കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം തുടങ്ങി
text_fieldsദുബൈ: അപ്രതീക്ഷിതമായെത്തിയ വിലക്കിൽ നിരാശരായെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ദുബൈയിൽ പരിശീലനം തുടങ്ങി. ടീം എത്തിയ ബുധനാഴ്ച രാത്രി തന്നെ ദുബൈ അൽ നസ്ർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വ്യാഴാഴ്ച രാത്രിയും പരിശീലനം നടത്തി. പരിശീലകൻ ഇവാൻ വുകുമിനോവിചിന്റെ നേതൃത്വത്തിലാണ് പരിശീലനം. പകൽ സമയത്ത് കനത്ത ചൂടായതിനാൽ രാത്രി ഏഴു മുതലാണ് ടീം കളത്തിലിറങ്ങുന്നത്. ദുബൈയിലെ അന്താരാഷ്ട്ര പരിശീലന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പദ്ധതി. ഈ ആഴ്ച തന്നെ ഏതെങ്കിലും ടീമുമായി സൗഹൃദ മത്സരം നടത്താനും ശ്രമം നടത്തുന്നുണ്ട്.
ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതി വിധി വരുന്നത് ഉറ്റുനോക്കുകയാണ് സംഘാടകർ. കോടതിവിധി അനുകൂലമാവുകയും ഫിഫ വിലക്ക് വേഗത്തിൽ നീങ്ങുകയും ചെയ്താൽ വൈകിയാണെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയും സംഘാടകർ പങ്കുവെക്കുന്നു. പ്രി സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചെങ്കിലും ടീം ഉടൻ മടങ്ങില്ല. ഈ മാസം അവസാനം വരെ ടീം ദുബൈയിലുണ്ടാവും. 29ന് മടങ്ങാനാണ് പദ്ധതി. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനെ ഫിഫ വിലക്കിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രി സീസൺ മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്.
26 അംഗ സംഘം ദുബൈയിൽ എത്തിയ ശേഷമാണ് മത്സരങ്ങൾ റദ്ദാക്കിയത്. ദുബൈ അൽ നാസ്ർ ക്ലബ്, ദിബ്ബ എഫ്.സി, ഹത്ത ക്ലബ്ബ് എന്നീ ടീമുകൾക്കെതിരെയായിരുന്നു മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. സ്പോർട്സ് ഇവന്റ് കമ്പനിയായ എച്ച് 16 ആയിരുന്നു ടൂർണമെന്റിന്റെ സംഘാടകർ. ആദ്യ മത്സരത്തിൽ 15,000, അടുത്ത മത്സരങ്ങളിൽ 10000, 5000 കാണികളെ വീതം പ്രവേശിപ്പിച്ച് മത്സരം നടത്താനായിരുന്നു പദ്ധതി. ഇതിനായുള്ള ടിക്കറ്റ് വിൽപന സജീവമായിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ സൗഹൃദ മത്സരമെങ്കിലും നടത്താനും സംഘാടകർ ശ്രമിച്ചിരുന്നു.
നിരാശരായി 'മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഉപേക്ഷിച്ചതോടെ ഏറ്റവും നിരാശരായത് ടീമിന്റെ ഔദ്യോഗിക ഫാൻസ് വിഭാഗമായ മഞ്ഞപ്പടയാണ്. ക്രിക്കറ്റ് സ്റ്റേഡിയമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കഴിയാത്ത പല ആഘോഷങ്ങളും ഫുട്ബാൾ സ്റ്റേഡിയമായ അൽ നസ്റിൽ നടത്താൻ മഞ്ഞപ്പട പദ്ധതിയിട്ടിരുന്നു. ടീമിനെ നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചതും മഞ്ഞപ്പട അംഗങ്ങളാണ്. കൊട്ടും പാട്ടുമായാണ് ഇവർ ടീമിന് സ്വാഗതമോതിയത്. 2000ത്തോളം ടിക്കറ്റുകളാണ് ഇവർ ഫാൻസിന് നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിൽ പകുതിയോളം വിറ്റഴിഞ്ഞിരുന്നു. സ്റ്റേഡിയത്തിൽ പ്രത്യേക മഞ്ഞപ്പട സ്റ്റാൻഡിന് അനുമതി ലഭിച്ചിരുന്നു. ഫുജൈറയിലെ പുതിയ സ്റ്റേഡിയത്തിൽ മത്സരത്തിന് മുമ്പ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. കേരളത്തിന്റെ തനതു വാദ്യമേളങ്ങളും ആഘോഷങ്ങളുമായി മത്സരത്തിലുടനീളം നിറഞ്ഞാടാനായിരുന്നു പദ്ധതി. രണ്ടു വർഷം മുമ്പ് നടന്ന ഏക സന്നാഹമത്സരത്തിൽ മഞ്ഞപ്പട സജീവ സാന്നിധ്യമായിരുന്നു.
2021 സീസണിൽ ദുബൈ പാർക്ക് റീജിസ് ഹോട്ടലിൽ മഞ്ഞപ്പട സംഘടിപ്പിച്ച മെഗാ സ്ക്രീനിങ്ങിൽ കുടുംബങ്ങളടക്കം പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ഫുജൈറയിൽ നടന്ന എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പിന്തുണക്കാനും മഞ്ഞപ്പട എത്തിയിരുന്നു. വരും സീസണിൽ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചു മത്സരരംഗത്തേക്ക് ഇറങ്ങാനും പദ്ധതിയുണ്ട്. കൊച്ചി ജവഹർലാൽ സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്ന പരിപാടികളാണ് ഈ വർഷം ഒരുക്കിയിരുന്നത്. ആഘോഷമേളങ്ങളും ആരവങ്ങളും മഞ്ഞനിറക്കൂട്ടുകളും കൊടിതോരണങ്ങളും ചാന്റുകളും കൊണ്ട് സ്വന്തം കളിക്കാർക്ക് ആവേശമാവാൻ മഞ്ഞപ്പട ഒരുങ്ങിയിരുന്നു.
ദുബൈ വിമാനത്താവളത്തിലെത്തിയ മഞ്ഞപ്പട അംഗങ്ങൾ ടീമിനെ സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.