ദുബൈയിൽ വീണ്ടും ജോലി തട്ടിപ്പ്; മലയാളികൾ കുടുങ്ങി
text_fieldsദുബൈ: യു.എ.ഇയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ്. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇരയായത്. രണ്ടാഴ്ചക്കുള്ളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനമെങ്കിലും രണ്ട് മാസമായിട്ടും ലഭിച്ചിട്ടില്ല. 85,000 രൂപ വരെ നൽകിയാണ് ദുബൈയിലെത്തിയത്. തിരുവനന്തപുരം സ്വദേശി ഷൈൻ സന്തോഷ്, അങ്കമാലി സ്വദേശിനി മീനു ഇമ്മാനുവൽ എന്നിവരാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ഇരയായവർ പറയുന്നു. ദുബൈ പോളി ക്ലിനിക്കിൽ ഒഴിവുണ്ടെന്നും 4000 ദിർഹം (80,000 രൂപ) ശമ്പളം നൽകുമെന്നും കാണിച്ച് 'നഴ്സസ് ജോബ് വേക്കൻസീസ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇവർ പോസ്റ്റ് ചെയ്തിരുന്നു.
ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാമെന്നും ഒന്നേകാൽ ലക്ഷം രൂപ സർവിസ് ചാർജ് നൽകണമെന്നുമായിരുന്നു അറിയിപ്പ്. ഇത് കണ്ട ശേഷമാണ് പലരും ഇവരുമായി ബന്ധപ്പെട്ടത്. ഗൂഗ്ൾ പേ വഴിയും ബാങ്കുകൾ വഴിയുമാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. യു.എ.ഇയിൽ എത്തിയാൽ ഒരുമാസത്തെ താമസം, ഭക്ഷണം എന്നിവ നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ആദ്യ നാളുകളിൽ ഭക്ഷണമോ താമസമോ കൊടുത്തിരുന്നില്ല.
പിന്നീട് ഭക്ഷണവും ബെഡ് സ്പേസും ഒരുക്കിയെങ്കിലും ഇപ്പോൾ സ്വന്തം കൈയിൽ നിന്ന് പണമെടുത്താണ് ഭക്ഷണച്ചെലവും വാടകയും വഹിക്കുന്നത്. ചിലരുടെ വിസ അടുത്തമാസം കഴിയും. ഇന്റർവ്യൂവിന് പോലും ഇതുവരെ വിളിച്ചിട്ടില്ല. യു.എ.ഇയിലെ അൽ നൂർ ക്ലിനിക്കിലെ നഴ്സാണ് എന്നാണ് മീനു പരിചയപ്പെടുത്തുന്നത്. എന്നാൽ, തങ്ങൾക്ക് ഇങ്ങനെയൊരു നഴ്സിങ് ജീവനക്കാരി ഇല്ലെന്നാണ് അൽ നൂർ മാനേജ്മെന്റ് പറയുന്നത്. ജോലി ലഭിച്ചില്ലെങ്കിൽ ഇന്ത്യൻ കോൺസുലേറ്റിലും മുഖ്യമന്ത്രിക്കും അടക്കം പരാതി നൽകാനൊരുങ്ങുകയാണ് തട്ടിപ്പിരിയായവർ. അതേസമയം, റമദാനായതുകൊണ്ട് റിക്രൂട്ട്മെന്റുകൾ കുറവാണെന്നും വൈകാതെ ജോലി ശരിയാക്കി കൊടുക്കുമെന്നും ഷൈനും മീനുവും പറഞ്ഞു. തങ്ങൾ ഏജൻസി നടത്തുന്നില്ല. ഒഴിവുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്നുമാണ് ഇവരുടെ വാദം. ഇത്തരം തട്ടിപ്പിന് നിരവധി പേർ ഇരയാകുന്നുണ്ടെന്നും സഹായം ആവശ്യപ്പെട്ട് വിളിക്കുമ്പോഴാണ് വിവരം അറിയുന്നതെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയത്തി സമൂഹിക പ്രവർത്തകൻ അമ്മന്നൂർ ഷാജി വടക്കേക്കാട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.