വേണം വികസനമൊരുക്കുന്ന സർക്കാർ
text_fieldsയു.എ.ഇയുടെ വളർച്ചയും വികസനവും നേരിൽ തൊട്ടറിഞ്ഞവരാണ് ഇവിടെയുള്ള സർക്കാർ ജീവനക്കാരായ മലയാളികൾ. ഭരണകൂടവും വികസനവും എങ്ങനെയായിരിക്കണമെന്ന് ഈ രാജ്യവും ഇവിടെയുള്ള ഭരണാധികാരികളും അവരെ ആവോളം പഠിപ്പിച്ചിട്ടുണ്ട്.
ഒരുരാജ്യം അവരുടെ ജനതയോട്, താമസക്കാരോട്, സന്ദർശകരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്ന യു.എ.ഇയുടെ നയങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവർകൂടിയാണ് സർക്കാർ ജീവനക്കാർ.
കേരളത്തിൽ പുതിയ സർക്കാറിനെ തെരഞ്ഞെടുക്കാനുള്ള കേളികൊട്ടുയരുേമ്പാൾ, യു.എ.ഇയിലെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികൾ നിലപാട് വ്യക്തമാക്കുന്നു.
പ്രവാസികളെ നിയോജക മണ്ഡലമായി കാണണം
പഴയ പ്രതാപത്തിെൻറ തണലിലിരുന്ന് വാചകങ്ങളിൽ അഭിരമിക്കുന്നതിനേക്കാൾ കൂടുതൽ പ്രായോഗികതയിൽ വിശ്വസിക്കുകയും ഭവിഷ്യാത്മക പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തില്ലെങ്കിൽ ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ജനം രാഷ്ട്രീയക്കാരെ മുഖവിലക്കെടുക്കില്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗൾഫിെൻറ പുഷ്കലകാലം അവസാനിക്കുകയാണെന്ന തിരിച്ചറിവ് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടാവണം.
സംസ്ഥാനം ഇന്ന് കൈവരിച്ച മിക്ക നേട്ടങ്ങളിലും പ്രവാസിയുടെ സ്വേദം കലർന്നിട്ടുണ്ടെന്ന സത്യം ആരും വിസ്മരിക്കുകയില്ലെന്ന് കരുതട്ടെ. ഈ തിരിച്ചു പോക്കിെൻറ കാലഘട്ടം അത്ര മധുരതരമായിരിക്കില്ലെന്ന് സമീപകാല സംഭവവികാസങ്ങൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഇനി വേണ്ടത് പതിറ്റാണ്ടുകൾ ചെലവഴിച്ച് പ്രവാസി നേടിയെടുത്ത വിവിധ തൊഴിൽ മേഖലകളിലെ നൈപുണ്യം കേരളത്തിൽ അധികാരത്തിൽ വരുന്ന സർക്കാറുകൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ പറ്റിയ സംരംഭങ്ങൾ പടുത്തുയർത്തുകയാണ്. കേരളത്തിൽ വ്യവസായ രംഗത്ത് നിക്ഷേപം നടത്താൻ ഇനിയും പ്രവാസികൾ മടിച്ചുനിൽക്കുന്നതിെൻറ കാരണം രാഷ്ട്രീയ പാർട്ടികൾ പഠിക്കണം. പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യാൻ കാബിനറ്റ് റാങ്കുള്ള മന്ത്രി ഉണ്ടാവണം. പറ്റുമെങ്കിൽ ദുബൈ കോൺസുലേറ്റുമായി സഹകരിച്ച് കേരള വ്യവസായ വകുപ്പിെൻറ ഫെസിലിറ്റേറ്റർ ഉദ്യോഗസ്ഥനെ ഇവിടെ നിയമിക്കണം. നാട്ടിൽ നിക്ഷേപം നടത്താൻ പ്രവാസികളിൽ ആത്മവിശ്വാസം വളർത്താൻ ഇത്തരം നടപടികൾ സഹായിക്കും.
പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായകമാകുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ ഇനി വരുന്ന സർക്കാർ തയാറാകണം. വർഷങ്ങൾ പ്രവാസജീവിതം നയിച്ച് ഒരുപാട് രോഗങ്ങളുമായി തിരിച്ചെത്തുന്ന പ്രവാസികൾക്ക് കേരളത്തിൽ സൗജന്യനിരക്കിൽ ചികിത്സ ലഭ്യമാക്കണം. ഡിജിറ്റൽ മേഖലയിൽ പകുതി സർക്കാർ നിക്ഷേപം നടത്തി ബാക്കി പ്രവാസികൾ നിക്ഷേപം നടത്തുന്ന രീതിയിൽ കൂട്ടുസംരംഭങ്ങൾ തുടങ്ങണം.
ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. വിവിധ മേഖകളിൽ നൈപുണ്യം നേടിയ മലയാളികളുടെ ഡേറ്റാബാങ്ക് ഉണ്ടാക്കി അവരെ കേരളത്തിൽ നിലനിർത്താൻ പറ്റിയ പദ്ധതികൾ ആവിഷ്കരിക്കണം. ഇതൊക്കെയാണ് വരും കാല സർക്കാറുകളിൽ നിന്ന് ഒരു പ്രവാസി എന്ന നിലക്ക് നാം പ്രതീക്ഷിക്കേണ്ടത്. പ്രവാസികളെ ഒരു നിയോജക മണ്ഡലമായി എല്ലാ രാഷ്ട്രീയ പാർട്ടികളും കണ്ടാലേ ഇത് നടക്കൂ.
സാധിച്ചാൽ നാട്ടിലെത്തി വോട്ട് ചെയ്യും
ആശങ്കകൾ ഒരു വശത്തുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. അടുത്ത കാലത്തുണ്ടായ അഭൂതപൂർവമായ വെല്ലുവിളികൾക്കിടയിലും കേരളത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവനാത്മകവുമായ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നത് കാണാൻ കഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തോട് ഒപ്പംനിന്നും പലപ്പോഴും കലഹിച്ചും ലിംഗസമത്വവും തുല്യനീതിയും ചർച്ചചെയ്യുന്ന വിദ്യാർഥികളും ചെറുപ്പക്കാരും ഉൾപ്പെടെയുള്ളവരെ കാണുന്നു. മാധ്യമങ്ങളോ നിക്ഷിപ്ത താൽപര്യക്കാരോ നിശ്ചയിക്കുന്ന അജണ്ടക്കൊത്ത് ഉണ്ടാവേണ്ടതല്ല രാഷ്ട്രീയവും നിലപാടുകളും എന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ട്.
അരാഷ്ട്രീയതയും പ്രതിലോമപരതയും പല കോലത്തിലും തലനീട്ടുന്നത് കാണാതിരിക്കുന്നില്ല. പക്ഷേ, അത്തരം ശക്തികൾ ആഗ്രഹിക്കുന്നിടത്തോളം പിന്തിരിഞ്ഞു നടക്കാൻ കേരളത്തിനാവില്ല. ജനകീയാടിത്തറയുള്ള രാഷ്ട്രീയ കക്ഷികൾ മാറ്റത്തിനുവേണ്ടി ഉറച്ചുനിന്നാൽ മറ്റുള്ളവർക്ക് ആ വഴിതന്നെ പോവാനേ പറ്റൂ എന്നതിന് സമീപകാലത്തെ സ്ഥാനാർഥി പട്ടികകളും പ്രകടനപത്രികകളും തന്നെ തെളിവ്. നാട്ടിൽ യഥേഷ്ടം പോയിവരാനുള്ള സാവകാശവും സൗകര്യവും അനുഭവിച്ചതുകൊണ്ടാവാം, പ്രവാസം ഒരു പരിമിതിയാണെന്ന് തോന്നിയിട്ടില്ല ഇതുവരെ.
ഗൾഫിലെ വലിയൊരു വിഭാഗം പ്രവാസികൾക്കങ്ങനെയല്ല എന്ന ബോധ്യമുണ്ട്. ഇത്തവണയും സാധിച്ചാൽ നാട്ടിലെത്തി വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം. ഗൾഫിലെ മലയാളിയെക്കുറിച്ച് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് ആധികാരികമായി സംസാരിക്കുന്നത് അധികം കേട്ടിട്ടില്ല. ആ പോരായ്മ സംസ്ഥാനത്തെ സർക്കാറുകളുടെ നയസമീപനങ്ങളിലും കാണാറുണ്ട്. ഇപ്പോൾ നാം ചർച്ച ചെയ്യുന്ന കരുതലിെൻറ രാഷ്ട്രീയം അനുഭവിക്കാൻ പ്രവാസികൾക്കും കഴിയണം. പ്രവാസികളും കേരളത്തിെൻറ സൈന്യമാണ്.
പ്രവാസികളെ പരിഗണിക്കുന്ന സർക്കാർ വേണം
പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് നാഴികക്ക് നാൽപത് വട്ടം ഉരവിട്ടിരുന്ന സർക്കാറുകൾ യഥാർഥത്തിൽ പ്രവാസി വിഷയത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടോ. ഇല്ലെന്നാണ് മുൻകാല തിക്താനുഭവങ്ങൾ ഓർമപ്പെടുത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഉപയോഗ വസ്തുമാത്രമാണ് സത്യത്തിൽ പ്രവാസികൾ. ഡിസ്പോസിബിൾ ഗ്ലാസുകളെപോലെ ഉപയോഗിച്ചു കഴിഞ്ഞാൽ വലിെച്ചറിയുന്ന പ്രവണതയാണ് മാറിവരുന്ന സർക്കാറുകൾ ഈ സമൂഹത്തോട് കാണിച്ചത്. ഇതിനർഥം പ്രവാസികൾക്ക് ഒന്നും നൽകിയിട്ടില്ല എന്നല്ല. പല വാഗ്ദാനങ്ങളും പദ്ധതികളും പ്രവാസികളുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അതിൽ ചിലത് നടപ്പാക്കുകയും ചെയ്തു. തുടക്കത്തിൽ അവഗണന കാണിക്കുകയും വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ ചില മാറ്റത്തിരുത്തലുകൾ നടത്തുകയും ചെയ്യുന്നതല്ലാതെ എന്താണ് ഇവിടെ നടന്നത്.
പ്രവാസിയുടെ പേരിൽ വലിയ കൊട്ടിഘോഷത്തോടെ വർഷംതോറും സമ്മേളനങ്ങൾ നടത്തിയതുകൊണ്ട് പ്രയാസമനുഭവിക്കുന്നവരുടെ ദുരിതം അവസാനിക്കില്ല. കുറച്ചു നേതാക്കളുടെ ഫോട്ടോ സോഷ്യൽ മീഡിയയിലും പത്രത്തിലും തെളിഞ്ഞുവരുമെന്നല്ലാതെ അതുകൊണ്ട് എന്താണ് ഉപകാരം. ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന നേരത്ത് ഏറെ അവഗണനയും പഴിയും കേട്ടവരാണ് പ്രവാസികൾ. പ്രവാസികളാണ് കോവിഡ് വാഹകരെന്നു വരെ പറഞ്ഞു.
പ്രവാസിക്ക് ഒരു നിയമവും നാട്ടിലുള്ളവർക്ക് മറ്റൊരു നിയമവും. അതിെൻറ തുടർച്ച ഇപ്പോഴും തുടരുന്നില്ലേ? വാക്സിനേഷൻ ചെയ്തും കോവിഡ് പി.സി.ആർ ടെസ്റ്റും നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഓരോ പ്രവാസിയും നാട്ടിലെത്തുന്നത്. എന്നിട്ടും പ്രവാസിയോട് എന്തിനാണ് ഈ ചിറ്റമ്മനയം. കോവിഡ് കാലത്ത് മലയാളി സാമൂഹിക സംഘടനകൾ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ ഒരുപക്ഷേ, നമ്മളിലെ പലരും അനുഭവിച്ച പ്രയാസങ്ങളുടെ കാഠിന്യം ഏറുമായിരുന്നു. കേരള സർക്കാർ സംവിധാനങ്ങൾ ചെയ്തതിനേക്കാൾ ഏറ്റവും കൂടുതൽ പ്രവാസികൾക്ക് തുണയായത് കെ.എം.സി.സി പോലുള്ള സംഘടനകളായിരുന്നു. ഈ സമൂഹത്തിെൻറ ദുരിതകെട്ട് അഴിച്ചാൽ പറയാനുണ്ട് ഇനിയും പലതും.വോട്ടവകാശം, വർധിച്ച ടിക്കറ്റ് നിരക്ക്, പുനരധിവാസം അങ്ങനെ അങ്ങനെ നീളുന്നു പ്രവാസിയുടെ സന്താപങ്ങളുടെ നിര.അവർക്ക് അറിയാം ആരാണ് ദുരിതകാലത്ത് തുണയായതെന്ന്. മനഃസാക്ഷിക്കനുസരിച്ച് പ്രവാസികൾ വോട്ട് ചെയ്യട്ടെ.... പുതിയ മാറ്റങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് കാരണമാകട്ടെ.
സാഹോദര്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ശക്തിയാര്‍ജിക്കണം
കോമാളിത്ത പ്രവര്‍ത്തന രീതികള്‍ അവലംബിച്ച് ജനങ്ങളെ വിഡ്ഡികളാക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് കടുത്ത അതൃപ്തിയുണ്ട്. ഇടതിനും വലതിനും ഫാഷിസ്റ്റ് ചേരിക്കും ബദലായി സാഹോദര്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ശക്തിയാര്‍ജിക്കണം.
ഫാഷിസ്റ്റ് പക്ഷം ചേരുന്നുവെന്ന പരസ്പര പഴിചാരലിനുമപ്പുറം യഥാര്‍ഥ രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പ് നാളിലും ചര്‍ച്ച ചെയ്യപ്പെടാത്തത് നാടിെൻറ ദുര്യോഗ്യം.വിമാന ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ സാധാരണക്കാരായ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളോട് ക്രിയാത്മക നടപടികളെടുപ്പിക്കാന്‍ പ്രവാസി കൂട്ടായ്മകള്‍ക്ക് കഴിയണം. ഇടതു വലതില്‍ ആരു വന്നാലും വെറുപ്പിെൻറ രാഷ്ട്രീയ ശക്തികള്‍ക്ക് കേരള മണ്ണില്‍ ഇടം ലഭിക്കരുതെന്നാണ് പ്രാര്‍ഥന.
സവിശേഷതകളുള്ള തെരഞ്ഞെടുപ്പ്
ചില സവിശേഷതകളോടെയാണ് ഈ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. അതിൽ പ്രധാനമാണ് മുസ്ലിം ലീഗിെൻറ ടിക്കറ്റിൽ കാൽനൂറ്റാണ്ടിനുശേഷം ഒരു വനിത നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഖമറുന്നിസ അൻവറിനു ശേഷം ഒരു മുസ്ലിം വനിതക്ക് നിയമസഭയിേലക്ക് മത്സരിക്കാൻ കാൽനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു എന്നത് ഒരു കുറവ് തന്നെയാണ്.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നതിനും സമൂഹത്തിൽ ഇപ്പോഴും എതിർപ്പ് നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യം തന്നെയാണ്.
സർക്കാർ സേവനങ്ങൾ തടസ്സം കൂടാതെ ലഭ്യമാക്കണം
ഏതു മുന്നണി അധികാരത്തിൽ വന്നാലും സർക്കാർ ഓഫിസുകളിൽനിന്നുള്ള സേവനങ്ങൾ തടസ്സം കൂടാതെ ഉപഭോക്താവിന് ലഭിക്കുമ്പോഴാണ് ഭരണം ശരിയായ രീതിയിലാണ് ചലിക്കുന്നത് എന്ന് നമുക്ക് ബോധ്യമാകുന്നത്.
15 വർഷമായി ദുബൈയിലെ സർക്കാർ സ്ഥാപനത്തിൽ ജോലിചെയ്ത അനുഭവത്തിെൻറ വെളിച്ചത്തിൽ പറയട്ടെ, സർക്കാർ സ്ഥാപനങ്ങളിൽനിന്നും ഉപഭോക്താവിന് നൽകേണ്ട സേവനങ്ങളിൽ മാറിവരുന്ന സർക്കാറുകൾ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. വെള്ളവും വെളിച്ചവും സുലഭമായി ലഭിക്കേണ്ടത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്.
അമൂല്യമായ ജലം പാഴാക്കി കളയുന്നതും ആഡംബരങ്ങൾക്കുവേണ്ടി അനാവശ്യമായി വൈദ്യുതി ദുരുപയോഗപ്പെടുത്തുന്നതും പാപമാണ്. അവധിക്കായി രണ്ടു മാസം മുമ്പ് നാട്ടിൽ പോയപ്പോൾ നേരിട്ട ഒരു തിക്താനുഭവം ഓർമവരുന്നു.
എെൻറ പ്രദേശത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ജലവിതരണത്തിെൻറ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നത് ശ്രദ്ധയിൽപെട്ടു. പൊട്ടിയ പൈപ്പ് റിപ്പയർ ചെയ്തു ജലവിതരണം സുഖമമാക്കാൻ തൊട്ടടുത്തുള്ള വാട്ടർ അതോറിറ്റി ഓഫിസിൽ വിളിച്ചപ്പോൾ 14 ദിവസം മുമ്പ് അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ടെക്നിക്കൽ ജീവനക്കാർ മറ്റു ജോലികളിലായതിനാൽ അതിന് ശേഷമേ അവിടെ എത്താൻ കഴിയൂ എന്നും അറിയിച്ചു.
വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് ജലവിതരണം സാധാരണ നിലയിലായത്.എന്നാൽ, ദുബൈയിൽ ഇത്തരമൊരു സംഭവം ഉണ്ടായാൽ അത് നട്ടപ്പാതിരക്കായാലും റിപ്പോർട്ട് ചെയ്തു 30 മിനിറ്റിനകം ദീവയുടെ ടെക്നിക്കൽ വിഭാഗം സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചിരിക്കും.
വെള്ളത്തിനും വെളിച്ചത്തിനും വേണ്ടിയുള്ള സേവനങ്ങൾക്ക് ഉപഭോക്താവ് ഏത് സമയം ബന്ധപ്പെട്ടാലും 24 മണിക്കൂർ പ്രവർത്തിക്കുന്ന ടെക്നിക്കൽ സ്റ്റാഫിെൻറ സേവനവും ദീവയിൽ നിന്നും ലഭിക്കുന്നു.
ജനപക്ഷ രാഷ്ട്രീയത്തിലേക്ക് തിരിച്ചുനടക്കണം
നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ഓരോ ഇന്ത്യക്കാരനും അഭിമാനത്തിേൻറതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലുള്ള വാര്‍ത്താവിശേഷങ്ങള്‍ പ്രവാസികളായ നമുക്കും സമ്മാനിക്കുന്നത് ആവേശത്തിെൻറ ഉള്‍ത്തുടിപ്പുകളാണ്. ജനപക്ഷ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുനടത്തം സാധ്യമാകേണ്ടതുണ്ട്. ഏതുവിധേനയും അധികാരത്തിലെത്തുക എന്നതിനുമപ്പുറം ജനങ്ങള്‍ക്ക് സ്വൈര ജീവിതം നല്കുകയെന്നതിലേക്ക് മുന്നണികളുടെ അജണ്ടകള്‍ പുന$ക്രമീകരിക്കണം. നാടിനെ ഉല്പാദനപരമായ മേഖലയിലൂടെ നയിച്ച് സ്വയം പര്യാപ്തമാക്കുന്നതിന് ഭരണത്തിലേറുന്നവര്‍ക്ക് കഴിയണം. ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ നാടിന് നന്മ ചൊരിയാന്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും കഴിയുന്നതിലൂടെ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് സ്വസ്ഥ ജീവിതം സാധ്യമാകൂ.
വികസനം പ്രവാസികളിലൂടെ
കേരളത്തിെൻറ സമ്പദ് ഘടനയിൽ മുഖ്യപങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. നാട്ടിൽ സ്കൂളുകളും ആശുപത്രികളും ഉയരുേമ്പാൾ അതിനു പിന്നിൽ പ്രവാസികളുടെ വിയർപ്പുമുണ്ടെന്നോർക്കണം.
ഇനിയും നാടിെൻറ വികസനത്തിന് പ്രവാസികളുടെ പങ്കുണ്ടാവും.എന്നാൽ, സർക്കാറുകൾ പ്രവാസികളോട് ചെയ്യുന്നത് എന്താണ്. നാട്ടിലുള്ളവർക്ക് ഒരുനിയമം, പ്രവാസികൾക്ക് വേറൊരു നിയമം എന്നതാണ് സർക്കാർ നയം. ദുബൈയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ ഇവിടെയുള്ള ഭരണകൂടം പ്രവാസികൾക്ക് നൽകുന്ന കരുതൽ എന്താണെന്ന് നേരിട്ടറിഞ്ഞിട്ടുണ്ട്.
പ്രവാസിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ ഒരേ ചികിത്സയാണ് എല്ലാവർക്കും നൽകുന്നത്.എന്നാൽ, നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. അവർ പ്രവാസികളെ മാറ്റിനിർത്തുകയാണ്. ഇത് സങ്കടകരമാണ്. 18ാം വയസ്സിൽ വോട്ട് ചെയ്ത ശേഷം പിന്നീട് വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പ്രവാസികളെ രണ്ടാം പൗരന്മാരായി കാണുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. വോട്ട് ചെയ്യാൻ വേണ്ടി എല്ലാവരും നാട്ടിലേക്കൊഴുകിയാൽ അത് ബാധിക്കുന്നത് കേരളത്തിെല സാമ്പത്തിക സ്ഥിതിയെയാണ്. കുടുംബത്തെ വിട്ട് പ്രവാസലോകത്തെത്തിയവരെ പരിഗണിക്കുന്ന സർക്കാറാണ് ആവശ്യം.
ഗൾഫ് രാജ്യങ്ങളുടെ രീതി നാട്ടിലും നടപ്പാക്കണം
കാലാകാലങ്ങളായി കേരളത്തിലും കേന്ദ്രത്തിലും അധികാരത്തില്‍ വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. കേരളത്തെ സാരമായി ബാധിക്കുന്ന ഒരുപാട് വിഷയങ്ങള്‍ നിലനില്‍ക്കുമ്പോഴും അതൊന്നും ചര്‍ച്ചക്കു വരാതെ കക്ഷിരാഷ്ട്രീയക്കാരുടെ വിഴുപ്പലക്കലുകള്‍ മാത്രമാണ് ചര്‍ച്ചയാകുന്നത്. സമ്പൂര്‍ണ സാക്ഷരരെന്നു അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഇത് ഭൂഷണമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തി പ്രോത്സാഹനം നല്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ രീതി നമ്മുടെ നാട്ടിലും നടപ്പാക്കിയാല്‍ രാജ്യത്തിനു ഏറെ ഗുണം ചെയ്യും.
ഭരണമാറ്റം അനിവാര്യം
2020 മേയ് മുതൽ 2021 ജനുവരി വരെ 8.67 ലക്ഷം പ്രവാസികളാണ് കേരളത്തിൽ തിരിച്ചെത്തിയത്. ഇവരിൽ ഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങളിൽനിന്നും ഉള്ളവരാണ്.
ഇങ്ങനെ മടങ്ങി വന്നവരിൽ 5.5 ലക്ഷം വരുന്ന പ്രവാസികളും ജോലി നഷ്ടപ്പെട്ടവരോ മാസങ്ങളായി ശമ്പളം ലഭിക്കാത്തവരോ ആണ്. ഇവരുടെ പുനരധിവാസത്തിനുവേണ്ടി സർക്കാർ എന്തു ചെയ്തു. 1996ൽ രൂപവത്കരിച്ച നോർക്ക എന്ന സംവിധാനം കോവിഡ് കാലത്ത് നോക്കുകുത്തിയായി നിന്നു. 2008ൽ സാമ്പത്തിക മാന്ദ്യം, 2014ൽ നിതാഖാത്ത്, കഴിഞ്ഞ വർഷം കോവിഡ് എന്നിവ പ്രവാസികളുടെ നട്ടെല്ലൊടിച്ചു. പ്രവാസികൾ കൂട്ടമായി തിരിച്ചുവന്നപ്പോൾ നിസ്സഹായരായിനിന്ന സർക്കാർ ഇനിയും തുടരേണ്ടതുണ്ടോ എന്ന് പ്രവാസി സമൂഹം ചിന്തിക്കേണ്ടതുണ്ട്.
ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെ ഭരണമാറ്റം അനിവാര്യമാണ് എന്ന് എല്ലാവരേയും പോലെ ഞാൻ വിശ്വസിക്കുന്നു. യു.ഡി.എഫാണ് അടുത്ത അഞ്ച് വർഷം കേരളം ഭരിക്കേണ്ടത്.
തുടർഭരണം വരട്ടെ
ഇടതു സർക്കാറിെൻറ തുടർച്ച വേണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞകാലംകൊണ്ട് സർക്കാർ നടപ്പാക്കിയ വികസനങ്ങൾ നമ്മൾ എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്. പഴയ പ്രകടന പത്രികയിൽ പറഞ്ഞ ഏതാണ്ടെല്ലാം ചെയ്തതിനാൽ ഇപ്പോൾ പ്രഖ്യാപിച്ച പ്രകടന പത്രികയിലും വിശ്വാസം ഉണ്ട്. അത് നടന്നുകഴിഞ്ഞാൽ കേരളം ഇന്ത്യയിലെതന്നെ ഒന്നാമത്തെ സാമൂഹിക ആകർഷണ കേന്ദ്രം ആയി മാറും. ജീവിത നിലവാരം ഇനിയും ഉയരും. ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും.
പ്രവാസികൾക്ക് കൈത്താങ്ങായ സർക്കാർ
പ്രവാസികൾക്ക് കൈത്താങ്ങൊരുക്കിയ സർക്കാറാണ് ഇടതുപക്ഷം. കോവിഡ് മൂലം ബുദ്ധിമുട്ടിയ പ്രവാസികൾക്കായി ഇടതുസർക്കാർ 5000 രൂപ വീതം സാന്ത്വന, സമാശ്വാസ പരിപാടി ആവിഷ്കരിച്ചു. മാർച്ച് മാസം വരെ രണ്ടു ലക്ഷം പേർക്കാണ് ഇതിെൻറ സഹായം ലഭിച്ചത്. പ്രവാസികൾക്കായി നോർക്കയുടെ ഹെൽപ് ഡെസ്ക് രൂപവത്കരിച്ചു. ഇതു മുഖേന ഭക്ഷണവും സഹായവും എത്തിച്ചു. ചില വിദേശ രാജ്യങ്ങളിൽ മലയാളികൾക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സാഹചര്യത്തിൽ നോർക്ക ഇടപെട്ടു. 1996ൽ നായനാർ മുഖ്യമന്ത്രിയായ കാലത്താണ് നോർക്ക രൂപവത്കരിച്ചത്. 2006ൽ അധികാരത്തിൽ വന്ന വി.എസ് സർക്കാർ ചരിത്രത്തിൽ ആദ്യയി രണ്ടു ക്ഷേമനിധി ബോർഡ് സ്ഥാപിച്ചു. 2016ൽ അധികാരത്തിൽ വരുമ്പോൾ പ്രവാസികൾക്കായി ഇടതു സർക്കാർ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 26 കാര്യങ്ങളും നടപ്പിലാക്കി. 500 രൂപ പെൻഷൻ 2000മായി ഉയർത്തി. പിന്നീടത് 3000, 3500എന്നിങ്ങനെ വർധിപ്പിച്ചു. ഇനിയും വരേണ്ടത് പ്രവാസികളെ സഹായിക്കുന്ന സർക്കാറാണ്.
പ്രസംഗം മാത്രം പോര, പ്രവർത്തിച്ച് കാണിക്കണം
ഓരോ തെരഞ്ഞെടുപ്പ് വരുേമ്പാഴും പ്രസംഗവും പ്രകടന പത്രികകളുമായി പാർട്ടികൾ എത്തുന്നത് കാണാം. പക്ഷേ, ഒന്നും നടപ്പാക്കാറില്ലെന്നു മാത്രം.
കഴിഞ്ഞ ഇടതുസർക്കാറിെൻറ പ്രകടനപത്രികയിൽ 600ഓളം വാഗ്ദാനങ്ങളുണ്ടായിരുന്നു.
ഇതിൽ 100 പോലും പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. എന്നാൽ, നല്ലൊരു ശതമാനം പൂർത്തീകരിച്ചു എന്നത് അവരുടെ വിജയമായി കണക്കാക്കുന്നു. സാധാരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുപാർട്ടിക്കാരും തിരിഞ്ഞു നോക്കാറില്ല.
എന്നാൽ, ഓരോ വീട്ടുപടിക്കലും എത്തി ആ വീട്ടിലെ സാഹചര്യങ്ങൾ വിലയിരുത്താനും സഹായിക്കാനും ഈ സർക്കാർ മുൻകൈയെടുത്തു എന്നത് നേരനുഭവത്തിൽ നിന്ന് പറയുന്നതാണ്.
തെരഞ്ഞടുപ്പ് കഴിഞ്ഞാൽ പൗരത്വ നിയമവുമായി കേന്ദ്രം വീണ്ടും വരും.അത് നടപ്പാക്കില്ല എന്ന് ആർജവത്തോടെ പറയാൻ കഴിയുന്ന സർക്കാറാണ് ഇനി നാടിന് ആവശ്യം.പ്രവാസി വോട്ടവകാശത്തിനായി ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ല എന്നതും നിരാശജനകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.