ഒമ്പതുവർഷം മുമ്പ് ഷാർജയിൽ കമൽ പറഞ്ഞ സ്വപ്നം; 'വിക്രം' ആ യാത്രയുടെ തുടക്കം...
text_fieldsദുബൈ: 'കമോൺ കേരള' അരങ്ങേറുന്ന ഷാർജ എക്സ്പോ സെന്ററിൽ 2013ൽ ഉലകനായകൻ കമൽഹാസൻ ഒരു സ്വപ്നം പങ്കുവെച്ചിരുന്നു. 400 കോടി ക്ലബിലേക്ക് റെക്കോഡ് വേഗത്തിൽ കുതിക്കുന്ന 'വിക്രം' അത് സാക്ഷാത്കരിക്കാനുള്ള യാത്രയുടെ തുടക്കമാകുകയാണ്. ഇന്ത്യൻ സിനിമ ഹോളിവുഡ് സിനിമകളോട് കിടപിടിക്കുംവിധം സാങ്കേതികമായും ആവിഷ്കാരപരമായും ഉയരണമെന്ന സ്വപ്നമാണ് അന്ന് കമൽ പറഞ്ഞത്.
2013ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവമായിരുന്നു വേദി. 100 വർഷം ആഘോഷിക്കുന്ന ഇന്ത്യൻ സിനിമയെ ഷാർജ ബുക് ഫെയറിൽ ആദരിച്ചപ്പോൾ അതിന്റെ ഭാഗമാകാൻ എത്തിയതായിരുന്നു കമൽ. അന്ന് ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരാൾ ഓസ്കറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ സ്വപ്നം പങ്കുവെച്ചത്. 'ഓസ്കർ സിനിമയുടെ അവസാന വാക്കാണെന്ന് ഞാൻ കരുതുന്നില്ല. അമേരിക്കക്കാർ ഇന്ത്യയിൽ ആദരിക്കപ്പെടുന്നതാണ് ഞാൻ സ്വപ്നം കാണുന്നത്. ലോകത്ത് ഏറ്റവും നല്ല സൃഷ്ടികളുണ്ടാകുന്ന വലിയ സിനിമ മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ലോകത്തെ പ്രമുഖ സാംസ്കാരിക-സാഹിത്യ കേന്ദ്രമെന്ന് ഷാർജ അഭിമാനിക്കുന്നതുപോലെ, വലിയ സിനിമ കേന്ദ്രമെന്ന് അഭിമാനിക്കാൻ ഇന്ത്യക്ക് കഴിയണം.
അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും സ്പെയിനിലെയും ഫ്രഞ്ചിലെയും സിനിമക്കാർ ഇന്ത്യയിൽ ആദരിക്കപ്പെടുന്നു എന്നതിൽ അഭിമാനിക്കണം.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുംവിധം സാങ്കേതികമായും ആവിഷ്കാരപരമായും ഇന്ത്യൻ സിനിമ ഉയരണം. അടുത്ത തലമുറ അതിലേക്കുള്ള പ്രയാണത്തിലാണ്' -അന്ന് കമൽ പറഞ്ഞു.
ലോകമെങ്ങുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത 'വിക്രം' ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന സൂചന നൽകിയാണ് ജൈത്രയാത്ര തുടരുന്നത്. ഇന്ത്യയിലെ സർഗസൃഷ്ടികളോട് ഫാഷിസ്റ്റ് ശക്തികൾ കാണിക്കുന്ന അസഹിഷ്ണുതയെ കുറിച്ച് അന്ന് കമൽ പങ്കുവെച്ച ആശങ്ക ഇന്നും രാജ്യത്ത് അതേപടി നിലനിൽക്കുന്നുണ്ട്. 'ഇന്ത്യയിൽ സർഗസൃഷ്ടികൾക്കെതിരെയുണ്ടാകുന്ന സങ്കുചിത ചിന്താഗതിക്കാരുടെ ആക്രമണങ്ങളിൽ ആശങ്കയുണ്ട്. സിനിമയെ മനസ്സിലാക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നില്ല. അവരുടെ സഹിഷ്ണുത കുറഞ്ഞുകുറഞ്ഞ് വരുകയാണ്' -അന്ന് കമൽ പറഞ്ഞു. തിരക്കഥകളെ സർഗസൃഷ്ടികളായി കണ്ട് സാഹിത്യ അക്കാദമി അംഗീകരിക്കണമെന്ന സ്വപ്നവും പങ്കുവെച്ചാണ് അന്ന് കമൽ മടങ്ങിയത്.
'വിശ്വരൂപം' സിനിമയുടെ തിരക്കഥയുടെ പ്രകാശനവും അന്ന് നടന്നു. ഒമ്പതാം ക്ലാസിൽ പഠനം നിർത്തിയ തന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടായിരുന്ന അമ്മ, ലോകത്തെ ഏറ്റവും വലിയ സാഹിത്യമേളയിൽ താനെഴുതിയ തിരക്കഥ പ്രകാശനം ചെയ്യുന്ന മുഹൂർത്തത്തിൽ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമായിരുന്നു അന്ന് കമലിന്റെ മനസ്സ് നിറയെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.