അരനൂറ്റാണ്ടടുത്ത പ്രവാസം മതിയാക്കി കബീർ മടങ്ങുന്നു
text_fieldsദുബൈ: ലാഞ്ചിയിൽ ഗൾഫ് തേടിപ്പോയ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളാണ് തൃശൂർ ചാവക്കാടിനടുത്ത പൈങ്കണ്ണിയൂർ സ്വദേശി വി.പി. കബീർ. 1973ലാണ് മുംബൈയിൽനിന്ന് യാത്ര പുറപ്പെടുന്നത്.
സ്വന്തം കാലിൽ നിൽക്കാനും ആരുടെയും ആശ്രയമില്ലാതെ ജീവിക്കാനുമുള്ള വാശിയാണ് പ്രവാസം എന്ന അന്നത്തെ സാഹസികതക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മുംബൈയിൽനിന്ന് പുറപ്പെട്ട് 10ാം നാൾ ലാഞ്ചി കേടുവരുകയും തിരിച്ച് യാത്ര ചെയ്യേണ്ടിവരുകയും ചെയ്തു. പിന്നീട് മറ്റൊരു ലാഞ്ചിയിൽ കയറിയാണ് 14 ദിവസത്തെ യാത്രക്ക് ശേഷം ദുബൈയിൽ വന്നിറങ്ങുന്നത്. യു.എ.ഇക്ക് രണ്ടു വയസ്സുള്ളപ്പോൾ ഇമാറാത്തി മണ്ണിലിറങ്ങിയ കബീർ ഇൗ നാടിെൻറ വളർച്ചയും മുന്നേറ്റവും നേരിൽ കണ്ടയാളാണ്.
ആദ്യകാലത്ത് ഹോട്ടൽ ജോലിയായിരുന്നു. പ്രയാസങ്ങൾ നിറഞ്ഞ കാലമായിരുന്നു അതെന്ന് അദ്ദേഹം ഓർക്കുന്നു. താമസസ്ഥലത്ത് പത്തിലേറെ പേർ എയർകണ്ടീഷനില്ലാതെ ഒരു മുറിയിൽ. ഈ സാഹചര്യം മാറുന്നത് ദുബൈ ഖിസൈസിലെ സിവിൽ ഡിഫൻസ് ഓഫിസിൽ ജോലി ലഭിച്ചതോടെയാണ്.
എമിറേറ്റിലെ അഗ്നിശമനവിഭാഗമായ ഇവിടെ വ്യത്യസ്ത രാജ്യക്കാരായ ആളുകൾ ജോലിചെയ്യുന്നുണ്ട്. ഇവർക്കിടയിലെല്ലാം ഓഫിസ് ബോയ് ആയ കബീർ ആദരണീയനായിരുന്നു. എല്ലാവരും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇടപെട്ടിരുന്നതെന്ന് അദ്ദേഹം പറയുന്നു. 26 വർഷമാണ് സിവിൽ ഡിഫൻസിൽ ജോലിയിൽ തുടർന്നത്. ദുബൈ ജീവിതം കൊണ്ട് ആഗ്രഹിച്ച കാര്യങ്ങളെല്ലാം ദൈവസഹായത്താൽ കൈവരിക്കാൻ സാധിച്ചു.
പൈങ്കണ്ണിയൂരിൽനിന്ന് മാറി പാവറട്ടി പാങ്ങിൽ വീട് പണിയുകയും രണ്ട് മക്കളെയും വളർത്തി വലുതാക്കുകയും ചെയ്തു. കുടുംബത്തെ ഒരിക്കലും ദുബൈയിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും മിക്ക വർഷവും അവധിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞു. സംതൃപ്തിയോടെയാണ് ദുബൈയിൽനിന്ന് മടങ്ങാൻ ഒരുങ്ങുന്നത് -അദ്ദേഹം പറയുന്നു. സിവിൽ ഡിഫൻസ് ഓഫിസിലെ കാരണവർക്ക് ഹൃദ്യമായ യാത്രയയപ്പാണ് വിവിധ ദേശക്കാരായ ജീവനക്കാർ നൽകിയത്.
ആദ്യകാലത്ത് ആഗ്രഹിച്ചപോലെ സ്വന്തം കാര്യങ്ങൾ പ്രയാസമില്ലാതെ നിർവഹിക്കാനും കടങ്ങളോ മറ്റു ബാധ്യതകളോ ഇല്ലാതിരിക്കാനും സാഹചര്യമൊരുക്കിയത് ദുബൈയിലെ ജീവിതമാണെന്ന് 71ാമത്തെ വയസ്സിൽ മടങ്ങാൻ ഒരുങ്ങുേമ്പാൾ അദ്ദേഹം പറയുന്നു. ഭാര്യ: റുഖിയ. മക്കൾ: ഷഫീന, റഹീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.