഹായകരമാകുന്നതിന് സൗജന്യ ബസ് സർവിസ് ഏർപ്പെടുത്തി. ദുബൈ മാൾ പാർക്കിങ്ങിൽനിന്നാണ് സൗജന്യ ഷട്ടിൽ സർവിസ് ഏർപ്പെടുത്തിയത്. കാർ പാർക്ക് ചെയ്ത് സന്ദർശകർക്ക് ബസ് മാർഗം ജൈടെക്സ് വേദിയിലെത്താം. കാറിൽ വരുന്നവർക്ക് ബിസിനസ് ബേ, അൽ ബർഷ, ബുർജുമാൻ എന്നിവിടങ്ങളിൽ പാർക്ക് ചെയ്ത് മെട്രോയിൽ വരാനും സൗകര്യമുണ്ട്. പതിനായിരക്കണക്കിന് സന്ദർശകർ എത്തിച്ചേരുന്നതിനാൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ മെട്രോയാണ് ഏറ്റവും എളുപ്പത്തിൽ വേദിയിൽ എത്തിച്ചേരാനുള്ള മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.