കലക്കൻ കാവ കാച്ചാമോ? കാത്തിരിക്കുന്നു 1.25 ലക്ഷം ദിർഹം !
text_fieldsദുബൈ: അറബ് സംസ്കാരത്തിെൻറ പൈതൃകവും പാരമ്പര്യവും രുചിച്ചറിയാവുന്ന കാവയുടെ രുചിഭേദങ്ങൾ തേടിയൊരു ചാമ്പ്യൻഷിപ്. കിടിലൻ കാവ രുചികരമായി ഒരുക്കുന്നവർക്ക് 1.25 ലക്ഷം ദിർഹമാണ് സമ്മാനം. തീർന്നില്ല, രണ്ടാം സ്ഥാനത്തെത്തുന്ന കാവ മേക്കർക്ക് 40,000 ദിർഹം ലഭിക്കും. അഞ്ചു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന സനെ അൽ കാവ ചാമ്പ്യൻഷിപ്പിൽ ഇനിയുമുണ്ട് ആകർഷകമായ നിരവധി സമ്മാനങ്ങൾ. രാജ്യതലസ്ഥാനത്തെ സാംസ്കാരിക-വിനോദസഞ്ചാര വകുപ്പായ ഡി.സി.ടി അബൂദബിയാണ് വ്യത്യസ്തവും വേറിട്ടതുമായ മത്സരമൊരുക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇൗ ചാമ്പ്യൻഷിപ്പിന് പുതുമകളുമേറെയാണ്. ഡിസംബർ ഒമ്പതുമുതൽ 11 വരെയാണ് ചാമ്പ്യൻഷിപ്. കാവ മേക്കർമാരുടെ കഴിവും അറിവും പരിശോധിക്കപ്പെടുന്ന ചാമ്പ്യൻഷിപ്പിൽ കാവയുടെ ചരിത്രത്തെ കുറിച്ചുള്ള ബോധം, കാപ്പിക്കുരുവിെൻറ തെരഞ്ഞെടുപ്പ്, കാവയുണ്ടാക്കുന്ന രീതി എന്നിവയും മൂല്യനിർണയത്തിന് വിധേയമാക്കും.
ലൈറ്റ് റോസ്റ്റ്, ഡാർക്/മീഡിയം റോസ്റ്റ്, ഹോട്ട്, കോൾഡ് തുടങ്ങിയ വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്. ചാമ്പ്യൻഷിപ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 31 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. അറബ് സംസ്കാരത്തിെൻറ കേന്ദ്ര പ്രതീകമായി വിലയിരുത്തപ്പെടുന്ന കാവ അറബ് ജനതയുടെ മഹാമനസ്കതയുടെ ചിഹ്നമായും അടയാളപ്പെടുത്തിയിട്ടുണ്ട്. 2018ൽ അബൂദബിയിൽ തുടങ്ങിയ ബയ്ത്ത് അൽ ഗാവ, ഇമറാത്തി കാവയുടെ പാചകവും അവതരണവും സംബന്ധിച്ച ഗവേഷണവും നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.