പ്രവാസികളുടെ ഇഷ്ടമായി കമല സുരയ്യ പൂങ്കാവനം
text_fieldsസ്നേഹത്തിൽ ചാലിച്ച അക്ഷരങ്ങൾ കൊണ്ട് വിശ്വസാംസ്കാരിക വേദിയിൽ തന്റേതായ ഇടം കണ്ടെത്തിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എഴുത്തുകാരിയായിരുന്നു കമലസുരയ്യ. വായിക്കും തോറും സ്നേഹത്തിന്റെ പൂക്കൾ വിടരുന്ന, മാനവികതയുടെ ഐശ്വര്യം തുളുമ്പുന്ന ഒരു ഗ്രാമീണ സൗന്ദര്യം കമലസുരയ്യയുടെ എഴുത്തിന്റെ സംഗീതമാണ്. പുന്നയൂർകുളത്തെ നാലപ്പാട്ട് വീട്ടിലെത്തിയാൽ ഈ ഗ്രാമീണ സൗരഭ്യം ആവോളം നുകരാൻ സാധിക്കുന്നത് അതുകൊണ്ടാണ്. പഴയ നാലപ്പാട്ട് വീട് ഇന്നില്ലെങ്കിലും ഇലഞ്ഞിയും സർപ്പകാവും നീർമാതളവും കാലമേറെ കുളിച്ചിട്ടും വറ്റാത്ത സാക്ഷിയായി കുളവും അവിടെ തന്നെയുണ്ട്.
കമലസുരയ്യ ജനിച്ചു വളർന്ന വീട് കേരളസാഹിത്യ അക്കാദമി ഏറ്റെടുക്കുകയും അവിടെ ഒരു സാംസ്കാരിക സമുച്ചയം തീർക്കുകയും ചെയ്തതോടെ സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി ഇതുമാറിയിട്ടുണ്ട്. സന്ദർശകരിൽ അധികവും പ്രവാസികളും അവരുടെ കുടുംബാഗങ്ങളുമാണ്. രാവിലെ 9.00 മുതൽ രാത്രി 8.00 വരെയാണ് സമുച്ചയം സന്ദർശകരെ അനുവദിക്കുന്നത്. നവംബറിൽ പൂത്തുലഞ്ഞ നിർമാതളപൂക്കളുടെ ശാലീനഭംഗി നുകരുവാനും കമലസുരയ്യ ഊഞ്ഞാലാടി തിമർത്ത ഇലഞ്ഞിമരത്തിന്റെ കവിതയുള്ള തണലത്തിരിക്കുവാനും പായലു പിടിച്ച കുളത്തിന്റെ വക്കത്തുനിന്ന് പച്ചപായൽ പരപ്പിൽ തെളിയുന്ന ജലതരംഗം ആസ്വദിക്കുവാനുമായിട്ടാണ് സന്ദർശകർ എത്തുന്നത്.
പ്രവാസി വിദ്യാർഥികളുടെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ‘MY GRAND MOTHER’S HOUSE’ എന്ന നാടോർമകൾ ഉണർത്തുന്ന കമലസുരയ്യയുടെ കവിതയാണ് ദുബൈയിലെ വിസ്മയയെ ഇവിടേക്ക് ആകർഷിച്ചത്.
തീർത്തും ഒറ്റപ്പെട്ടുപോയ ഒരു വീടും പാമ്പുകൾ ഇഴഞ്ഞുല്ലസിക്കുന്ന പുസ്തകങ്ങളും മൗനങ്ങൾ തണുത്തുറഞ്ഞ് കിടക്കുന്ന മുറിയിലെ ഇരുട്ടുമെല്ലാം ബിംബങ്ങളായി വരുന്ന ഈ കവിത കമലസുരയ്യയുടെ മനസ്സിലെ സങ്കടങ്ങളാണ് പറയുന്നത്. പട്ടണത്തിലെ ഫ്ലാറ്റിന്റെ വാതിൽക്കൽ ഈ ഇരുട്ടിനെ കൊണ്ടുപോയി വെക്കുമെന്നും അങ്ങനെ മുത്തശ്ശി പകർന്നുതന്ന ശാന്തിയുള്ള ദിനങ്ങളെ താൻ കണ്ടെത്തുമെന്നുമുള്ള ഓർമകൾ ഉണർത്തുന്ന നാലാപ്പാട്ടെ വീട് ഇന്നില്ലെങ്കിലും അതിനൊരു വിളിപ്പാടകലെയായി കമലസുരയ്യയുടെ ഭർത്താവിന്റെ തറവാടായ അമ്പാഴത്തേൽ തറവാട് ഇപ്പോൾ തകർന്നുവീഴും എന്ന മട്ടിൽ ഇന്നും അവശേഷിക്കുന്നുണ്ട്.
രണ്ടുനിലകളിലായിട്ടാണ് ഈ സാംസ്കാരിക ഭവനം ഒരുക്കിയിരിക്കുന്നത്. മുളിലത്തെ നിലയിലാണ് സ്റ്റേജ്. സാഹിത്യ അക്കാദമിയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിട്ടുവേണം ഇവിടെ പരിപാടി നടത്തുവാൻ. വളരെ കുറഞ്ഞവാടകയാണ് ഇതിനായി ഈടാക്കുന്നത്. ഒന്നാമത്തെ നിലയിൽ കമലസുരയ്യ ഉപയോഗിച്ചിരുന്ന കട്ടിലും മേശയും ഫോണും കസേരകളും ആഭരണപ്പെട്ടിയും കോളാമ്പിയും ലഭിച്ച പുരസ്കാരങ്ങളിൽ ചിലതും സംരക്ഷിച്ചിരിക്കുന്നു. കോണികയറിച്ചെല്ലുമ്പോൾ ഭിത്തിയിൽ കവയത്രിയുടെ കവിതാശകലങ്ങൾ ശലഭങ്ങളായി പറന്നുനടക്കുന്നു.താഴത്തെ നിലയിൽ ഫോട്ടോ ഗാലറിയാണ്. ഓരോനിലയിലും വരാന്തകളും മട്ടുപ്പാവുകളുമുണ്ട്. ഇലഞ്ഞിമരവും കുളവും സർപ്പകാവും നീർമാതളവും അതുകൊണ്ടുതന്നെ ഹൃദയത്തോട് ചേർത്ത് വെക്കാൻ സന്ദർശകന് സാധിക്കുന്നു.വായനശാലയുടെ കുറവ് വിശ്വവിഖ്യാതമായ എഴുത്തുകാരിയുടെ പുസ്തകങ്ങളുടെ കുറവ് ഈ സാംസ്കാരിക സമുച്ചയത്തിൻറെ തിളക്കം കുറക്കുന്നുണ്ട്. കമലസുരയ്യ എഴുതിയ പുസ്തകങ്ങളുടെ പുറംച്ചട്ടയുടെ ഫോട്ടോ മാത്രമാണ് ഇവിടെയുള്ളത്. പേരിനുപോലും ഒരുപുസ്തകം പോലും ഇല്ലാത്തത് വലിയ ശൂന്യത തീർക്കുന്നു.‘ആലോചനയിൽ ഇനിയില്ലസംഗീതവും നൃത്തവും, എൻറെ മനസ്സൊരുപഴകിയ നാടകശ്ശാല, വിളക്കുകൾ എല്ലാം അണഞ്ഞത്’. തുടങ്ങിയ അവരുടെ കാവ്യശകലം പോലെ പുസ്തകങ്ങളുടെ ശൂന്യത അനുഭവപ്പെടുന്നു.
എങ്ങനെയെത്താം
തൃശ്ശൂർ ജില്ലയിലെ അൽത്തറയിൽ നിന്നാണ് നാലപ്പാട്ട് വീട്ടിലേക്കുള്ള വഴി. കുന്നംകുളത്തുനിന്നും ഗുരുവായൂരിൽനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന ബസുകളിൽ ഇവിടെത്താം. ബസിറങ്ങിയാൽ ഓട്ടോക്കാരോട് പറഞ്ഞാൽ ഇവിടെ എത്തിക്കും.
കാവൽക്കാർ
അക്കാദമി ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന കാവൽക്കാർ തികഞ്ഞ സാഹിത്യ ആസ്വദകരും ഈ സമുച്ചയത്തിൻറെ മഹത്വത്തെ കുറിച്ചും കമലസുരയ്യയുടെ എഴുത്തിൻറെയും കുടുംബത്തിൻറെയും ഫശ്ചതലത്തെ കുറിച്ചും കൃത്യമായ ബോധമുള്ളവരുമാണ്. എന്തും ഇവരോട് ചോദിച്ചറിയാം.
അമ്പാഴത്തേൽ തറവാട്
നാലാപ്പാട്ടെ വീട്ടിൽ നിന്ന് മൂന്ന് നാല് വീട് അപ്പുറത്താണ് കമലസുരയ്യയുടെ ഭർത്താവായ മാധവദാസിൻറെ വീട്. അമ്പാഴത്തേൽ തറവാട് എന്നറിയപ്പെടുന്ന ഈ വീട് ഇന്നോ, നാളെയോ നിലംപൊത്തുമെന്ന അവസ്ഥയിലാണ് നിൽക്കുന്നത്. കാലത്തോട് പൊരുതി നിൽക്കുന്ന മേൽക്കൂരയും തള്ളപെരയുമാണ് ഇതിനെ സന്ദർശകർക്കായി സംരക്ഷിച്ച് നിറുത്തുന്നത്. പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന പലതും വീടിന്റെ പരിസരങ്ങളിലൂടെ നടന്നാൽ കാണാനാകും. തീർത്തും ഒറ്റപ്പെട്ടുപോയ ഈ വീട് കണ്ടാൽ ‘MY GRAND MOTHER’S DAY’ എന്ന കവിതയിലെ വീടാണോ എന്ന് സംശയിച്ച് പോയാൽ അദ്ഭുതപ്പെടാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.