തൊഴില്‍ തട്ടിപ്പ്: മലയാളി യുവതിയെ രക്ഷിച്ചു
text_fieldsറാസല്‍ഖൈമ: ഏജന്റുമാരുടെ ചതിയില്‍ മൂന്നാഴ്ചയോളം റാസല്‍ഖൈമയിലെ വില്ലയിലകപ്പെട്ട പത്തനംതിട്ട അടൂര്‍ സ്വദേശിനിക്ക് തുണയായത് ഗ്ലോബല്‍ പ്രവാസി യൂനിയന്റെ (ജി.പി.യു) ഇടപെടല്‍. ഏജന്റിന്റെ താമസസ്ഥലത്തെ ദുരിത ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ട് ഉമ്മുല്‍ഖുവൈനില്‍ ജി.പി.യു ഭാരവാഹികളുടെ തണലിലാണ് ഇപ്പോള്‍ യുവതി. നാട്ടില്‍ ലാബ് ടെക്നീഷ്യനായിരുന്നുവെന്ന് ഇവർ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗള്‍ഫില്‍ മികച്ച ജോലിയെന്ന വാഗ്ദാനവുമായാണ് ഏജന്റ് സമീപിച്ചത്. സന്ദര്‍ശക വിസയിലാണ് യു.എ.ഇയിലത്തെിയത്. വിമാനത്താവളത്തിൽനിന്ന് റാസല്‍ഖൈമയിലെ വില്ലയിലെത്തിച്ചു. ഇവിടെ ഒറ്റപ്പെട്ട നിലയിലായിരുന്നു. പന്തികേട് തോന്നിയപ്പോള്‍ തന്നെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏജന്റ് ചെവിക്കൊണ്ടില്ല. വിവരം രക്ഷിതാക്കളെ അറിയിക്കാന്‍ കഴിഞ്ഞതാണ് ആശ്വാസമായത്. മദീനയിലെ ഗ്ലോബല്‍ പ്രവാസി യൂനിയന്‍ പ്രവര്‍ത്തകരാണ് യുവതി റാസല്‍ഖൈമയിൽ പ്രതിസന്ധിയിലകപ്പെട്ട വിവരം അറിയിച്ചതെന്ന് ഗ്ലോബല്‍ പ്രവാസി യൂനിയന്‍ ചെയര്‍മാനും ഉമ്മുല്‍ഖുവൈനിലെ സാമൂഹിക പ്രവര്‍ത്തകനുമായ അഡ്വ. ഫരീദ് പറഞ്ഞു.
സഹപ്രവര്‍ത്തകരായ കരീം പൂച്ചിങ്ങല്‍, പി. വിദ്യാധരന് എന്നിവരുമായി ആലോചിച്ച് ഉമ്മുല്‍ഖുവൈന്‍ പൊലീസുമായി ബന്ധപ്പെട്ടു. ഉമ്മുല്‍ഖുവൈനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അധികൃതര്‍ റാസല്‍ഖൈമ പൊലീസിന് കൈമാറി. യുവതിയുടെ പാസ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഔട്ട്പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണെന്നും അഡ്വ. ഫരീദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.