കേരള ബജറ്റ് ഇന്ന്; പതിവ് പ്രതീക്ഷയിൽ പ്രവാസികൾ
text_fieldsദുബൈ: കേന്ദ്ര സർക്കാറിന്റെ ബജറ്റിൽ പ്രവാസികളെ സമ്പൂർണമായി ഒഴിവാക്കിയ പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രതീക്ഷ ഇനി കേരള ബജറ്റിൽ. വെള്ളിയാഴ്ച ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ പതിവുപോലെ പഴകിപ്പറഞ്ഞ വാഗ്ദാനങ്ങൾ മാത്രമാകുമോ ഇക്കുറിയുമെന്ന് ഉറ്റുനോക്കുകയാണ് പ്രവാസ ലോകം. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും നടപ്പാക്കാതെ തുടരുമ്പോഴാണ് വീണ്ടുമൊരു ബജറ്റ് വരുന്നത്. കഴിഞ്ഞ വർഷം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 100 ശതകോടി ഡോളറാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ മുക്കാൽ പങ്കും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളവുമാണ്. എന്നാൽ, ഈ വരുമാനത്തിനനുസൃതമായ പരിഗണന ബജറ്റിൽ പ്രവാസികൾക്ക് ലഭിക്കാറില്ല. പ്രവാസി പുനരധിവാസ പാക്കേജ് എന്നതാണ് പ്രവാസികളുടെ പ്രധാന ആവശ്യം.
പതിറ്റാണ്ടുകളായുള്ള ആവശ്യമാണെങ്കിലും കോവിഡിന് ശേഷം ഇത് ശക്തിപ്പെട്ടിരുന്നു. കഴിഞ്ഞ ബജറ്റിൽ വലിയ പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. പ്രവാസികൾക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ കുറഞ്ഞ പലിശക്ക് 1000 കോടിയുടെ വായ്പ ലഭ്യമാക്കുമെന്ന മുൻ ബജറ്റിലെ പ്രഖ്യാപനങ്ങളും കടലാസിലാണ്. ഗൾഫിൽ മികച്ച ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടെ കഴിവ് നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. ഇതിനായി പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. ഐ.ടി മേഖലകളിലടക്കം തൊഴിലെടുത്ത് തിരിച്ചെത്തിയ പ്രവാസികൾ നാട്ടിലുണ്ട്. വിദഗ്ധ പരിശീലനം നേടിയവരാണ് ഇവരിൽ നല്ലൊരു ശതമാനവും.
പ്രവാസി ക്ഷേമ പദ്ധതികൾ ലളിതമാക്കണമെന്ന ആവശ്യവുമുണ്ട്. നിലവിലെ പദ്ധതികൾ പലതും പ്രവാസികൾ അറിയുന്നുപോലുമില്ല. അറിയുന്നതാവട്ടെ, നടപടികളിലെ നൂലാമാലകൾമൂലം പ്രവാസികൾക്ക് ഉപകാരപ്രദമാകാറുമില്ല. ഗൾഫിൽ നിന്നുകൊണ്ടുതന്നെ ക്ഷേമ പദ്ധതിയുടെ നടപടിക്രമങ്ങളിൽ പങ്കാളികളാകാനുള്ള പദ്ധതികളാണ് വേണ്ടത്. ഓൺലൈനും നോർക്കയുമായി ബന്ധിപ്പിച്ചാൽ ഇത് അനായാസം നടപ്പാക്കാവുന്നതുമാണ്. കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങളോട് ഈ ബജറ്റിലെങ്കിലും നീതി കാണിക്കുമോ എന്നും ഉറ്റുനോക്കുന്നുണ്ട്. പ്രവാസി പെൻഷൻ വർധനയാണ് മറ്റൊരു ആവശ്യം. ലോക കേരളസഭയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.