കേരളോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറ്റം
text_fieldsദുബൈ: യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം-2022'ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈ ഖിസൈസിലെ ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകീട്ട് നാലു മുതലാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. ഇന്ത്യൻ കോൺസുലേറ്റ്, ദുബൈ സർക്കാർ പ്രതിനിധികളും പങ്കെടുക്കും. ലുലു എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ.
കേരളീയ കലാപൈതൃകവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഗ്രാമോത്സവം പ്രവാസ മണ്ണിൽ പുനരാവിഷ്കരിക്കുകയാണ് ഇതിലൂടെ. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരളോത്സവം വീണ്ടുമെത്തുന്നത്. ഗായിക പ്രസീത ചാലക്കുടി ആദ്യ ദിനം വേദിയിലെത്തും. നാടൻപാട്ടു ബാന്റായ 'കനലി'നൊപ്പം ഗായകൻ അതുൽ നറുകര രണ്ടാം ദിനവും വേദിയെ സമ്പന്നമാക്കും. 70ൽപരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ശിങ്കാരി-പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ വർണവിസ്മയമൊരുക്കും. സൈക്കിൾ യജ്ഞം, തെരുവു നാടകങ്ങൾ, കളരിപ്പയറ്റ്, പന്തംതിരി തുടങ്ങിയ നാടൻ കലാരൂപങ്ങൾ അരങ്ങേറും. വിവിധ സ്റ്റാളുകൾ, ഭക്ഷണ ശാലകൾ തുടങ്ങിയവയുണ്ടാകും.
സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേർന്ന് നടത്തുന്ന സംവാദങ്ങൾ, കവിത ആലാപനങ്ങൾ, പ്രശ്നോത്തരി, പുസ്തകശാല, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാൾവഴികളും ഉൾക്കൊള്ളുന്ന ചരിത്ര-പുരാവസ്തു പ്രദർശനങ്ങൾ എന്നിവ സദസ്യർക്കും പുതുതലമുറക്കും പുത്തൻ അനുഭവം പകർന്നു നൽകും. ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക പ്രദർശനം നടക്കും.നോർക്ക, പ്രവാസി ക്ഷേമനിധി, കെ.എസ്.എഫ്.ഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകൾ ഒരുക്കും.
കേരളോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറ്റം
ഇവന്റൈഡ്സ് ഇവന്റിന്റെ ബാനറിൽ ഒരുങ്ങുന്ന കേരളോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.സംഘാടക സമിതി ഭാരവാഹികളായ ഒ.വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, കെ.വി. സജീവൻ, സി.കെ. റിയാസ്, അനീഷ് മണ്ണാർക്കാട് എന്നിവർക്കൊപ്പം ലുലു എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രതിനിധികളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.