കീം: യു.എ.ഇയിൽ മുന്നൂറോളം കുട്ടികൾ പരീക്ഷയെഴുതി
text_fieldsദുബൈ: കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ (കീം) ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്നു. പേപ്പർ ഒന്നിൽ 440 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 349 പേർ പരീക്ഷയെഴുതി. 91 പേർ ഹാജരായില്ല. പേപ്പർ രണ്ടിൽ 400 പേർ രജിസ്റ്റർ ചെയ്തതിൽ 333 പേരാണ് എഴുതിയത്. 67 പേർ ഹാജരായില്ല.
രാവിലെ ഏഴ് മുതൽ തന്നെ കുട്ടികൾ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു. 8.30ന് എല്ലാവരെയും ക്ലാസിൽ കയറ്റി. ഒമ്പതിന് പരീക്ഷ ആരംഭിച്ചു. ഉച്ചക്ക് ശേഷമുള്ള പരീക്ഷകളും കൃത്യസമയത്ത് നടന്നു. പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകൾ അതേ സ്ട്രോങ് റൂമിൽ തന്നെയാണ് സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് പരീക്ഷ കമീഷണർ എത്തി ഉത്തരക്കടലാസുകൾ പുറത്തെടുക്കും.
രാത്രി 9.25ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇത് നാട്ടിലെത്തിക്കും. ഫിസിക്സും കെമിസ്ട്രിയും എളുപ്പമായിരുന്നുവെന്നും മാത്സ് പരീക്ഷ അത്ര എളുപ്പമായിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ഗൾഫിലെ ഏക പരീക്ഷാകേന്ദ്രമാണ് ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പരീക്ഷാകേന്ദ്രത്തിലെത്തി. ദൂരെ എമിറേറ്റുകളിൽനിന്നുള്ള കുട്ടികളും എത്തിയിരുന്നു. ഇവർക്ക് പുലർച്ച തന്നെ താമസസ്ഥലങ്ങളിൽ നിന്നിറങ്ങേണ്ടി വന്നു. മറ്റ് എമിറേറ്റുകളിലും ഭാവിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുമെന്ന പ്രതീക്ഷ ഇവർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.