തൊഴിൽ നഷ്ട ഇൻഷുറൻസ്; പിഴ മുന്നറിയിപ്പുമായി മന്ത്രാലയം
text_fieldsദുബൈ: തൊഴിൽ നഷ്ട ഇൻഷുറൻസിൽ നിശ്ചിത സമയത്തിനകം ചേരാത്ത ജീവനക്കാർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി മാനവവിഭശേഷി, എമിറൈറ്റേസേഷൻ മന്ത്രാലയം. ഒക്ടോബർ ഒന്നാണ് പദ്ധതിയിൽ ചേരാൻ നിശ്ചയിച്ച അവസാന തിയതി. 400 ദിർഹമാണ് നിയമം പാലിച്ചില്ലെങ്കിൽ പിഴ ചുമത്തുക. ജനുവരിയിൽ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതിതനകം 50 ലക്ഷത്തോളം പേർ ചേർന്നിട്ടുണ്ട്.
ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്ന കാലയളവിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ ജീവനക്കാർക്കെല്ലാം പരിരക്ഷ നൽകുന്നതാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. നാമമാത്ര പ്രീമിയമുള്ള ഇൻഷുറൻസ് തൊഴിലാളികൾ സ്വന്തമായാണ് എടുക്കേണ്ടതെങ്കിലും അതതു സ്ഥാപന ഉടമകൾക്കും ഇൻഷുറൻസ് എടുത്തു നൽകാം. ഇങ്ങനെ ചെയ്യുമ്പോൾ ഒന്നുകിൽ തുക കമ്പനി നേരിട്ട് അടക്കുകയോ തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഈടാക്കുകയോ ചെയ്യാം.
ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്നു മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ചു ദിർഹമും അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് പ്രീമിയം തുക. മാസത്തിലോ മൂന്ന്, ആറ്, ഒമ്പത്, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടക്കാവുന്നതാണ്. നിശ്ചിത തീയതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദാകും.
സ്വന്തമായ ബിസിനസ് ചെയ്യുന്നവർ, ഗാർഹിക ജോലിക്കാർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. എങ്കിലും താൽപര്യമുള്ള 18 വയസ്സു പൂർത്തിയായവർക്ക് നിലവിലെ തൊഴിൽരഹിത ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ എന്നും നേരത്തേ അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.