ഇന്ന് കേരളപ്പിറവി ദിനം: 86,000 വിദ്യാര്‍ഥികള്‍ക്ക് 'മലയാള മധുരം' പകര്‍ന്ന് മനോജ് കളരിക്കല്‍
text_fieldsറാസല്‍ഖൈമ: മാതൃനാട് 64ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ 'മനോജ്ഞം മലയാളം' പഠനശിബിരത്തിലൂടെ 86,000 വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയുടെ മധുരം പകര്‍ന്നുനല്‍കിയ ആത്മനിര്‍വൃതിയിലാണ് മനോജ് കളരിക്കല്‍. ശ്രേഷ്ഠഭാഷയായ മലയാളത്തിെൻറ സംസ്കൃതി കേരളത്തിനു പുറത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പത്തനംതിട്ട സ്വദേശിയായ മനോജ് 'മനോജ്ഞം മലയാളം' പഠന സിലബസ് തയാറാക്കിയത്. ദുബൈയില്‍ ഷിപ്പിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ മനോജ് ഒഴിവുസമയങ്ങളില്‍ തികച്ചും സൗജന്യമായാണ് മലയാള പഠന ക്ലാസുകള്‍ നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. കോവിഡിന് മുമ്പ് അവധി ദിനങ്ങളിലും രാത്രിസമയങ്ങളിലും നിശ്ചിത കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചാണ് ക്ലാസുകള്‍ നടത്തിയിരുന്നത്. കോവിഡ് നാളുകളില്‍ ഓണ്‍ലൈനിലേക്ക് ചുവടുമാറ്റിയ മനോജ് ഭാഷാപഠന ക്ലാസുകള്‍ക്ക് ലോക്ഡൗണ്‍ നല്‍കാതെ തുടരുകയാണ്.
ഗള്‍ഫിലും കേരളത്തിലുമായി 3600ഓളം ക്ലാസുകള്‍ നടത്തിയതായി മനോജ് കളരിക്കല്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. 21 വര്‍ഷം മുമ്പാണ് 'മനോജ്ഞം മലയാളം' പദ്ധതി തുടങ്ങിയത്. മലയാള സാഹിത്യവും കലാരൂപങ്ങളും കോര്‍ത്തിണക്കി കേള്‍വിക്കാര്‍ക്ക് ഹരംപകരുന്ന രീതിയിലാണ് സിലബസിെൻറ ക്രമീകരണം. മലയാളഭാഷയുടെ പരിശുദ്ധി മനസ്സിലാക്കുന്നതിലൂടെ കുരുന്നുകളുടെ മനസ്സില്‍ ശുദ്ധമായ സംസ്കാരം നാമ്പെടുക്കുകയായി. പരിസ്ഥിതി, ആരോഗ്യ സംരക്ഷണം തുടങ്ങിയവയും പാഠ്യഭാഗങ്ങളിലുള്പ്പെടുന്നുണ്ടെന്ന് മനോജ് വ്യക്തമാക്കി.
കോഴഞ്ചേരി മേലുകര സ്വദേശിയായ മനോജിന് രക്ഷിതാക്കളായ രാമചന്ദ്രന് നായര്‍, കെ.എന്‍. സരസമ്മ എന്നിവരില്‍നിന്നാണ് മാതൃഭാഷ സ്നേഹം പകര്‍ന്നുകിട്ടിയത്. ഇരവിപേരൂര്‍ സെൻറ് ജോണ്‍സ് എച്ച്.എസ്.എസിലെ അധ്യാപകരായിരുന്ന കുറ്റൂര്‍ കുര്യന്, ഗൗരിയമ്മ തുടങ്ങിയവരുടെ ശിക്ഷണവും പ്രചോദനമായി. മലയാളഭാഷ പ്രചാരണത്തിന് കര്മയാനം, കര്‍മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിസ്മയം, മനോജ്ഞം എന്നീ പേരുകളില്‍ രണ്ട് കവിതാസമാഹാരങ്ങളും മനോജിെൻറ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.