ദുബൈയിൽ ജോലി തട്ടിപ്പ്: 60ഓളം പേർ കുടുങ്ങി
text_fieldsദുബൈ: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി 60ഓളം പേരെ തട്ടിപ്പിനിരയാക്കിയതായി പരാതി. ഇവർ മുറഖബാത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സെക്യൂരിറ്റി സ്ഥാപനത്തിൽ സെക്യൂരിറ്റി, സൂപ്പർവൈസർ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഇവരെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്. ഒരുമാസമായിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഇതിനിടയിൽ സ്ഥാപന ഉടമ മുങ്ങുകയും ചെയ്തു. ഓൺലൈനിൽ പരസ്യം കണ്ടാണ് ഇവർ ജോലിക്കായി അപേക്ഷിച്ചത്. യോഗ്യതയോ മുൻപരിചയമോ ആവശ്യമില്ലെന്നും പരിശീലനത്തിനു ശേഷമായിരിക്കും ജോലി നൽകുക എന്നുമായിരുന്നു അറിയിപ്പ്. സെക്യൂരിറ്റി ഗാർഡിന് 2200 ദിർഹവും സൂപ്പർവൈസർക്ക് 4000 ദിർഹവുമായിരുന്നു വാഗ്ദാനം. ദേരയിലെ ഓഫിസിലേക്ക് ഇവരെ വിളിച്ചുവരുത്തിയെങ്കിലും അപേക്ഷ നൽകുന്നതിനായി പണം നൽകണമെന്ന് ആവശ്യപ്പെട്ടു.
സെക്യൂരിറ്റി ജോലിക്കാർ 1800 ദിർഹവും സൂപ്പർവൈസർ ജോലിക്കാർ 3000 ദിർഹവും നൽകണമെന്നായിരുന്നു ആവശ്യം. ഇത് നൽകിയശേഷം ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ദേരയിലെ ഓഫിസിലെത്തിയ ഇവർ കണ്ടത് അടഞ്ഞുകിടക്കുന്ന ഓഫിസാണ്. മാസങ്ങൾക്കു മുമ്പ് തുറന്ന ഓഫിസിെൻറ ലൈസൻസിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിൽ പരാതി നൽകുന്നതിന് മൂന്നു ദിവസം മുമ്പ് സ്ഥാപന ഉടമ രാജ്യംവിട്ടതായി പൊലീസ് കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യംചെയ്തെങ്കിലും ഉടമയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നാണ് ഇവർ പറയുന്നത്. പൊലീസ് അന്വേഷണം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.