കാൽ നൂറ്റാണ്ട് പിന്നിട്ട പ്രവാസം മതിയാക്കി കമാൽ ബാബു മടങ്ങുന്നു
text_fieldsദുബൈ: 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് കമാൽ ബാബു നാടണയുന്നു. ഒമ്പതു വർഷം മുമ്പാണ് മസ്കത്തിൽനിന്ന് കമാൽ ബാബു ദുബൈയിലെത്തിയത്. ദുബൈ എയർപോർട്ടിൽ ബസ് ഡ്രൈവറായി അൽ ഹുറൈസ് ട്രാൻസ്പോർട്ടിങ് കമ്പനിയിലായിരുന്നു ജോലി. മെച്ചപ്പെട്ട സേവന വേതന സൗകര്യങ്ങൾ നൽകുന്ന കമ്പനിയിലെ ജോലിയിൽ സമ്പൂർണ തൃപ്തനുമായിരുന്നു കമാൽ. കമ്പനിക്കുള്ള എയർപോർട്ട് കോൺട്രാക്ട് അവസാനിച്ചതിനാൽ സ്വയം വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. എന്നാലും മകൻ നബീലിന് ദുബൈയിൽ ഇപ്പോൾ ഒരുജോലി ശരിയായ ആശ്വാസത്തിലാണ്.
തൃശൂർ പുന്നയൂർ പഞ്ചായത്തിൽ അവിയൂർ സ്വദേശിയായ കമാൽ സാമൂഹിക രംഗത്ത് നാട്ടിൽ സജീവമായിരുന്നു. ദുബൈയിൽ കെ.എം.സി.സി പുന്നയൂർ പഞ്ചായത്ത് പ്രഥമ പ്രസിഡൻറായും പ്രവർത്തിച്ചു. നിലവിൽ ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡൻറാണ്. കെ.എം.സി.സി സംസ്ഥാന-ജില്ല പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു സഹായ സമാഹരണത്തിനു എല്ലാ കമ്മിറ്റികളിലും സജീവമായിരുന്നു.
ഒമ്പത് വർഷത്തെ ദുബൈ ജീവിതം സന്തോഷകരമായിരുന്നു. കമ്പനിയിലെ സഹപ്രവർത്തകനായിരുന്ന ഒരാൾ വലിയൊരു തുക വായ്പ വാങ്ങിയിട്ട് തിരികെ നൽകാത്തതും അദ്ദേഹത്തെ നേരിൽ കാണാൻ കഴിയാത്തതും മാത്രമാണ് വേദനയായി അവശേഷിക്കുന്നത്. വട്ടംപറമ്പിൽ മൊയ്തുട്ടിയും ചക്കിയംപറമ്പിൽ നഫീസയുമാണ് മാതാപിതാക്കൾ. ഭാര്യ: റസിയ. മക്കൾ: നബീൽ (ദുബൈ), നസീൽ, നാജിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.