ജൂനിയർ വാണി ജയറാം
text_fieldsസംഗീതത്തിന് ലോക്ഡൗണുേണ്ടാ. ഒരിക്കലുമില്ലെന്ന് തെളിയിക്കുകയാണ് ലേഖ അജയ്. മഹാമാരിയെത്തി സംഗീത നിശകൾക്ക് തിരശീലയിട്ടപ്പോൾ സോഷ്യൽ മീഡിയ വാതിലുകളുടെ പൂട്ട് പൊളിച്ച് മലയാളികളുടെ മനസിലേക്ക് ഈണമായി പടർന്നുകയറുകയാണ് ഈ ഗായിക. ദുബൈയിലെ ആയിരക്കണക്കിന് വേദികളിൽ പാടിത്തകർത്തിരുന്ന ഇവരിപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ബുള്ളറ്റ്സ് എന്ന ബ്രാൻഡിന് കീഴിലാണ് സംഗീത വിരുന്ന്. ഫേസ്ബുക്കിൽ 250K ഫോളോവേഴ്സുമുണ്ട്.
അനുഗ്രഹീത ഗായിക വാണി ജയറാമിെൻറ അതേ ശബ്ദത്തിൽ ഒന്നാന്തരമായി പാടുന്ന ലേഖ ദുബൈയിലെ മലയാളികൾക്കിടയിലെ പരിചിത ശബ്ദമാണ്. ഒരിക്കൽ വാണി ജയറാം വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 'മനസിൽ മടിയിലെ മാന്തളിരിൻ' എന്ന ഗാനമാണ് വാണിജയറാമിനെ പോലും വിസ്മയിപ്പിച്ചത്. വാണിയമ്മയെയും ജാനകിയമ്മയേയും നേരിൽ കാണുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
ചെറുപ്പം മുതൽ ഗായികയായിരുന്നെങ്കിലും ചാനലിൽ പരിപാടി അവതരിപ്പിച്ചായിരുന്നു ഈ മേഖലയിൽ സജീവമായത്. ഭർത്താവ് അജയ് ഉൾപെടെയുള്ളവർ ചേർന്ന് രൂപപ്പെടുത്തിയെടുത്ത ബുള്ളറ്റ്സ് ബാൻഡ് പ്രവാസ ലോകത്ത് തകർത്തുവാരുേമ്പാഴാണ് കോവിഡ് എത്തുന്നത്. 2020 മാർച്ച് ഒമ്പതിന് ലോക്ഡൗണിന് തൊട്ടുമുൻപ് യു.എ.ഇയിലെ അവസാന സ്റ്റേജ് ഷോ ചെയ്തത് ബുള്ളറ്റ്സാണ്.
ലോക്ക് വീണതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. 'കിളിയേ കിളിയേ' ഫേസ്ബുക്കിൽ കണ്ടത് ഒരു കോടി വ്യൂവേഴ്സാണ്. 'മ്യൂസിക്കലി യുവേഴ്സ് ലൈക്ക് ലേഖ അജയ്' എന്ന ഫേസ്ബുക്ക് പേജിൽ മാസത്തിൽ രണ്ട് എപിസോഡ് ചെയ്തിരുന്നു. 2000-2001 വർഷത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. സാമ്രാജ്യം 2, വിൻ, വെള്ളകുതിര, ഒരു പരീക്ഷണ കഥ എന്നീ സിനിമകളിൽ പാടിയിട്ടുമുണ്ട്.
പത്തു വർഷത്തെ പ്രവാസത്തിനിടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് തൃശൂർ ചിയ്യാരം സ്വദേശി അജയ്യും ഗായകനാണ്. മക്കളായ അഖിലേഷ് കൃഷ്ണ, അഞ്ജന കൃഷ്ണ എന്നിവർക്കൊപ്പം അജ്മാനിലാണ് താമസം. ദുബൈ വീണ്ടും സജീവമാകുമെന്നും സ്റ്റേജ് ഷോകളിൽ വീണ്ടും പാടിത്തകർക്കാമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ലേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.