ജോലിയില്ല; ഉമ്മുൽഖുവൈനിൽ കുടുങ്ങി 150ഒാളം മത്സ്യതൊഴിലാളികൾ
text_fieldsഉമ്മുല്‍ഖുവൈന്‍: ജോലിയില്ലാത്തതിനെ തുടർന്ന് ഉമ്മുൽഖുവൈനിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെയുള്ള 150ഒാളം മത്സ്യതൊഴിലാളികൾ.
ആറുമാസത്തെ മത്സ്യബന്ധനത്തിന് കരാർ അടിസ്ഥാനത്തിൽ എത്തിയവരാണ് നാട്ടിൽ പോകാൻ പോലും കഴിയാതെ ഇവിടെ കുടുങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരും തമിഴ്നാട് സ്വദേശികളുമാണ് ഇവര്‍. എംബസിയുടെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണിവർ.
ആറുമാസത്തെ ജോലിക്കായാണ് എത്തിയതെങ്കിലും കോവിഡ് വ്യാപനം മൂലം കരാർ തൊഴിൽ അവസാനിപ്പിച്ചതിനാൽ മാസങ്ങളായി ജോലിയില്ലാത്ത അവസ്ഥയിലാണ്. ഇവിടെ തൊഴിൽ ചെയ്തുണ്ടാക്കിയ തുകകൊണ്ടാണ് ഇതുവരെ കഴിഞ്ഞിരുന്നത്.
വാടകക്കും ഭക്ഷണത്തിനുമായി ഇൗ തുക ചെലവായതിനാൽ നാട്ടിൽ പോകാൻ ടിക്കറ്റെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. മാത്രമല്ല, എല്ലാവരും ഒരുമിച്ച് കഴിയുന്നതിനാൽ കോവിഡ് പിടിപെടുമോ എന്ന ഭയവും നിലനിൽക്കുന്നു. ഉടന്‍ നാടണയുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് മത്സ്യതൊഴിലാളിയായ സജാദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 2018ലെ പ്രളയത്തില്‍ സ്വന്തം വള്ളവുമായി പന്തളത്തെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ആളാണ് സജാദ്.
നാട്ടിലെ സര്‍ക്കാറുമായും നിരന്തരം ബന്ധപ്പെട്ടുവെങ്കിലും ഒരു വിവരവും കിട്ടിയിട്ടില്ല എന്ന് അവര്‍ പറയുന്നു. പ്രമേഹം, രക്ത സമ്മര്‍ദം അടക്കം പ്രയാസം അനുഭവിക്കുന്നവര്‍ ഇവര്‍ക്കിടയിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ പരിഗണന നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും എംബസിയിൽ നിന്നോ കോണ്‍സുലേറ്റിൽനിന്നോ ഇതുവരെ വിളി വന്നിട്ടില്ല. ഇവരുടെ വരുമാനം നിലച്ചതോടെ നാട്ടിലുള്ള കുടുംബങ്ങളും പട്ടിണിയിലായി. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനും കെ.എം.സി.സിയും മറ്റു സാമൂഹിക സംഘടനകളും ഇവർക്ക് മരുന്നും ഭക്ഷണ സാധനങ്ങളും എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.