ജോലി തട്ടിപ്പ്; ഷാർജയിൽ ഒമ്പതു മലയാളികൾ ദുരിതത്തിൽ
text_fields
ഷാർജ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനത്തിലേക്കു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം കേന്ദ്രീകരിച്ച് മലയാളിയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിനിരയായ ഒമ്പതു പേർ ഷാർജയിൽ കുടുങ്ങി. ആലപ്പുഴ സ്വദേശി സന്ദീപ്, മാവേലിക്കര സ്വദേശികളായ സരിത, സുഗേഷ്, ആലപ്പുഴ തേവേരി സ്വദേശികളായ ഉണ്ണി, നിതിൻ, മിഥിൻ, ആറാട്ടുപുഴ ഹരികൃഷ്ണൻ, ഇടുക്കി ജയിൻ ജോർജ്, പരുമല അമരേഷ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരിൽ പലരുടെയും വിസ കാലാവധി കഴിഞ്ഞു. ഭക്ഷണം പോലുമില്ലാതെ ഷാർജ റോളയിലെ ചെറിയ മുറിയിലാണ് ഇവരുടെ താമസം.
ഇടപ്പള്ളി സ്വദേശി കെ.ആർ. രതീഷ് ആണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ പറഞ്ഞു. ദുബൈയിലെ അൽവാൻ അൽ റീഫ് എന്ന കമ്പനിയിലെ പാക്കിങ്, അക്കൗണ്ടിങ് വിഭാഗത്തിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. എറണാകുളം രവിപുരത്തെ സഫിയ ട്രാവൽസിലെ ജീവനക്കാരൻ എന്ന വ്യാജേനയാണ് രതീഷ് ഇവരെ സമീപിച്ചത്. സഫിയ ട്രാവൽസിലെത്തി ടിക്കറ്റും വിസയും ഏർപ്പെടുത്തുന്നതായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ തങ്ങളുടെ ജീവനക്കാരനല്ലെന്നും ഇടക്കിടെ ടിക്കറ്റും വിസയും എടുക്കാൻ വേണ്ടി മാത്രമാണ് ഇവിടെ വരുന്നതെന്നും സഫിയ ട്രാവൽസ് ഉടമകൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഫെബ്രുവരി നാലിന് യു.എ.ഇയിലേക്ക് പോകേണ്ടി വരുമെന്നായിരുന്നു സന്ദീപ് ഉൾപ്പെടെയുള്ള നാലുപേരോട് രതീഷ് ആദ്യം പറഞ്ഞത്. എന്നാൽ, ഫെബ്രുവരി മൂന്നിനും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ഇവർ തേവര പൊലീസിൽ പരാതി നൽകി. പൊലീസ് ഇടപെട്ടതോടെ ഉടൻ ടിക്കറ്റ് നൽകി. യു.എ.ഇയിലേക്ക് മെഡിക്കൽ പരിശോധന ആവശ്യമില്ലെങ്കിലും അശോക മെഡിക്കൽസ് എന്ന സ്ഥാപനം വഴി പരിശോധനക്കും ഹാജരാക്കി. യു.എ.ഇയിൽ എത്തിയാൽ മുംബൈ സ്വദേശി ജാഫറിനെ ബന്ധപ്പെടാനായിരുന്നു നിർദേശം. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ജാഫർ എത്തി 500 ദിർഹം (10,000 രൂപ) ഇവരിൽനിന്ന് വാങ്ങി. താമസത്തിനുള്ള അഡ്വാൻസാണെന്നും മൂന്നു ദിവസത്തിനുള്ളിൽ പണം തിരികെ അക്കൗണ്ടിലേക്ക് അയച്ചുതരുമെന്നും നാലാം ദിവസം മുതൽ ജോലിക്ക് കയറാമെന്നുമാണ് ജാഫർ പറഞ്ഞിരുന്നത്. പിന്നീട് ജാഫറും കൈയൊഴിഞ്ഞു.
1100 ദിർഹം കൂടി നൽകിയാൽ മറ്റൊരു സ്ഥാപനത്തിൽ ജോലിനൽകാമെന്നാണ് ജാഫർ ഇപ്പോൾ പറയുന്നത്. രതീഷ് ഫോൺ എടുക്കുന്നില്ല. വാട്സ്ആപ് മെസേജുകളോട് പ്രതികരിക്കുന്നുമില്ല. കടം വാങ്ങിയും സ്വർണം വിറ്റും പണയംവെച്ചും 70,000 രൂപയോളം നൽകിയാണ് ഇവർ ഷാർജയിൽ എത്തിയത്. ആദ്യം എത്തിയ നാലു പേരുടെ വിസ കാലാവധി കഴിഞ്ഞതോടെ വൻ തുക പിഴയായി. മറ്റുള്ളവരുടെ വിസ ഉടൻ കഴിയും. ചില മനുഷ്യസ്നേഹികളുടെ ഇടപെടലിലൂടെയാണ് ഇടക്കിടെയെങ്കിലും ഭക്ഷണം ലഭിക്കുന്നത്. വാടകസമയം കഴിയുന്നതോടെ താമസസ്ഥലത്തുനിന്ന് ഒഴിയേണ്ടിവരും. കേരള സർക്കാറും ഇന്ത്യൻ എംബസിയും ഇടപെട്ട് രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.