വാക്സിൻ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 500ഓളം നഴ്സുമാർ ദുബൈയിൽ ദുരിതത്തിൽ
text_fieldsദുബൈ: യു.എ.ഇയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ വലയിൽപെട്ട് 500ഓളം മലയാളി നഴ്സുമാരാണ് ദുബൈയിൽ ദുരിതത്തിൽ കഴിയുന്നത്. 2.5 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ മുടക്കിയാണ് ഇവരെ ദുബൈയിൽ എത്തിച്ചത്. ബി.എസ്സി നഴ്സിങ്ങും ജനറൽ നഴ്സിങ്ങും കഴിഞ്ഞവരാണ് ഇവരെല്ലാം.
എറണാകുളം കലൂർ കേന്ദ്രീകരിച്ച് പ്രവർത്തികുന്ന 'ടേക് ഓഫ്' എന്ന സ്ഥാപനമാണ് റിക്രൂട്ട്മെൻറ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കോവിഡ് വാക്സിൻ നൽകുന്നതിന് യു.എ.ഇയിലെ സർക്കാർ ആശുപത്രികളിൽ ഉൾെപ്പടെ ഒഴിവുണ്ടെന്നും ഒന്നേകാൽ ലക്ഷം രൂപ ശമ്പളം നൽകാമെന്നുമായിരുന്നു വാഗ്ദാനം. ദുബൈയിൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാർ എന്ന വ്യാജേന ചില സ്ത്രീകളെ ഉപയോഗിച്ച് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ, വിസിറ്റിങ് വിസയിൽ യു.എ.ഇയിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന വിവരം അറിയുന്നത്. ദുബൈ ദേര അൽ റിഗയിലെ വിവിധ കെട്ടിടങ്ങളിലെ കുടുസ്സുമുറിയിലാണ് ഇവരെയെല്ലാം താമസിപ്പിച്ചിരിക്കുന്നത്. പലരുടെയും വിസ കാലാവധി കഴിയാറായി. നല്ല ഭക്ഷണമില്ല.
ചിലർ സ്വന്തം നിലയിൽ അന്വേഷിച്ച് ജോലിക്ക് കയറി. ചിലർ നാട്ടിലേക്ക് മടങ്ങി. ഹോം കെയറിലോ മസാജ് സെൻററിലോ ജോലി നൽകാമെന്നാണ് ഏജൻസി പറയുന്നത്. പണം തിരികെ ചോദിച്ചപ്പോൾ 3000 ദിർഹം (60,000 രൂപ) നൽകാെമന്നും പറയുന്നു. സർട്ടിഫിക്കറ്റുകൾ ഏജൻസിയുടെ കൈയിലാണ്.
പുതിയ തട്ടിപ്പുമായി കൂടുതൽ ആളുകളെ ഇവിടേക്ക് ദിവസവും എത്തിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് പറഞ്ഞതോടെ ഭീഷണിയും മുഴക്കുന്നുണ്ട്.
വീടും സ്ഥലവും പണയം വെച്ചും വായ്പയെടുത്തും വന്നവരാണ് നഴ്സുമാരിൽ ഏറെയും. നാട്ടിലെ എം.എൽ.എമാർ വഴി എറണാകുളത്തെ കമീഷണർ ഓഫിസ് വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ, പരിഹാരമുണ്ടായില്ല. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വിവിധ പൊലീസ് വകുപ്പ് മേധാവികൾക്കും ഇ-മെയിൽ വഴി പരാതി അയച്ചത്.
ഫിറോസ് ഖാൻ എന്നയാളാണ് ഏജൻസിയുടെ ഉടമ. ഇയാളുടെ നാല് മൊബൈൽ നമ്പറുകളും ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. സത്താർ, സെയ്ദ്, ജോഷി തോമസ്, ചാൾസ് എന്നിവരും സംഘത്തിലുണ്ട്. നിലവിൽ ദുബൈയിലുള്ള ജോഷി തോമസിനെ മുമ്പ് സമാന കേസിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലി നൽകാമെന്ന പേരിൽ അജ്മാനിലും നിരവധി മലയാളി സ്ത്രീകളെ തട്ടിപ്പിനിരയാക്കി താമസിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നിലും മലയാളി ഏജൻറുമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.