കരിപ്പൂർ വിമാനാപകടം: ഇരകളുടെ ബന്ധുക്കൾ രാജ്യാന്തര കോടതികളിലേക്ക്
text_fieldsദുബൈ: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കൾ നഷ്ടപരിഹാരം തേടി രാജ്യാന്തര കോടതികളെ സമീപിക്കാനൊരുങ്ങുന്നു. ദുബൈ കോടതിയിലും ഷികാഗോ കോടതിയിലുമാണ് കേസ് നൽകുന്നത്. ആദ്യപടിയായി അപകടത്തിൽ മരിച്ച മണ്ണാർക്കാട് സ്വദേശിയായ രണ്ടു വയസ്സുകാരിയുടെയും ഗുരുതര പരിക്കേറ്റ മാതാവിെൻറയും കേസാണ് നൽകുന്നത്. എയർ ഇന്ത്യ എക്സ്പ്രസിനും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കും അപകടത്തിൽപെട്ട വിമാനത്തിെൻറ നിർമാതാക്കളായ ബോയിങ്ങിനും ലീഗൽ നോട്ടീസ് അയച്ചു. ഈ സ്ഥാപനങ്ങളുടെ പ്രധാന ഓഫിസുകൾ യു.എ.ഇയിലുണ്ട്. അപകടത്തിെൻറ ഇരകൾ ബഹുഭൂരിഭാഗവും യു.എ.ഇയിലായതും വിമാനം പുറപ്പെട്ടത് ദുബൈയിൽനിന്നായതിനാലും നിയമനടപടികൾക്ക് കാലതാമസമുണ്ടാവില്ലെന്നതും കണക്കാക്കിയാണ് ദുബൈ കോടതിയെ സമീപിക്കുന്നതെന്ന് ഇരകളുടെ കൂട്ടായ്മ അറിയിച്ചു. വിമാനത്തിെൻറ നിർമാതാക്കളായ ബോയിങ്ങും നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിയായതിനാൽ അവരുടെ ആസ്ഥാനം നിലകൊള്ളുന്ന യു.എസിലെ ഷികാഗോ കോടതിയിലും കേസ് ഫയൽ ചെയ്യും.
മംഗളൂരു വിമാനാപകട ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിലെ കോടതികളിൽ അനന്തമായി നീണ്ടുപോയതും ഇവരെ രാജ്യാന്തര കോടതികളെ സമീപിക്കാൻ പ്രേരിപ്പിച്ചു. മരണപ്പെട്ട രണ്ടു വയസ്സുകാരിക്കും ഗുരുതര പരിക്കേറ്റ മാതാവിനും കൂടി 70 ലക്ഷം ഡോളർ ആണ് നഷ്ടപരിഹാരമായി എയർ ഇന്ത്യ എക്സ്പ്രസിനോടും ബോയിങ് വിമാന കമ്പനിയോടും ആവശ്യപ്പെടുന്നത്.
കഴിഞ്ഞവർഷം ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്. മരണപ്പെട്ടവരുടെ 16 കുടുംബങ്ങളും ഗുരുതരമായി പരിക്കേറ്റവരുമാണ് രാജ്യാന്തര കോടതിയിലേക്ക് നീങ്ങുന്നത്. യു.എ.ഇയിലെ നിയമ സ്ഥാപനമായ ബെസ്റ്റ്വിൻസ് ലോ കോർപറേഷൻ വഴിയാണ് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.