ജോലി തട്ടിപ്പ്: മുന്നറിയിപ്പുമായി വൻകിട കമ്പനികൾ
text_fieldsദുബൈ: യു.എ.ഇയിൽ തൊഴിൽ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി വൻകിട കമ്പനികൾ.
പ്രമുഖ എയർലൈനുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, റിയൽ എസ്റ്റേറ്റ് രംഗത്തെ കമ്പനിയായ അൽ ഫുത്തൈം ഗ്രൂപ്, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജെംസ്, കിങ്സ് എജുക്കേഷൻ, ആരോഗ്യ മേഖലയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ എന്നിവരാണ് വ്യാജ റിക്രൂട്ട്മെന്റ് കമ്പനികൾക്കെതിരെ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് വരുന്ന ഇ-മെയിലുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വ്യക്തിവിവരങ്ങൾ നൽകാവൂ എന്നാണ് ഇവർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
അപേക്ഷിക്കാതെ തൊഴിൽ അവസരം വാഗ്ദാനം ചെയ്തുവരുന്ന ഇ-മെയിലുകളിൽ പ്രതികരിക്കരുതെന്ന് കമ്പനികൾ മുന്നറിയിപ്പു നൽകി.
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമാണ് വ്യാപകമായ വിസ തട്ടിപ്പ് നടക്കുന്നത്. ഉദ്യോഗാർഥികളിൽനിന്ന് വിസയുടെ പ്രോസസിങ് ഫീസായി പണം ഈടാക്കുന്നതായി പരാതിയുണ്ട്. എന്നാൽ, ജോലി അപേക്ഷക്ക് ആരിൽനിന്നും ഫീസ് ഈടാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് അൽ ഫുത്തൈം ബിസിനസ് ഗ്രൂപ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങളുടെ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്തു വരുന്ന അപേക്ഷകളിൽ സൂചിപ്പിച്ചിട്ടുള്ള ശരാശരി ശമ്പളം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യു.എ.ഇയിൽ ലൈസൻസുള്ള ഒരു റിക്രൂട്ട്മെന്റ് കമ്പനിയും ഉദ്യോഗാർഥികളിൽനിന്ന് ഫീസ് ഈടാക്കില്ലെന്ന് മെക്കൻസി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡേവിഡ് മെക്കൻസി ജോൺസ് പറഞ്ഞു. തൊഴിൽ വിപണിയിൽ വർഷാവർഷം 40 ശതമാനം വർധനയാണ് കാണുന്നത്. ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകളും വ്യാപകമാണ്.
ചെറിയ ജോലികൾക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നതെങ്കിൽ തട്ടിപ്പാകാനാണ് സാധ്യത. ഉദാഹരണത്തിന് എച്ച്.ആർ മാനേജർ തസ്തികയിൽ ശമ്പളം 50,000 ദിർഹമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിൽ അത് വ്യാജമാകാൻ സാധ്യതയേറെയാണെന്നും മെക്കൻസി പറഞ്ഞു.കാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരോട് സമാനമായ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും മുന്നോട്ടുവെക്കുന്നുണ്ട് ഇത്തിഹാദ് എയർലൈൻസും.
റിക്രൂട്ട്മെന്റിന്റെ ഒരു ഘട്ടത്തിലും ഉദ്യോഗാർഥികളിൽനിന്ന് കമ്പനി ഫീസ് ഈടാക്കുന്നില്ല. @ethihad.aeയിൽ അവസാനിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അന്വേഷണങ്ങൾ നടത്താമെന്നും ഇത്തിഹാദ് അറിയിച്ചു.
അധ്യാപക മേഖലയിലും തട്ടിപ്പ് വ്യാപകമാണെന്ന് ജെംസ് ഇന്റർനാഷനൽ ഗ്രൂപ്പും വ്യക്തമാക്കി. പുതിയ അക്കാദമിക വർഷത്തിൽ 2,500 അധ്യാപകരെയാണ് റിക്രൂട്ട് ചെയ്തത്. ഈ മേഖലയിൽ ഡിമാൻഡ് കൂടുതലാണെങ്കിലും അതോടൊപ്പം വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും വ്യാപകമാണെന്ന് ജെംസ് ഗ്രൂപ്പും കിങ്സ് എജുക്കേഷൻ ഗ്രൂപ്പും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.