കരാട്ടേ സ്‌കൂൾ പൂട്ടി, കടക്കെണിയിലായി: നാട്ടിൽ പോകാനാകാതെ പെരിയസ്വാമി ശക്തി
text_fieldsഅബൂദബി: കോവിഡ് മൂലം കരാട്ടേ സ്‌കൂൾ പൂട്ടിയതിനെ തുടർന്ന് നാടണയാനാവാതെ യുവാവ്. കണ്ണൂർ പുതിയതെരുവ് ആയുർവേദ ആശുപത്രിക്കു സമീപം കുടുംബസമേതം താമസിക്കുന്ന തമിഴ്‌നാട് ധർമപുരി സ്വദേശി പെരിയസ്വാമി ശക്തിയാണ് (42) കടക്കെണിയും കേസും മൂലം കുടുങ്ങിയത്. നാട്ടിൽ പോയിട്ട് നാല് വർഷമായി.
കോവിഡിനെ തുടർന്ന് അജ്മാനിൽ നടത്തിയിരുന്ന 'എം 4 മാർഷൽ ആർട്‌സ് ക്ലബ്' എന്ന കരാട്ടേ സ്‌കൂൾ പൂട്ടിയതോടെയാണ് പെരിയസ്വാമിയുടെ ദുരിതം തുടങ്ങുന്നത്. പങ്കാളികളായ മൂന്നുപേർ ഒഴിഞ്ഞുപോയി. ഇതോടെ സ്ഥാപനത്തിെൻറ സാമ്പത്തികബാധ്യത ശക്തിയുടെ ചുമലിലായി.
വായ്പയെടുത്ത 27,000 ദിർഹത്തിെൻറ കടബാധ്യതക്കു പുറമെ ക്രെഡിറ്റ് കാർഡിലെ 4050 ദിർഹം കുടിശ്ശിക അടക്കാനാവാതെ വന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങൾ സങ്കീർണമായി. ഒരു വർഷവും രണ്ടു മാസവുമായി വിസയുടെ കാലാവധി കഴിഞ്ഞതോടെ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാണ്.
സ്വന്തമായുണ്ടായിരുന്ന നിസാൻ അൾട്ടിമ കാർ 8000 ദിർഹമിനു വിറ്റാണ് നിത്യവൃത്തി നിർവഹിച്ചത്. 10 മാസത്തെ വാഹന രജിസ്‌ട്രേഷൻ കാലാവധിയുള്ളപ്പോഴാണ് വാഹനം ഒരാൾക്ക് കൈമാറിയത്. കാർ വാങ്ങിയ ആൾ വാഹനം അയാളുടെ പേരിലേക്ക് മാറ്റാതെ ഉപയോഗിക്കുകയായിരുന്നു. അമിതവേഗം ഉൾപ്പെടെ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിെൻറ പിഴ 5500 ദിർഹം പിന്നെയും ശക്തിയുടെ പേരിൽ ബാധ്യതയുണ്ടാക്കി. വാഹനം പൊലീസ് പിടിച്ചെടുത്തെങ്കിലും ഉടമസ്ഥൻ രേഖകളിൽ ശക്തിയായതിനാൽ ഈ ബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയാണ്.
ഇതിനെല്ലാം പുറമെ പല വ്യക്തികളിൽ നിന്നു വായ്പ വാങ്ങിയ 30,000 ദിർഹമും തിരികെ നൽകണം. ക്രെഡിറ്റ് കാർഡിെൻറ പണം അടക്കാത്തതിനാൽ ബാങ്ക് കേസ് നൽകിയതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായി. ബംഗളൂരുവിൽ കരാട്ടേ കോച്ചായി ജോലി ചെയ്യുന്നതിനിടെയാണ് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലെത്തുന്നത്. ബംഗളൂരുവിൽ ലെതർ ബാഗ് ഷോപ്പിൽ ജോലി ചെയ്തിരുന്ന പരിചയത്തിലാണ് അഞ്ചരക്കണ്ടിയിലെ ഷോപ്പിലെത്തുന്നത്. 2000ൽ പാനൂരിലും തലശേരിയിലും ജോലി ചെയ്തു. അവിടെ നിന്നാണ് അബൂദബി വിസ തരപ്പെടുത്തിയത്.
അബൂദബി ഓറിയൻറൽ കരാട്ടേ സെൻററിൽ 2010 മുതൽ 2016 അവസാനം വരെ കരാട്ടേ പരിശീലകനായി ജോലി ചെയ്തിരുന്നു. 2015 ജൂൺ മുതൽ ഒരു വർഷം ഭാര്യ സനീഷയും അബൂദബിയിലുണ്ടായിരുന്നു. അജ്മാൻ മത്സ്യ മാർക്കറ്റിനു സമീപത്തെ ഫ്ലാറ്റിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാർക്കൊപ്പമാണിപ്പോൾ താമസം.
നാട്ടിലുള്ള ഭാര്യ സനീഷയും മക്കളും ശക്തിയെ കാണാൻ കാത്തിരിക്കുകയാണ്. 2017ലാണ് ശക്തി അവസാനമായി നാട്ടിൽ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.