ദുബൈ കോടതിവിധി ബഹ്റൈനിൽ നടപ്പാക്കി കിട്ടാൻ
text_fields?എനിക്ക് ദുബൈ കോടതിയുടെ അനുകൂലവിധി ലഭിച്ചു. അത് ബഹ്റൈനിലുള്ള സ്ഥാപനത്തിന് എതിരെയാണ്. ഈ വിധി ഇവിടെ നടപ്പാക്കി കിട്ടാൻ എന്തുചെയ്യണം?
അഷ്റഫ് മുഹമ്മദ്, റിഫ
• താങ്കൾക്ക് ദുബൈ കോടതിയിൽനിന്ന് ലഭിച്ച വിധി ഇവിടത്തെ എക്സിക്യൂഷൻ കോടതി മുഖേന നടപ്പാക്കി കിട്ടും. അതിന് ചില നിബന്ധനകളുണ്ട്
ദുബൈ കോടതി വിധി അന്തിമമായിരിക്കണം. അതായത്, ആ വിധിയിൽ ഇനിയും അപ്പീൽ ഉണ്ടായിരിക്കരുത്.
രണ്ട് കക്ഷികളും കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായിരിക്കണം.
ആ വിധി ഇവിടത്തെ നിയമത്തിനോ ഭരണഘടനക്കോ ശരിഅ നിയമത്തിനോ എതിരായിരിക്കരുത്.
ഇവിടത്തെ കോടതിയിൽ നേരത്തേ നടത്തിയ ഒരു കേസിലായിരിക്കരുത് ആ വിധി.
ആ വിധി ഇവിടത്തെ ഒരു ഉദ്യോഗസ്ഥൻ അയാളുടെ ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവൃത്തിക്കോ അല്ലെങ്കിൽ ഇവിടത്തെ സർക്കാറിനോ എതിരായിരിക്കരുത്.
അന്താരാഷ്ട്ര കൺവെൻഷനുകൾക്കോ പ്രോട്ടോകോളുകൾക്കോ വിരുദ്ധമാകരുത്.
ഇതിനുവേണ്ടി ജി.സി.സി രാജ്യങ്ങൾ തമ്മിൽ ഒരു കരാർ നിലവിലുണ്ട്. അതുകൊണ്ട് ഇവിടെ പുതിയ കേസ് നൽകേണ്ടതില്ല. ദുബൈ കോടതി വിധി അന്തിമമാണെങ്കിൽ ബഹ്റൈനിലെ ഒരു അഭിഭാഷകൻ മുഖേന ആ വിധി എക്സിക്യൂഷൻ കോടതിയിൽ സമർപ്പിക്കണം. ദുബൈ കോടതി വിധി അവിടത്തെ ബഹ്റൈൻ കോൺസുലേറ്റ് ലീഗലൈസ് ചെയ്തിരിക്കണം. വിധിയിൽ അന്തിമമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വിധി അന്തിമമാണെന്നുള്ള ഒരു രേഖയും ഇവിടത്തെ കോടതിയിൽ സമർപ്പിക്കണം. ലഭിക്കാനുള്ള തുകയുടെ അടിസ്ഥാനത്തിൽ കോടതി ഫീസ് നൽകണം.
സിവിൽ, കമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റിവ്, പേഴ്സനൽ ലോ എന്നിവയിൽ കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങൾ എല്ലാം ഈ രീതിയിൽ ഇവിടെ നടപ്പാക്കാൻ സാധിക്കും.
കൂടുതൽ വ്യക്തമായി ഇത് മനസ്സിലാക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കുന്നത് നല്ലതാണ്.
ഹെൽപ് ഡെസ്ക്:
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.