നിയമലംഘനം; 22 തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsദുബൈ: ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 22 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പിഴ ചുമത്തി.
ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ 37 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. തൊഴിലുടമകളിൽനിന്ന് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽ റിക്രൂട്ട്മെന്റ് ഫീസ് രണ്ടാഴ്ചക്കുള്ളിൽ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഇതിൽ ഉൾപ്പെടും.
ജീവനക്കാരനെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിലേക്ക് തിരിച്ചയച്ച തീയതി മുതലോ അല്ലെങ്കിൽ തൊഴിലാളി ജോലി നിർത്തിയതായി റിപ്പോർട്ട് ചെയ്ത തീയതി മുതലോ റിക്രൂട്ട്മെന്റ് ഫീസ് തൊഴിലുടമക്ക് തിരികെ നൽകണമെന്നതാണ് യു.എ.ഇയിലെ നിയമം. എല്ലാ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കണമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിൽ ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമപരമായ വ്യവസ്ഥകളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകൾക്കായുള്ള നിരീക്ഷണ സംവിധാനം കാര്യക്ഷമമാണ്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും തൊഴിൽ കൺസൽട്ടേഷൻ ആൻഡ് ക്ലെയിംസ് സെന്ററിന്റെ 80084 എന്ന നമ്പറിലൂടെയും അറിയിക്കാം. രാജ്യത്ത് ലൈസൻസുള്ള ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമപരമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായും വിശ്വസനീയമല്ലാത്ത സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സേവനങ്ങൾ നൽകുന്നവരുമായും ഇടപാട് നടത്തുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജനുവരിയിൽ മന്ത്രാലയം 14 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.